Crime Featured

മതം, പേര്, രൂപം എല്ലാം മാറ്റി, സഹോദരനെ കൊന്ന് 36 വര്‍ഷം ഒളിവില്‍; ഒടുവില്‍ അഴിക്കുള്ളില്‍…

ലഖ്‌നൗ: നാല് പതിറ്റാണ്ട് മുമ്പ് ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നുള്ള പ്രദീപ് സക്‌സേന സഹോദരനെ കൊലപ്പെടുത്തിയതിനു ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടശേഷം പോലീസ് വലയില്‍നിന്നു രക്ഷപ്പെട്ടു. പിന്നീട് മതം, പേര്, രൂപം എന്നിവയൊക്കെ മാറ്റി. പക്ഷേ, നിയമം സക്‌സേനയെ വെറുതേവിട്ടില്ല…

സക്‌സേന കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത് 1987-ല്‍ ആണ്. ശിക്ഷയ്ക്കിടെ പരോളിലിറങ്ങിയ ഇയാള്‍ പിന്നീട് മുങ്ങി. 100 കിലോമീറ്റര്‍ അകലെയുള്ള മൊറാദാബാദിലേക്ക് ഒളിച്ചോടി. അവിടെ പുതിയൊരു അവതാരപ്പിറവിയെടുത്തു. പേര് അബ്ദുള്‍ റഹീം എന്നാക്കി. താടി വളര്‍ത്തി. ഡ്രൈവറായി ജോലി തുടങ്ങി. പതിറ്റാണ്ടുകള്‍ കടന്നുപോയി. അബ്ദുള്‍ ആയി മാറിയ സക്‌സേന തന്റെ ഭൂതകാലം തന്നെ മറന്നു. പക്ഷേ, നിയമത്തിന് അതിന്റേതായ വഴിയുണ്ടായിരുന്നു.

ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 16ന് അലഹബാദ് ഹൈക്കോടതി നാല് ആഴ്ചയ്ക്കുള്ളില്‍ സക്‌സേനയെ ഹാജരാക്കാന്‍ പോലീസിനോട് ഉത്തരവിട്ടു. പോലീസ് കേസ് ഫയലുകള്‍ വീണ്ടും പൊടിതട്ടിയെടുത്തു. കാണാതായ പ്രതിയെ കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചു. ബറേലിയില്‍ താമസിക്കുന്ന സക്‌സേനയുടെ സഹോദരന്‍ സുരേഷിനെ പോലീസ് ബന്ധപ്പെട്ടപ്പോഴാണ് കുറ്റവാളിയുടെ വേഷപ്പകര്‍ച്ച പോലീസ് അറിയുന്നത്. പഴയ കേസ് പോലീസ് തന്നെ മറന്നിട്ടുണ്ടാകുമെന്ന ആത്മവിശ്വാസത്തോടെ സക്‌സേന ജോലിക്കായി ബറേലിയില്‍ ഉള്‍പ്പെടെ വന്നതായി പോലീസ് മനസ്സിലാക്കി.
ഒടുവില്‍, അയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ചോദ്യം ചെയ്യലില്‍, താന്‍ പ്രദീപ് കുമാര്‍ സക്‌സേനയാണെന്നും 1989-ല്‍ പരോള്‍ ലഭിച്ചതാണെന്നും അയാള്‍ സമ്മതിച്ചു. മൊറാദാബാദില്‍ മുസ്ലീം സ്ത്രീയെ വിവാഹം കഴിച്ച് സക്‌സേന അവിടെ താമസിച്ചുവരികയായിരുന്നെന്ന് പോലീസ് വ്യക്തമാക്കുന്നു.