Hollywood

ഹോളിവുഡില്‍ തിരക്കഥാകൃത്തുക്കളുടെ സമരം അവസാനിക്കുന്നു ; ബുധനാഴ്ച മുതല്‍ ജോലിക്ക് കയറും

അഞ്ചുമാസം നീണ്ടു നിന്ന ശേഷം സമരം അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് റൈറ്റേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്ക ചൊവ്വാഴ്ച രാത്രിയില്‍ പ്രഖ്യാപിച്ചു. മൂന്ന് വര്‍ഷത്തെ കരാര്‍ എന്ന തങ്ങളുടെ ഡിമാന്റ് ഹോളീവുഡ് സ്റ്റുഡിയോകള്‍ അംഗീകരിച്ച സാഹചര്യത്തില്‍ ബുധനാഴ്ച മുതല്‍ തങ്ങളുടെ ജീവനക്കാര്‍ ജോലിക്ക് കയറുമെന്ന് യൂണിയന്‍ വ്യക്തമാക്കി.

അതേസമയം തിരക്കഥാ കൃത്തുകള്‍ ജോലിക്ക് തിരിച്ചുകയറുമെങ്കിലും ടെലിവിഷന്‍ സിനിമാ രംഗത്തെ അഭിനേതാക്കളുടെ സംഘടനയായ സ്‌ക്രീന്‍ ആക്‌ടേഴ്‌സ് ഗില്‍ഡ് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് റേഡിയോ ആന്റ് ടെലിവിഷന്‍ ആര്‍ടിസ്റ്റ് (സാഗ് – ആഫ്ട്ര) സമരം തുടരും. ഇവരുമായി ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ല. സമരം അവസാനിപ്പിച്ച സാഹചര്യത്തില്‍ ടെലിവിഷനിലെ ടോക്‌ഷോ ആയിരിക്കും ആദ്യം തുടങ്ങുക. 11,000 ഓളം വരുന്ന ആള്‍ക്കാരാണ് സമരം അവസാനിച്ചതോടെ ജോലിയില്‍ തിരികെ പ്രവേശിക്കുക.

നേരത്തേ സമരത്തിനിടയില്‍ തന്റെ ടോക്‌ഷോ പുനരാരംഭിക്കാന്‍ നടി ഡ്രൂ ബാരിമോര്‍ ആലോചന നടത്തിയിരുന്നു. എന്നാല്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ഇവര്‍ ആ നീക്കം മാറ്റി വെയ്ക്കുകയും ചെയ്തിരുന്നു.

എഴുത്തുകാരുടെ ക്രെഡിറ്റിനെ താഴ്ത്തിക്കെട്ടുന്ന രീതിയില്‍ എഐ ഉപയോഗിക്കാന്‍ പാടില്ല. സ്‌ക്രിപ്റ്റില്‍ രേഖപ്പെടുത്തിയാല്‍ മാത്രം എഐ ഉപയോഗിക്കുക. ഇതിനായി തിരക്കഥാകൃത്തുകളെ നിര്‍ബ്ബന്ധിക്കാന്‍ പാടില്ല. എഐ യോ അതുമായി ബന്ധപ്പെട്ടതോ ആയ മെറ്റീരിയലുകള്‍ ഉപയോഗിച്ചാല്‍ അത് എഴുത്തുകാരെ അറിയിക്കുക തുടങ്ങിയ നിബന്ധനകളാണ് എഴുത്തുകാര്‍ വെച്ചിട്ടുള്ളത്.