Featured Sports

ഇന്ത്യന്‍ ഹോക്കിയില്‍ നിന്നും വിട്ടു നില്‍ക്കാനാകില്ല ; വിരമിച്ച ശ്രീജേഷ് മടങ്ങിവരുന്നു

ഒളിമ്പിക്‌സ് വെങ്കലത്തോടെ ഇന്ത്യന്‍ ഹോക്കിയില്‍ നിന്നും വിരമിച്ച ഇതിഹാസതാരം പി.ആര്‍. ശ്രീജേഷ് ഹോക്കി തിരിച്ചുവരുന്നു. പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന ഹോക്കി ഇന്ത്യാ ലീഗില്‍ ഡല്‍ഹി എസ്ജി പൈപ്പേഴ്‌സിന്റെ ഡയറക്ടറും ഉപദേശകനുമായിട്ടാണ് ശ്രീജേഷ് എത്തുന്നത്. ഡല്‍ഹിയുടെ പുരുഷ വനിതാ ടീമുകളുടെ പരിശീലകര്‍ക്കൊപ്പം ശ്രീജേഷ് ജോലി ചെയ്യും.

ടെന്നീസ് ഇതിഹാസം മഹേഷ് ഭൂപതി സിഇഒ ആയ എപിഎല്‍ അപ്പോളോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഡല്‍ഹി ടീം. ടീമിന്റെ ലോഞ്ചിംഗ് ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്. അതേസമയം ഡിസംബര്‍ 28 ന് ആരംഭിക്കുന്ന പ്രഥമ ഹോക്കി ഇന്ത്യ ലീഗില്‍ കളിക്കാരനായി മടങ്ങിവരില്ലെന്ന് ശ്രീജേഷ് ചടങ്ങില്‍ സ്ഥിരീകരിച്ചു. ഒളിമ്പിക് മെഡലിന്റെ ഉയര്‍ന്ന നേട്ടത്തോടെ തന്റെ കളിദിനങ്ങള്‍ അവസാനിക്കണം എന്നും ശ്രീജേഷ് പറഞ്ഞു. ഈ മാസം ആദ്യം എച്ച്‌ഐഎല്ലിന്റെ കളിക്കാരുടെ ലേലത്തില്‍ നിന്ന് ശ്രീജേഷ് പിന്മാറി.

തന്റെ തീരുമാനം ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിര്‍കിയെ അറിയിച്ചു. ഡല്‍ഹി എസ്ജി പൈപ്പേഴ്സിന്റെ മെന്ററായി ശ്രീജേഷ് എത്തുന്നതോടെ പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായി പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ കോച്ച് ഗ്രഹാം റീഡുമായി ശ്രീജേഷ് വീണ്ടും ഒന്നിക്കും. തന്റെ രണ്ടാം ഒളിമ്പിക് മെഡല്‍ – പാരീസിലെ പുരുഷ ഹോക്കി ടീമിനൊപ്പം വെങ്കലം നേടിയതിന് ശേഷം ശ്രീജേഷ് മത്സര ഹോക്കിയില്‍ നിന്ന് വിരമിച്ചു. ടൂര്‍ണമെന്റിന്റെ പുരുഷന്മാരുടെ ലെഗ് റൂര്‍ക്കേലയിലും വനിതാ ടൂര്‍ണമെന്റിന് റാഞ്ചിയും ആതിഥേയത്വം വഹിക്കും. ഒക്ടോബര്‍ 13 മുതല്‍ 15 വരെ ന്യൂഡല്‍ഹിയിലാണ് എച്ച്‌ഐഎല്ലിന്റെ താരലേലം.