Oddly News

കാലിഫോര്‍ണിയയില്‍ വീടില്ലാത്തവര്‍ നദിക്കരയിലെ ഭൂഗര്‍ഭ ഗുഹകളില്‍; ഉള്ളില്‍ മേശയും കിടക്കയും മയക്കുമരുന്നും

അതിസമ്പന്നരായ ആളുകള്‍ താമസിക്കുന്ന ലോകത്തെ ഏറ്റവും സമ്പന്നരുടെ നാട്ടില്‍ വീടില്ലാത്തവര്‍ താമസിക്കുന്നത് ഗുഹകളില്‍. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് ഗുഹകള്‍. ഭവനരഹിതരായ നിരവധി ആളുകളാണ് ഇത്തരം ഗുഹകളില്‍ താമസിക്കുന്നത്. 20 അടി താഴ്ചയുള്ള ഭൂഗര്‍ഭ ഗുഹകള്‍ മൊഡെസ്റ്റോയിലെ ടുവോലൂംനെ നദിക്കരയില്‍ നിര്‍മ്മിച്ചതാണ്.

മലഞ്ചെരുവില്‍ കൊത്തിയെടുത്ത താത്കാലിക പടികള്‍ ഉപയോഗിച്ച് ഒരാള്‍ക്ക് അവയിലേക്ക് പ്രവേശിക്കാം. പ്രാദേശിക സന്നദ്ധ വോളണ്ടിയര്‍ മാരുമായി കഴിഞ്ഞ ദിവസം വാരാന്ത്യത്തില്‍ ഇവിടെ വൃത്തിയാക്കാന്‍ എത്തിയ മോഡെസ്‌റ്റോ പോലീസ് ഡിപ്പാര്‍ട്ടമെന്റ് (എംപിഡി) ഇതിനുള്ളില്‍ നിന്നും ഫര്‍ണീച്ചറുകളും മറ്റ് സാമഗ്രികളും കണ്ടു ഞെട്ടി. ഇവര്‍ ടുലൂംനെ നദിയുടെ പരിസരത്ത്, പ്രത്യേകിച്ച് ക്രേറ്റര്‍ അവന്യൂവിലും ഡാളസ് സ്ട്രീറ്റിലും സംയുക്ത ശുചീകരണ പ്രവര്‍ത്തനം നടത്തുകയും ചെയ്തു.

”ഈ പ്രത്യേക പ്രദേശം അലഞ്ഞുതിരിയലുകാരുടെ അനധികൃത ക്യാമ്പുകളായി മാറിയിരിക്കുന്നു. ഈ ക്യാമ്പുകള്‍ യഥാര്‍ത്ഥത്തില്‍ നദീതീരത്ത് കുഴിച്ച ഗുഹകളാണെന്ന വസ്തുത ആശങ്കകള്‍ ഉയര്‍ത്തുന്നതാണ് ” എന്ന് മോഡെസ്റ്റോ പോലീസ് വകുപ്പ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അതേസമയം ഈ പ്രശ്‌നം പരിഹരിക്കാന്‍, എംപിഡിയുടെ യുടെ ഹാര്‍ട്ട് ടീമിലെ അംഗങ്ങള്‍, പാര്‍ക്ക് റേഞ്ചേഴ്‌സ്, ചാറ്റ്, അബേറ്റ്‌മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പം ഈ ഗുഹകളിലും വീടില്ലാത്ത ക്യാമ്പുകളിലും താമസിക്കുന്ന വ്യക്തികളെ അടുത്ത ആഴ്ചയില്‍ നടക്കാനിരിക്കുന്ന ശുചീകരണ പ്രവര്‍ത്തനത്തെക്കുറിച്ച് അറിയിച്ചിട്ടുണ്ട്.

ഗുഹയില്‍ കണ്ടെത്തിയവയില്‍ മേശ, സാധനങ്ങള്‍ നിറച്ച പെട്ടികള്‍, ഭക്ഷണവും പലവ്യഞ്ജനങ്ങളും അടങ്ങിയ ചില അലമാരകള്‍ എന്നിവ ഉള്‍പ്പെടുന്നു. ചില ഗുഹകള്‍ പൂര്‍ണ്ണമായും കിടക്കകളാല്‍ സജ്ജീകരിച്ചിരിക്കുന്നു, കൂടാതെ മയക്കുമരുന്നും മറ്റ് നിരോധിത വസ്തുക്കളും ഉണ്ടായിരുന്നു. കുപ്പികളും സാധനങ്ങളും തൂങ്ങിക്കിടക്കുന്ന ചുമരിലെ കൊളുത്തുകളും ഇതിലുണ്ടായിരുന്നു.

കുന്നിന്റെ മുകളിലേക്കും പുറത്തേക്കും കൊണ്ടുവരുന്നതിന്റെയും കൊണ്ടുപോകുന്നതിന്റെയും ബുദ്ധിമുട്ടുകള്‍ കണക്കാക്കുമ്പോള്‍ അവര്‍ എങ്ങനെയാണ് ഇത്രയധികം സാധനങ്ങള്‍ അവിടെ എത്തിച്ചതെന്ന് മനസിലാക്കാന്‍ കഴിയുന്നില്ലെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ പറയുന്നു.