മനുഷ്യന്റെ കാര്യത്തിലായാലും മൃഗങ്ങളുടെ കാര്യത്തിലായാലും ഒരു അമ്മക്ക് തന്റെ കുഞ്ഞിനോടുള്ള സ്‌നേഹം വാക്കുകൾക്കതീതമാണ്. കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ചെറിയ അപകടങ്ങൾ പോലും അമ്മമാരെ മാനസികമായും ശാരീരികമായും തളർത്തിയെന്ന് വരാം. ഏതായാലും അത്തരത്തിലൊരു ഹൃദയഭേദകമായ കാഴ്ചയാണ് ഇപ്പോൾ മലേഷ്യയിൽ നിന്നും പുറത്തുവരുന്നത്. വീഡിയോ കാണികളിൽ ഭൂരിഭാഗം പേരെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
മലേഷ്യയിൽ ട്രക്ക് ഇടിച്ചു കൊല്ലപ്പെട്ട തന്റെ കുഞ്ഞിനരികിൽ മണിക്കൂറുകളോളം മാറാതെ നിൽക്കുന്ന ഒരു അമ്മയാനയുടെ നൊമ്പരപെടുത്തുന്ന ദൃശ്യങ്ങളാണ് ഇത്. അത്‌ലറ്റ് എജെ പൈറോ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെക്കപ്പെട്ടിരിക്കുന്നത്.
വീഡിയോയിൽ, കുട്ടിയാന ട്രക്ക് ഇടിച്ച് മരിച്ചതിനെ തുടർന്ന് ആന രാത്രി മുതൽ രാവിലെ വരെ ട്രക്കിൽ തലവെച്ച് ഒരേ സ്ഥലത്ത് തന്നെ നിൽക്കുന്നതാണ് കാണുന്നത്. വീഡിയോയിൽ വാഹനങ്ങളുടെ നീണ്ട നിര തന്നെ കാണാം. നിരവധി ആളുകൾ അമ്മയാനയെ സ്ഥലത്ത് നിന്നു മാറ്റാൻ ശ്രമിച്ചെങ്കിലും ആന വിസമ്മതിക്കുകയായിരുന്നു. “അമ്മമാരുടെ സ്നേഹത്തെയും ത്യാഗത്തെയും ആദരിക്കാൻ ഉദ്ദേശിച്ചുള്ള ഒരു ദിവസത്തിൽ, ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുന്നതും ദാരുണവുമായ ഒരു ദൃശ്യം വൈറലാകുന്നു. ജീവിവർഗങ്ങളിൽ പോലും മാതൃത്വം മറികടക്കുന്നുവെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഒന്ന്” എന്ന് കുറിച്ചുകൊണ്ടാണ് പൈറോ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഒപ്പം തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ട ആന എങ്ങനെ വികാരാധീനയായി എന്ന് പൈറോ പങ്കുവെച്ചു. ” ട്രക്ക് ഇടിച്ചു മരിച്ച തന്റെ കുഞ്ഞിനരികിൽ ഒരു അമ്മ ആന നിൽക്കുകയാണ്. മാതൃദിനത്തിലാണ് ഈ ദാരുണ സംഭവം നടന്നിരിക്കുന്നത്. ആഘോഷ ദിവസത്തെ ഈ സംഭവം ദു:ഖകരമാക്കി. എത്രയൊക്കെ ബഹളംവച്ചിട്ടും, ഹൃദയം തകർന്ന അമ്മ തന്റെ കുഞ്ഞ് അവസാന ശ്വാസം വലിച്ച സ്ഥലം വിട്ടുപോകാൻ വിസമ്മതിച്ചു. മരണത്തിന് പോലും വേർപെടുത്താൻ കഴിയാത്ത ഒരു ബന്ധത്തിൽ വിലപിക്കുമ്പോൾ അവളുടെ മുഖത്ത് നിശബ്ദമായ കണ്ണുനീർ ഒഴുകി,” പൈറോ കൂട്ടിച്ചേർത്തു.
“ഈ ചിത്രം, വേദനാജനകമാണെങ്കിലും അതേസമയം ശക്തവുമാണ്. മൃഗങ്ങൾക്ക് ഇത്തരത്തിൽ ആഴത്തിലുള്ള വേദനകൾ അനുഭവപ്പെടുന്നുണ്ടെന്ന് ഈ ദൃശ്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. അവ സ്നേഹിക്കുന്നു, ദുഃഖിക്കുന്നു, ഓർക്കുന്നു. അവ രണ്ട് കാലിലോ നാല് കാലിലോ നടക്കുന്നുണ്ടെങ്കിലും അവയ്ക്കും അമ്മയുടെ വൈകാരിക തലങ്ങൾ ഉണ്ടെന്ന് എന്നതിന് ഇത് ഒരു തെളിവാണ് -. ഈ ഹൃദയഭേദകമായ നിമിഷം നമുക്കെല്ലാവർക്കും ഒരു ഉണർവ് വിളിയായി വർത്തിക്കട്ടെ. പ്രകൃതിദത്ത ആവാസ വ്യവസ്ഥകളിലൂടെ കൂടുതൽ റോഡുകൾ മുറിയുമ്പോൾ, വന്യജീവികൾ വർദ്ധിച്ചുവരുന്ന അപകടങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു. ഡ്രൈവർമാർ കൂടുതൽ ബോധവാന്മാരായിരിക്കണം, പ്രത്യേകിച്ച് മൃഗങ്ങളെ കടത്തിവിടുന്നതിന് പേരുകേട്ട പ്രദേശങ്ങളിൽ. ഒരു നിമിഷത്തെ ശ്രദ്ധയും ജാഗ്രതയും ഒരു ജീവൻ രക്ഷിക്കും,” പൈറോ കൂട്ടിച്ചേർത്തു. അദ്ദേഹം “മാതൃദിനം, അമ്മ ആന, കുഞ്ഞൻ ആന, അമ്മ” എന്നീ ഹാഷ്‌ടാഗുകളും ചേർത്തു.
നിരവധി ആളുകളാണ് വൈറൽ വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയത്..”ഇത് കണ്ട് കരഞ്ഞു. മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങൾക്കും വികാരങ്ങൾ ഉണ്ട്. ആളുകൾക്ക് മൃഗങ്ങളോട് കൂടുതൽ സഹാനുഭൂതി തോന്നുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഏതൊരു ജീവിയ്ക്കും സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുമ്പോൾ സങ്കടമുണ്ടാകും” എന്നാണ് പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ഒരാൾ പറഞ്ഞത്.
മറ്റൊരാൾ പറഞ്ഞു, “ഇത് വളരെ ദുഃഖകരവും ഹൃദയഭേദകവുമാണ്!! മൃഗങ്ങൾക്ക് വികാരമില്ലെന്ന് പലരും കരുതുന്നു, പക്ഷേ നമ്മൾ വിചാരിക്കുന്നതിനേക്കാൾ കൂടുതലാണ് അവയുടെ വികാരം എന്നതിന് തെളിവാണിത്”. “ഏറ്റവും ദുഃഖകരമായ മാതൃദിന നിമിഷം. ഞാൻ ഇത് ഒരിക്കലും മറക്കില്ല,” മറ്റൊരാൾ അഭിപ്രായപ്പെട്ടു.