Crime

ചികിത്സയ്ക്കിടെ യുവതിയെ ബലാത്സംഗം ചെയ്തു; ഹിമാചൽ പ്രദേശ് BJP അധ്യക്ഷന്റെ സഹോദരൻ 81-കാരന്‍ അറസ്റ്റിൽ

ഷിംല ∙ ഹിമാചൽ പ്രദേശ് ബിജെപി മേധാവി രാജീവ് ബിന്ദലിന്റെ മൂത്ത സഹോദരൻ രാംകുമാർ ബിന്ദൽ ബലാത്സംഗ കേസിൽ അറസ്റ്റിൽ. ആയുർവേദ ഡോക്ടറായ രാംകുമാർ (81) അസുഖം ചികിത്സിച്ച് ഭേദമാക്കാമെന്ന് പറഞ്ഞ് വൈദ്യപരിശോധനയ്ക്കിടെ തന്നെ പീഡിപ്പിച്ചതായാണ് 25 വയസ്സുകാരിയായ യുവതിയുടെ ആരോപണം. രാംകുമാറിന്റെ അടുത്ത് പരിശോധനയ്ക്കെത്തിയ യുവതിയുടെ കൈകളിൽ അദ്ദേഹം സ്പർശിച്ച ശേഷം ലൈംഗിക പ്രശ്നങ്ങളുണ്ടോയെന്ന് ചോദിച്ചു.

സ്ത്രീ തന്റെ അസുഖം വിശദീകരിച്ചപ്പോൾ, നൂറു ശതമാനം സുഖപ്പെടുത്തുമെന്നായിരുന്നു രാംകുമാറിന്റെ ഉറപ്പ്. പരിശോധനയ്ക്കിടെ, പ്രതി യുവതിയുടെ സ്വകാര്യ ഭാഗങ്ങൾ പരിശോധിക്കാൻ താൽപര്യം പ്രകടിപ്പിച്ചെങ്കിലും അവര്‍ നിരസിച്ചു. എന്നാൽ, പരിശോധിക്കാനെന്ന വ്യാജേന പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി. യുവതി എതിർക്കുകയും നിലവിളിക്കുകയും ചെയ്തതോടെ രാംകുമാർ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുക ആയിരുന്നു. തുടർന്ന് പൊലീസിനെ സമീപിച്ച യുവതി രാം കുമാറിനെതിരെ കേസ് ഫയൽ ചെയ്തു.

അതേസമയം, കേസ് രാഷ്ട്രീയ പ്രേരിതവും ഗൂഢാലോചനയുടെ” ഭാഗവുമാണെന്ന് രാജീവ് ബിന്ദൽ ആരോപിച്ചു. തന്റെ സഹോദരന് പേരക്കുട്ടികളുണ്ട് – അവരിൽ ഒരാൾ ഐപിഎസ് ഉദ്യോഗസ്ഥനാണ് – സംസ്ഥാനത്തെ വളരെ ആദരണീയനായ ഒരു ആയുർവേദ ഡോക്ടറാണെന്ന് രാജീവ് അവകാശപ്പെട്ടു.

“ആരോപണങ്ങൾ ഞങ്ങളുടെ കുടുംബത്തെ വളരെയധികം അസ്വസ്ഥരാക്കുന്നു. പോലീസ് തിടുക്കത്തിൽ പ്രവർത്തിച്ചു; ചില ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം അദ്ദേഹത്തെ എങ്ങനെ അറസ്റ്റ് ചെയ്തുവെന്ന് എനിക്ക് മനസ്സിലാകുന്നില്ല,” അദ്ദേഹം പറഞ്ഞു.

ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തുകയും കുറ്റകൃത്യം നടന്ന സ്ഥലം ഫൊറൻസിക് സംഘം അന്വേഷിക്കുകയും ചെയ്തു. വിഷയത്തിൽ നിഷ്പക്ഷമായും അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. സാങ്കേതിക തെളിവുകൾ വിശകലനം ചെയ്താണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു