ടെക്‌സാസിൽ ബാച്ചിലറേറ്റ് പാർട്ടിക്കിടെ വധുവിനെ അതിക്രൂരമായി ആക്രമിച്ച് അപരിചിതൻ. ശനിയാഴ്ച ഡാളസ് ക്ലബ്ബിൽ നിന്ന് പാർട്ടി കഴിഞ്ഞ് പുറത്തുപോകുമ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
27 കാരിയായ കാനഡ റിനാൽഡിയ എന്ന യുവതിക്കാണ് വിവാഹത്തിന് മുൻപുള്ള പാർട്ടിക്കിടെ ഗുരുതരമായി പരിക്കേറ്റത്. റിനാൽഡിയയും സുഹൃത്തുക്കളും ഈസ്റ്റ് ഡാളസിലെ ഡീപ് എല്ലം ഏരിയയിലെ ഒരു ക്ലബിൽ നിന്ന് പുറത്തുപോകുമ്പോഴായിരുന്നു ഒരു അപരിചിതൻ അവളെ സമീപിക്കുകയും ബോധം നഷ്ടപെടുന്നതുവരെ അതിക്രൂരമായി ഉപദ്രവിക്കുകയും ചെയ്തത്.
കൃത്യം നടത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതി ഇപ്പോൾ ഒളിവിലാണ്. യുവതിയുടെ സുഹൃത്തുക്കളിൽ ഒരാളായ കെല്ലി പെരാൾട്ട എന്ന യുവതി അക്രമം തടയാൻ ശ്രമിച്ചെങ്കിലും അക്രമി യുവതിയെയും മർദ്ദിക്കുകയായിരുന്നു. സമീപത്തെ റൈഡ് ഷെയർ ഡ്രൈവറാണ് സംഭവത്തിന്റെ ഡാഷ്‌ക്യാം വീഡിയോ പകർത്തിയത്.
അക്രമണത്തിൽ പരിക്കേറ്റ റിനാൾഡിയെ ചികിത്സയ്ക്കായി നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആക്രമണത്തിൽ റിനാൽഡിയയുടെ തലക്കും, മൂക്കിനും, പല്ലുകൾക്കും പരിക്കേറ്റിട്ടുണ്ട്. മുഖത്ത് എട്ട് തുന്നലുകൾ ആവശ്യമായി വന്നതായും അധികൃതർ പറഞ്ഞു. ആക്രമണം നടന്നതായി വിശ്വസിക്കാൻ തനിക്ക് കഴിയുന്നില്ലെന്നാണ് യുവതി ഔട്ട്‌ലെറ്റിനോട് പ്രതികരിച്ചത്.
സംഭവത്തിന് പിന്നാലെ മെഡിക്കൽ ചെലവുകൾക്കായി $10,000 ഫണ്ട് സ്വരൂപിക്കാൻ സഹായിക്കുന്നതിന് റിനാൽഡിയയുടെ സുഹൃത്തുക്കൾ ഒരു GoFundMe പേജ് ആരംഭിച്ചു. എന്നാൽ $15,000 ലക്ഷ്യത്തിൽ നിന്ന് $10,000 മാത്രമാണ് പേജ് സമാഹരിച്ചത്. വർദ്ധിച്ചുവരുന്ന ചികിത്സാ ചെലവുകൾ കാരണം സുഹൃത്തുക്കൾ കൂടുതൽ ഫണ്ട് പിരിക്കാനുള്ള ശ്രമത്തിലാണ്.
തന്നെ ആക്രമിച്ച ആൾ പിടിക്കപ്പെടുമെന്ന് റിനാൽഡി പ്രതീക്ഷിക്കുന്നു. എന്നാൽ തന്റെ കല്യാണം ആസൂത്രണം ചെയ്യാൻ തനിക്ക് ഇനി ആവേശമില്ലെന്നും അവൾ പറയുന്നു. ആക്രമണത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഡാലസ് പോലീസ് ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെടാൻ അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.