Good News

അടയിരിക്കുന്ന പങ്കാളിക്ക് മാസങ്ങളായി ഭക്ഷണം നൽകുന്ന ആൺവേഴാമ്പൽ- ഹൃദയംതൊടുന്ന വീഡിയോ

ജീവിതത്തിലെ സന്തോഷത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും ഒരു നല്ല ജീവിത പങ്കാളി കൈത്താങ്ങാകാറുണ്ട്. എന്നാൽ ഇത് മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല മനുഷ്യരേക്കാൾ ഏറെ പങ്കാളികളുമായി ആത്മബന്ധം പുലർത്തുന്ന ഒട്ടേറെ ജീവികൾ നമുക്ക് ചുറ്റുമുണ്ട്. അവയിലൊന്നാണ് മലമുഴക്കി വേഴാമ്പൽ. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് ഇണയോട് വളരെ അധികം ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന വേഴാമ്പലിന്റെ ഒരു വിഡിയോയാണ് .

ഐഎഫ്‌എസ് ഓഫീസർ പർവീൺ കസ്വാൻ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ, ആൺ വേഴാമ്പൽ ഒരു കഷ്ണം പഴം ചുമന്നു കൊണ്ട് ഒരു മരത്തിന്റെ പൊത്തിനുള്ളിൽ കൂടുകൂട്ടിയ പെൺവേഴാമ്പലിന് നൽകുന്നതാണ് കാണാൻ സാധിക്കുന്നത് .’ഇന്ന് നിങ്ങൾ കാണുന്ന ഏറ്റവും മനോഹരമായ കാര്യം. കൂടിനുള്ളിൽ ഇരിക്കുന്ന പെൺ വേഴാമ്പലിന് ഭക്ഷണം കൊടുക്കുന്നത് ആൺ വേഴാമ്പൽ. മാസങ്ങളോളം ആൺവേഴാമ്പൽ ഇത് ചെയ്യും’- പർവീൺ കസ്വാൻ അടിക്കുറിപ്പോടെയാണ് അദ്ദേഹം ആ മനോഹരമായ വീഡിയോ പങ്കുവച്ചത് .

വേഴാമ്പലുകൾ പൊതുവെ ഏകഭാര്യത്വമുള്ളവയാണ്. ഇവ പങ്കാളിക്കൊപ്പം ദീർഘകാലം ചിലവിടും. ഈ പക്ഷികൾ എങ്ങനെ കൂടുണ്ടാക്കുകയും കുട്ടികളെ പരിപാലിക്കുകയും ചെയ്യുന്നുവെന്നും പർവീൺ കസ്വാൻ വിവരിക്കുന്നുണ്ട് . പെൺ വേഴാമ്പൽ ഒരു കൂട് തിരഞ്ഞെടുക്കുകയും മാസങ്ങളോളം അതിനുള്ളിൽ കയറി പുറത്തേക്കിറങ്ങാനാകാത്ത വിധം അടയ്ക്കുകയും ചെയ്യുന്നുവെന്ന് കസ്വാൻ സൂചിപ്പിച്ചു. 3-4 മാസത്തേക്ക്, ആൺ വേഴാമ്പലിന്റെ ജോലി പങ്കാളിക്ക് ഭക്ഷണം എത്തിക്കുക എന്നതാണ്. കുഞ്ഞുങ്ങൾ വിരിഞ്ഞതിനുശേഷം, ആൺ പക്ഷി പെൺപക്ഷികൾക്കും മക്കൾക്കും ഭക്ഷണം നൽകുന്നതിനായി കൂടുതൽ യാത്രകൾ നടത്തും.ആൺ വേഴാമ്പലിന്റെ കരുതലിന് എന്നും കയ്യടി നേടാറുണ്ട് .