Sports

ക്ലാസ് ഇന്നിംഗ്സുമായി ക്ലാസന്‍, സെഞ്ചുറിയനില്‍ അതിവേഗ സെഞ്ച്വറി; കപിലിനെ മറികടക്കാനായില്ല

അപ്രതീക്ഷിതമായിട്ടാണ് കളിയെ മാറ്റിമറിക്കുന്ന ഈ രീതിയിലുള്ള പ്രകടനങ്ങള്‍ ക്രിക്കറ്റില്‍ സംഭവിക്കാറ്. 1983 ലോകകപ്പില്‍ കപില്‍ദേവ് സിംബാബ്വേയ്ക്ക് എതിരേ നടത്തിയത് പോലെയുള്ള ഒരു ബാറ്റിംഗ് പ്രകടനമാണ് കഴിഞ്ഞ ദിവസം ഓസ്ട്രേലിയയ്ക്ക് എതിരേ ദക്ഷിണാഫ്രിക്കയുടെ ഹെന്റിക് ക്ലാസന്‍ നടത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കായി താരം അടിച്ചുകൂട്ടിയത് 174 റണ്‍സാണ്.

ഓസ്ട്രേലിയയ്ക്ക് എതിരേ ആതിഥേയരായ ദക്ഷിണാഫ്രിക്ക നാലാം ഏകദിനത്തില്‍ അഞ്ചു വിക്കറ്റിന് 416 റണ്‍സാണ് അടിച്ചു കൂട്ടിയത്. തന്റെ ഇന്നിംഗ്‌സില്‍ കരുതലോടെയുള്ള തുടങ്ങിയ ക്ലാസന്‍ 83 പന്തില്‍ 174 റണ്‍സാണ് നേടിയത്. 13 സിക്‌സറുകളും 13 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ക്ലാസന്റെ ഇന്നിങ്‌സ്. പക്ഷേ അഞ്ചാം വിക്കറ്റിലെ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന കപിലിന്റെ റെക്കോഡ് മറികടക്കാന്‍ ക്ലാസന് കഴിഞ്ഞില്ല. ഇന്ത്യ കപ്പടിച്ച 1983 ലോകകപ്പില്‍ സിംബാബ്വെയ്‌ക്കെതിരെ ഇതിഹാസ താരം കപില്‍ ദേവ് പുറത്താകാതെ നേടിയ 175 റണ്‍സിന് ഒരു റണ്‍സ് മാത്രം പിന്നിലായിപ്പോയി ക്ലാസന്‍.

ഓസ്‌ട്രേലിയയ്ക്ക് എതിരേ ഏറ്റവും വേഗമേറിയ സെഞ്ച്വറി ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനും മുന്‍ നായകനുമായ വിരാട് കോഹ്ലിയുടെ പേരിലാണ്. 2013 ല്‍ ജയ്പൂരില്‍ 52 പന്തില്‍ കോഹ്ലി സെഞ്ച്വറി നേടി. ഇതേ പരമ്പരയില്‍ തന്നെ നാഗ്പൂരില്‍ വെച്ച് കോഹ്ലി 61 പന്തിലും ഓസീസിനെതിരേ സെഞ്ച്വറി നേടിയിരുന്നു. സെഞ്ചുറിയനില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഹെന്റിച്ച് ക്ലാസ്സന് സെഞ്ച്വറി അടിക്കാന്‍ വേണ്ടി വന്നത് 57 പന്താണ്. നോട്ടിംഗാമില്‍ 2018 ല്‍ അലക്‌സ് ഹേല്‍സ് 62 പന്തുകളില്‍ ഓസീസിനിട്ട് സെഞ്ച്വറി നേടിയിരുന്നു.

ടോസ് നേടിയ ഓസീസ് ദക്ഷിണാഫ്രിക്കയെ ബാറ്റ് ചെയ്യാന്‍ വിടുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ ഒത്തുകൂടിയ ക്ലാസന്‍ കൂട്ടുകാരന്‍ ഡേവിഡ് മില്ലറുമായി ചേര്‍ന്ന് 222 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മില്ലര്‍ 45 പന്തുകളില്‍ 82 റണ്‍സ് അടിച്ചുകൂട്ടി.