Crime

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ കാണാന്‍ കഫേയിലെത്തി, യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍

ടിന്‍ഡര്‍ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുടെ പിറന്നാല്‍ ആഘോഷത്തിനായി പോയ യുവാവിന് നഷ്ടമായത് ഏകദേശം ഒരു ലക്ഷത്തോളം രൂപ. തട്ടിപ്പിനിരയായത് സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്ന യുവാവാണ്. സംഭവം നടന്നത് ഡല്‍ഹിയിലെ വികാസ് മാര്‍ഗിലുള്ള ബ്ലാക്ക് മിറര്‍ കഫേയിലാണ്.ഡേറ്റിംഗ് ആപ്പിലൂടെ സൗഹൃദത്തിലായ പെണ്‍കുട്ടിയെ കാണുന്നതിനായിയാണ് ഇയാള്‍ കഫേയിലെത്തിയത്.

തുടര്‍ന്ന് ഇരുവരും രണ്ട് പീസ് കേക്കും, ലഘുഭക്ഷണവും നാല് ഷോര്‍ട്‌സും ഓര്‍ഡര്‍ ചെയ്തു ബില്ലടയ്ക്കാനെത്തിയപ്പോഴാണ് യുവാവ് അമ്പരന്നത്. ബില്ലില്‍ രേഖപ്പെടുത്തിയത്, 1,21, 917 രൂപയാണ്. പണം അടയ്ക്കാതെ പോകാന്‍ കഫേ അധികൃതര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് കഫേ ഉടമയുടെ അക്കൗണ്ടിലേക്ക് പണം അയ്ക്കുകയായിരുന്നു. ശേഷം യുവാവ് പോലീസില്‍ പരാതി നല്‍കി.

ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി. കഫേ ഉടമയെ കസ്റ്റഡിയിലെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കള്ളം വെളിച്ചത്താവുന്നത്. യുവാവിന്റെ പെണ്‍സുഹൃത്തിനെ തേടിയുള്ള അന്വേഷണത്തില്‍ അവര്‍ മറ്റൊരു പേരില്‍ മറ്റൊരു ഡേറ്റിങ്ങ് ആപ്പില്‍ പരിചയപ്പെട്ട യുവാവുമായി ഇപ്പോള്‍ മറ്റൊരു കഫേയില്‍ ഡേറ്റിങ്ങിലാണെന്നും മനസ്സിലായി. ഈ പെണ്‍കുട്ടി ഡേറ്റിങ് ആപ്പിലൂടെ യുവാക്കളെ പരിചയപ്പെട്ട് പണം തട്ടുകയാണ് രീതിയെന്നും പോലീസ് പറഞ്ഞു. ഇങ്ങനെ തട്ടുന്ന പണത്തില്‍ ഒരു പങ്ക് കഫേയുടെ ഉടമയ്ക്കും മറ്റൊരു പങ്ക് മാനേജര്‍ക്കും ലഭിക്കുമെന്നും പോലീസ് പറഞ്ഞു.