പത്തനംതിട്ട: മഴ മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തില്‍ ജില്ലയില്‍ ഇന്നലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് ജില്ലാ കലക്‌ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. ഓറഞ്ച് അലെര്‍ട്ടിന്റെ പശ്‌ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ചത് കണ്ട് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഞെട്ടി. യഥാര്‍ഥത്തില്‍ അവധി പ്രഖ്യാപിച്ചത് രാഷ്‌ട്രപതിയുടെ ശബരിമല സന്ദര്‍ശനം ലക്ഷ്യമിട്ടായിരുന്നു. 21 ന് വൈകിട്ടാണ് പ്രമാടത്താണ് രാഷ്‌ട്രപതി ഹെലികോപ്‌ടര്‍ ഇറങ്ങുന്നത് എന്ന് തീരുമാനിച്ചത്.
രാവിലെ എട്ടരയോടെ ഇവിടെ വന്നിറങ്ങിയ ശേഷം പുനലൂര്‍-മൂവാറ്റുപുഴ സംസ്‌ഥാന പാതയിലൂടെ മണ്ണാറക്കുളഞ്ഞിയിലെത്തി വടശേരിക്കര, പെരുനാട്, ളാഹ, നിലയ്‌ക്കല്‍ വഴിയാണ് പമ്പയിലേക്ക് രാഷ്‌ട്രപതിയുടെ വാഹനവ്യൂഹം കടന്നു പോകേണ്ടത്. സ്‌കൂള്‍-കോളജ് സമയത്ത് വാഹനവ്യൂഹം കടന്നു പോകുമ്പോള്‍ റോഡില്‍ വാഹനങ്ങളുടെ തിരക്ക് ഉണ്ടാകുന്നത് സുരക്ഷയെ ബാധിക്കും. റോഡ് വിജനമാക്കിയതിന് ശേഷമാണ് രാഷ്‌ട്രപതിയുടെ കോണ്‍വോയ് പുറപ്പെട്ടത്.
റോഡില്‍ സ്‌കൂള്‍ ബസുകള്‍ അടക്കമുള്ളവയുടെ തിരക്ക് ഒഴിവാക്കാന്‍ വേണ്ടിയാണ് വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് അവധി കൊടുത്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കലക്‌ടറെ സാമൂഹിക മാധ്യമങ്ങളില്‍ നാട്ടുകാര്‍ ട്രോളുകളും ചെയ്‌തു. അത്ര ശക്‌തമല്ലാത്ത മഴയാണ് ഇടവിട്ട് പെയ്‌തത്.




