Good News

ഹൃദയം തൊടുന്ന കാഴ്ച്ച: ശാരീരിക വെല്ലുവിളിയുള്ള കുട്ടിക്ക് കൈത്താങ്ങായി സഹപാഠികള്‍- വൈറലായി വീഡിയോ

സ്വാർത്ഥത നിറഞ്ഞ ഈ ലോകത്ത് ദയയും അനുകമ്പയും വറ്റാത്ത ഒട്ടനവധി ജീവിതങ്ങൾ ഇന്നും നമുക്ക് ചുറ്റുമുണ്ട്. തിരക്ക് പിടിച്ച ഈ ലോകത്തിൽ ഇങ്ങനെയുള്ളവരെ കണ്ടെത്താനും ആരും മനക്കെടാറില്ല. എന്നാൽ സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം നിരവധി വീഡിയോകൾ പുറത്തുവരുന്നുണ്ട്. അടുത്തിടെ, അനുകമ്പയുടെ ഹൃദയസ്പർശിയായ ഇത്തരമൊരു ദൃശ്യം നിരവധി ഹൃദയങ്ങളെ കീഴടക്കി. ഈ സദ്പ്രവൃത്തി ചെയ്തത് വിദ്യാര്‍ത്ഥികളാണെന്നുള്ളതാണ് ഇതിന്റെ മാറ്റ് കൂട്ടുന്നത്.

ഉച്ചഭക്ഷണത്തിന് ശേഷം ശാരീരിക വൈകല്യമുള്ള സഹപാഠിയെ നിസ്വാർത്ഥമായി സഹായിക്കുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ വീഡിയോയാണ് ഇത്. മന്ത്രി വി.ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കിട്ട വീഡിയോ ഇതിനോടകം ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു.

ഒരു വിദ്യാർത്ഥി ഭക്ഷണത്തിനുശേഷം ശാരീരിക വൈകല്യമുള്ള തന്റെ സുഹൃത്തിന്റെ മുഖവും വായും പതിയെ കഴുകുകയും അവന്‍ കഴിച്ച പ്ലേറ്റ് ശ്രദ്ധാപൂർവ്വം വൃത്തിയാക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. സമീപത്ത്, മറ്റൊരു സഹപാഠി ക്ഷമയോടെ അവനെ ക്ലാസ്റൂമിലേക്ക് കൊണ്ടുപോകാൻ സഹായിക്കാൻ തയ്യാറായി നിൽക്കുന്നു. തന്റെ സുഹൃത്ത് ക്ലാസിലേക്ക് സുഖമായി തിരിച്ചെത്തിയെന്ന് ഉറപ്പുവരുത്തി മറ്റൊരാൾ വരാന്തയിൽ നിന്ന് വീൽചെയർ തള്ളുകയാണ്.

സഹപാഠിയോടുള്ള വിദ്യാർത്ഥികളുടെ അനുകമ്പയെയും സഹാനുഭൂതിയെയും അഭിനന്ദിച്ചുകൊണ്ട് നിരവധിപേരാണ് കമന്റുമായി രംഗത്തെത്തിയത്. നമ്മുടെ ദൈനംദിന ജീവിതത്തിൽ നിസ്വാർത്ഥമായ പ്രവൃത്തികളുടെ സൗന്ദര്യം എന്താണെന്ന് ഈ വീഡിയോ നമ്മെ കാണിച്ചുതരുകയാണ്. ഒപ്പം വരുംതലമുറയെക്കുറിച്ചുള്ള പ്രതീക്ഷകളും.