Oddly News

23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന് കര്‍ഷകനെ കണ്ടെത്തി; ശരീരം മുഴുവന്‍ ഒടിഞ്ഞുനുറുങ്ങിയ നിലയില്‍

ശരീരം മുഴുവന്‍ ഒടിഞ്ഞുനുറുങ്ങിയ നിലയില്‍ കര്‍ഷകനെ 23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന് കണ്ടെത്തി. കര്‍ഷകനെ വിഴുങ്ങിയ പാമ്പിന്റെ വയറുകീറിയായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ ഇയാളെ പുറത്തെടുത്തത്. ഇന്തോനേഷ്യയില്‍ മൂന്ന് കുട്ടികളുടെ പിതാവായ പെക്കോ എന്ന 30 കാരനെയാണ് പെരുമ്പാമ്പിന്റെ വയറുകീറി പുറത്തെടുത്തത്.

സബ്ബാങ് ജില്ലയിലെ മാലിംബു ഗ്രാമത്തില്‍ നടന്ന സംഭവം നടന്നത്. ബ്രൗണ്‍ ഷുഗര്‍ ഉണ്ടാക്കുന്നതിനായി സ്രവം ശേഖരിക്കാന്‍ ചൊവ്വാഴ്ച സന്ധ്യയ്ക്ക് ഈന്തപ്പനത്തോട്ടത്തിലേക്ക് പോയപ്പോഴായിരുന്നു നോര്‍ത്ത് ലുവു റീജന്‍സിയില്‍ വെച്ച് പെരുമ്പാമ്പ് അയാളെ പിടിച്ചത്. ഭീമാകാരമായ പാമ്പ് മനുഷ്യനെ ചുറ്റിവരിഞ്ഞ് എല്ലെല്ലാം നുറുക്കി ശ്വാസംമുട്ടിച്ച് ചതച്ച് കൊല്ലുകയായിരുന്നു. 5 അടി 3 ഇഞ്ച് ഉയരമുള്ള മനുഷ്യന്റെ താടിയെല്ലുകള്‍ സ്ഥാനം തെറ്റിപ്പോയിരുന്നു.

രാത്രിയായിട്ടും ഇയാളെ കാണാതെ വന്നതിനെ തുടര്‍ന്ന് ആശങ്കാകുലനായ പെക്കോയുടെ ഭാര്യാസഹോദരന്‍ വാവാന്‍ ബന്ധുവിനെ തേടി പുറപ്പെടുകയും വയര്‍ വീര്‍ത്ത നിലയില്‍ പാമ്പിനെ കണ്ടെത്തുകയായിരുന്നു. അര്‍ദ്ധരാത്രിക്ക് തൊട്ടുമുമ്പ് ഈന്തപ്പനത്തോട്ടത്തില്‍ എത്തിയ നാട്ടുകാര്‍ ചേര്‍ന്ന് പെരുമ്പാമ്പിന്റെ വയര്‍ വെട്ടികീറി പെക്കോയുടെ മൃതദേഹം പുറത്തെടുത്തു.

സംഭവസ്ഥലത്തെത്തിയ പോലീസ് പെരുമ്പാമ്പാണ് പെക്കോയെ കൊന്നതെന്ന് സ്ഥിരീകരിച്ചു. മരണത്തില്‍ സംശയമില്ലെന്നും അവര്‍ പറഞ്ഞു. പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന് ഇരയുടെ മൃതദേഹം പുറത്തെടുത്ത ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. തെക്കുകിഴക്കന്‍ ഏഷ്യയിലെ ഒരു വലിയ ദ്വീപസമൂഹമായ ഇന്തോനേഷ്യ ലോകത്തിലെ ഏറ്റവും വലിയ പെരുമ്പാമ്പുകളുടെയും മുതലകളുടെയും ആവാസ കേന്ദ്രമാണ്.

മനുഷ്യസ്പര്‍ശമേല്‍ക്കാത്ത വനപ്രദേശങ്ങളിലെ പരന്നുകിടക്കുന്ന പ്രദേശങ്ങള്‍ പാമ്പുകളുടെ താവളമാണ്. എന്നാല്‍ ഈ പ്രദേശങ്ങള്‍ക്കടുത്ത് ഈന്തപ്പന, റബ്ബര്‍ തോട്ടങ്ങള്‍ വര്‍ധിച്ചതിനാല്‍ സമീപ വര്‍ഷങ്ങളില്‍ മനുഷ്യര്‍ക്കെതിരായ ആക്രമണങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പന പഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്തോനേഷ്യ, ഈന്തപ്പനകളുടെ സ്രവത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ പ്രകൃതിദത്ത മധുരമാണ് ഈന്തപ്പന പഞ്ചസാര.