Crime

‘മക്കളെ കാണാന്‍ അനുവദിച്ചില്ല’; ഭാര്യയെ തീകൊളുത്തിക്കൊന്ന ഭര്‍ത്താവിന്റെ മൊഴി

ചേര്‍ത്തലയില്‍ ജോലി സ്ഥലത്തേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി തീകൊളുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവ് ശ്യാംജി. ചന്ദ്രന്റെ മൊഴിയെടുത്ത് പോലീസ്. മക്കളെ കാണാന്‍ ആരതി അനുവദിച്ചില്ലെന്ന് ശ്യാം ജി. ചന്ദ്രന്‍ മൊഴിയില്‍ പറഞ്ഞു. വീട്ടില്‍ അതിക്രമിച്ചുകയറിയെന്ന് പറഞ്ഞ് ശ്യാംജിയുടെ പേരില്‍ കള്ളക്കേസ് കൊടുത്തതും കൊലയ്ക്കു കാരണമായി. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തിയാണ് 70 ശതമാനം പൊള്ളലേറ്റ ശ്യാമിന്റെ മൊഴിയെടുത്തത്.

ഗുരുതരാവസ്ഥയില്‍ ആശുപതിയിലെത്തിച്ച ആരതി മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു. അക്രമത്തിനിടയില്‍ പൊള്ളലേറ്റ ഭര്‍ത്താവ് ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ചേര്‍ത്തല നഗരത്തില്‍ ഗവ. താലൂക്കാശുപത്രിക്ക് സമീപം ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പത്തുവര്‍ഷം മുന്‍പ് വിവാഹിതരായ ഇവര്‍ കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് അകന്നു കഴിയുകയായിരുന്നു. താലൂക്ക് ആശുപത്രിക്കു സമീപത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയാണ് ആരതി. റോഡരുകില്‍ പതിയിരുന്ന ശ്യാം വാഹനം തടഞ്ഞ് നിര്‍ത്തി ആരതിയെ വലിച്ചിറക്കി പ്ലാസ്റ്റിക്ക് ഭരണിയില്‍ കരുതിയിരുന്ന പെട്രോളെടുത്ത് ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

ബഹളം കേട്ടെത്തിയ സമീപവാസികള്‍ വെള്ളമൊഴിച്ചാണ് തീയണച്ചത്. പെട്രോള്‍ ഒഴിക്കുന്നതിനിടെ ശ്യാമിന്റെ ദേഹത്തും തെറിച്ചു വീണ് തീ പടര്‍ന്നിരുന്നു. ഉടന്‍ തന്നെ പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പ്രണയിച്ച് വിവാഹിതരായ ഇരുവരും അകന്നതോടെ ഏറെക്കാലമായി ആരതി സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്.

കഴിഞ്ഞ ഡിസംബറില്‍ ആരതി കോടതിയില്‍ ഗാര്‍ഹിക പീഡനത്തിന് നല്‍കിയ ഹര്‍ജിയില്‍ സംരക്ഷണത്തിനുള്ള ഉത്തരവു ലഭിച്ചിരുന്നു. ഇതിനു ശേഷവും ശ്യാം നിരന്തരം ഫോണിലൂടെയും അല്ലാതെയും ഭീഷണി മുഴക്കിയതായി കാട്ടി ആരതി പട്ടണക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ആരതിയെ കൊലപ്പെടുത്തിയ ശേഷം ശ്യാം മരിക്കാന്‍ ലക്ഷ്യമിട്ടിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് എസ്.ഐ. കെ.പി. അനില്‍ കുമാര്‍ പറഞ്ഞു. മൂന്നു മാസം മുൻപ് ഇയാൾ ആത്മഹത്യ ശ്രമം നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു