Movie News

പ്രഭാസിന്റെ കല്‍ക്കിയില്‍ റിലീസിന് മുമ്പ് വീണ്ടും ട്വിസ്റ്റ് ; സിനിമയില്‍ താരപുത്രനായ മലയാളി ഹീറോ

ഇപ്പോള്‍ സിനിമാവേദിയിലെ ചര്‍ച്ചകളത്രയും പ്രഭാസിന്റെ ബ്രഹ്മാണ്ഡചിത്രം ‘കല്‍ക്കി’ യെക്കുറിച്ചാണ്. ബോളിവുഡിലെയും സൗത്ത് ഇന്ത്യയിലെയും വന്‍കിടതാരങ്ങള്‍ അണിനിരക്കുന്ന ചിത്രം റിലീസാകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ സിനിമയുടെ മറ്റൊരു സസ്‌പെന്‍സ് പൊളിച്ചിരിക്കുകയാണ് നായകന്‍ പ്രഭാസ്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് പ്രഭാസ് നായകനാകുന്ന ‘കല്‍ക്കി 2898 എ.ഡി’ യില്‍ ഒരു വന്‍ സര്‍പ്രൈസ് ഒളിപ്പിച്ചിരിക്കുകയാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും വിലയേറിയതാരവും സംവിധായകനും.

നടന്‍ പ്രഭാസ് രണ്ടു പ്രമുഖ തെന്നിന്ത്യന്‍ നടന്‍ന്മാര്‍ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയതോടെയാണ് സസ്‌പെന്‍സ് പൊളിഞ്ഞത്. ദീപികാ പദുക്കോണും ദിഷാ പഠാണിയും നായികമാരാകുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയില്‍ കമല്‍ഹാസന്‍ അഭിനയിക്കുന്ന വിവരം ഇതുവരെ സിനിമയുടെ അണിയറക്കാര്‍ എല്ലാം രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ തെന്നിന്ത്യന്‍ സിനിമാവേദിയിലെ രണ്ടു താരങ്ങള്‍ക്ക് കൂടി നന്ദി പറഞ്ഞിരിക്കുകയാണ് പ്രഭാസ്

‘നിങ്ങള്‍ ഈ ചിത്രത്തെ വമ്പനാക്കി മാറ്റാന്‍ സഹായിച്ചതിന് നന്ദി’ എന്നായിരുന്നു താരത്തിന്റെ കുറിപ്പ്. സിനിമയുടെ ഭാഗമായ മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാനും തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ടായ്ക്കുമാണ് നടന്‍ നന്ദി പറഞ്ഞത്. ഇരുവരും ഈ സിനിമയില്‍ എങ്ങിനെയാണ് ഭാഗമായിരിക്കുന്നതെന്ന് വ്യക്തമല്ല. പക്ഷേ സിനിമയില്‍ ഇരുവരും അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നാണ് വിവരം.