Sports

സഞ്ജു തന്റെ ആറ് പന്തും സിക്‌സറടിച്ചെന്ന് ശ്രീ ദ്രാവിഡിനോട് നുണ പറഞ്ഞു ; അങ്ങിനെ സഞ്ജു രാജസ്ഥാനിലെത്തി

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍െ നായകനും ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടുക കൂടി ചെയ്തതോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ അനേകം ആരാധകരുള്ള താരമാണ് സഞ്ജു വി സാംസണ്‍. ഒരു കാലത്ത് അധികം അവസരം കിട്ടാതെ ഐപിഎല്‍ ടീമുകളുടെ വാതിലുകള്‍ തോറും മുട്ടി നടന്ന സഞ്ജുവിന് രാജസ്ഥാന്‍ റോയല്‍സിലേക്ക് വഴി തുറന്നുകൊടുത്തത് മലയാളിതാരം ശ്രീശാന്തായിരുന്നു.

രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനും അവരുടെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവുമായ സാംസണ്‍, മുന്‍ ഇന്ത്യന്‍ പേസര്‍ എസ് ശ്രീശാന്തും അന്നത്തെ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്ന ദ്രാവിഡും തമ്മിലുള്ള യാദൃശ്ചികമായ കണ്ടുമുട്ടല്‍ തന്റെ ഐപിഎല്‍ അരങ്ങേറ്റത്തിനുള്ള വാതിലുകള്‍ എങ്ങനെ തുറന്നുവെന്ന് വെളിപ്പെടുത്തി.

2009ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വാഗ്ദാനമുള്ള കളിക്കാരില്‍ ഒരാളായിരുന്നു സഞ്ജു. മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം, 2012 പതിപ്പിന് മുന്നോടിയായി കെകെആര്‍ സാംസണുമായി ഒപ്പുവച്ചു. എന്നിരുന്നാലും അന്ന് കന്നി കിരീടം നേടിയ ടീം സ്‌ട്രോംഗ് ആയിരുന്നതിനാല്‍ സഞ്ജുവിനെ പരീക്ഷിക്കാതെ തന്നെ വിട്ടയച്ചു. ഈ സമയത്ത് മികച്ച രീതിയിലുള്ള പരിശീലനം തുടങ്ങിയ താരത്തിന് തുണയായത് തന്റെ സംസ്ഥാന ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എത്തിയതിനാലാണെന്ന് സഞ്ജു അനുസ്മരിക്കുന്നു.

ട്വിറ്ററില്‍ വ്യാപകമായി പങ്കിട്ട ഒരു വീഡിയോയില്‍ സാംസണ്‍ ഓര്‍മ്മിച്ചു. ”കെകെആറിനൊപ്പമുള്ള കാലത്ത് കാര്യമായ ശ്രദ്ധ കിട്ടിയിരുന്നില്ല. എന്നാല്‍ ആര്‍ആറി നെതിരായ ഒരു മത്സരത്തില്‍, രാഹുല്‍ ദ്രാവിഡ് അവരെ നയിക്കുമ്പോള്‍, ശ്രീശാന്ത് അദ്ദേഹത്തെ ഹോട്ടല്‍ ലോബിയില്‍ വെച്ച കണ്ടിരുന്നു. അദ്ദേഹം ദ്രാവിഡിനോട് പറഞ്ഞു. ”ഒരു പ്രാദേശിക ടൂര്‍ണമെന്റില്‍ എന്റെ ഒരോവറില്‍ ആറ് സിക്‌സറുകള്‍ അടിച്ച കേരളത്തില്‍ നിന്നുള്ള ഈ കുട്ടിയുണ്ട്. അവനെ ഒന്നു ശ്രദ്ധിക്കണം.” ശ്രീശാന്തിന്റെ ആവേശകരമായ ഈ നുണ പറച്ചിന്‍ നിര്‍ണ്ണായകമായി.

രാജസ്ഥാന്‍ റോയല്‍സില്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്ററെ എത്തിക്കാന്‍ താന്‍ നുണ പറഞ്ഞിട്ടുണ്ടെന്ന് ശ്രീശാന്തും പിന്നീട് സമ്മതിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ സ്‌പോര്‍ട്‌സ്‌കീഡയുമായുള്ള ഒരു ചാറ്റില്‍, ഇന്ത്യയ്ക്കായി രണ്ട് തവണ ലോകകപ്പ് ജേതാവായ ശ്രീശാന്ത്, ദ്രാവിഡ് തന്റെ കള്ളം നേരത്തേ തന്നെ കണ്ടെത്തിയെങ്കിലും സഞ്ജുവിന്റെ പ്രതിഭ തിരിച്ചറിയാന്‍ അദ്ദേഹം അധികം നേരമെടുത്തില്ലെന്നും പറഞ്ഞു.

”ഞാന്‍ സഞ്ജുവിനെ പരിചയപ്പെടുത്തിയപ്പോള്‍ രാഹുല്‍ ഭായ് ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു ഒരു പ്രാദേശിക ടൂര്‍ണമെന്റില്‍ ഈ കുട്ടി എന്നെ ആറ് സിക്‌സറുകള്‍ അടിച്ചു എന്ന്.” ഇങ്ങിനെ തള്ളിമറിക്കേണ്ടെന്നായിരുന്നു ഇതിന് രാഹുലിന്റെ മുപടി. ‘ചില പ്രാക്ടീസ് ഗെയിമുകളില്‍ അദ്ദേഹം നന്നായി കളിച്ചില്ല. പക്ഷേ സഞ്ജു ബാറ്റു ചെയ്യുന്നത് കണ്ട് രാഹുലിന് അദ്ദേഹത്തിന്റെ പ്രതിഭ ബോധ്യമായി. അദ്ദേഹം എന്റെ അടുത്ത് വന്ന് പറഞ്ഞു. ”ശ്രീ, ഈ സഞ്ജുവിനെ വേറെ സെലക്ഷനൊന്നും വിടരുത്. അയാള്‍ക്ക് മത്സരങ്ങള്‍ ലഭിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ ഞങ്ങള്‍ അവനെ ഒപ്പിടാന്‍ ആഗ്രഹിക്കുന്നു.”

പിന്നീട് യുവ പ്രതിഭയുടെ കഴിവില്‍ വിശ്വാസം വന്ന റോയല്‍സ്, അവനെ തിരഞ്ഞെടുത്തു, 2013-ല്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ അവന്‍ അവരുടെ യന്ത്രത്തിലെ ഒരു പ്രധാന ആയുധമായി. പിന്നീട് വാഗ്ദാനമായ ബാറ്റര്‍ മുതല്‍ ഫ്രാഞ്ചൈസിയുടെ മുഖമായി മാറിയ സാംസണ്‍ ഇപ്പോള്‍ അതിന്റെ ക്യാപ്റ്റനായി. വലിയ തോതില്‍ ആരാധകരെയും നേടിയെടുത്തു.