Featured Sports

പുതുചരിത്രമെഴുതി ഹർമൻപ്രീത് കൗർ, വനിതാ പ്രീമിയർ ലീഗില്‍ 1000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം

ഇന്നലെ നടന്ന വനിതാ പ്രീമിയർ ലീഗ് (WPL) മത്സരത്തിൽ ചരിത്രനേട്ടം സ്വന്തമാക്കി ഹർമൻപ്രീത് കൗർ. ഡബ്ല്യു.പി.എൽ ചരിത്രത്തിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് ഹർമൻപ്രീത് സ്വന്തമാക്കിയത്.

നവി മുംബൈയിൽ നടന്ന മുംബൈ ഇന്ത്യൻസ് – ഗുജറാത്ത് ജയന്റ്സ് പോരാട്ടത്തിലായിരുന്നു ഈ നേട്ടം. പഞ്ചാബിലെ മോഗയിൽ നിന്നുള്ള മുപ്പത്തിയാറുകാരിയായ ഈ വലംകൈയ്യൻ ബാറ്ററെ 2.50 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് നിലനിർത്തിയത്. 1000 റൺസ് ക്ലബ്ബിലെത്താൻ മത്സരത്തിൽ 55 റൺസായിരുന്നു ഹർമൻപ്രീതിന് ആവശ്യമായിരുന്നത്. 193 റൺസ് പിന്തുടർന്ന മുംബൈ ഇന്നിംഗ്‌സിന്റെ പതിനെട്ടാം ഓവറിൽ ഹർമൻപ്രീത് ഈ നാഴികക്കല്ല് പിന്നിട്ടു.

രാജേശ്വരി ഗായക്വാഡ് എറിഞ്ഞ ഓവറിലെ അഞ്ചാം പന്തിൽ ഫോർ അടിച്ചുകൊണ്ടാണ് താരം തന്റെ ആകെ റൺസ് 1003-ൽ എത്തിച്ചത്. ഹർമൻപ്രീതിന് മുൻപ് മുംബൈ ഇന്ത്യൻസിന്റെ തന്നെ നാറ്റ് സിവർ ബ്രണ്ടിന് മാത്രമാണ് ഡബ്ല്യു.പി.എല്ലിൽ 1000 റൺസ് തികയ്ക്കാനായത്.

തന്റെ മുപ്പതാം മത്സരത്തിനിറങ്ങിയ ഹർമൻപ്രീത്, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ക്യാപ്റ്റൻ കൂടിയാണ്. 996 റൺസുമായി മെഗ് ലാന്നിംഗാണ് രണ്ടാമതുള്ളത്. ഡൽഹി ക്യാപിറ്റൽസിനും യു.പി വാരിയേഴ്സിനുമായി 29 മത്സരങ്ങളിൽ നിന്നാണ് മെഗ് ലാന്നിംഗ് ഇത്രയും റൺസ് നേടിയത്. ഇതിഹാസ താരമായ ലാന്നിംഗ് ബുധനാഴ്ച (ജനുവരി 14) നവി മുംബൈയിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ യു.പി വാരിയേഴ്സിനായി കളത്തിലിറങ്ങും.

2023-ലും 2025-ലും മുംബൈ ഇന്ത്യൻസിനെ കിരീടത്തിലേക്ക് നയിച്ച ഹർമൻപ്രീത് കൗർ, കഴിഞ്ഞ മത്സരത്തിലും പുറത്താകാതെ അർധസെഞ്ച്വറി നേടിയിരുന്നു. ശനിയാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിൽ നാലാം നമ്പറിലിറങ്ങിയ താരം 42 പന്തിൽ നിന്ന് 74 റൺസാണ് അടിച്ചുകൂട്ടിയത്. 8 ഫോറുകളും 3 സിക്സറുകളും അടങ്ങിയ ഈ ഇന്നിംഗ്‌സിന്റെ കരുത്തിൽ മുംബൈ 50 റൺസിന് വിജയിക്കുകയും ഹർമൻപ്രീത് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടുകയും ചെയ്തു.

ഇന്നലെ നടന്ന വനിത പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ഏഴ് വിക്കറ്റ് ജയമാണ് നേടിയത്. ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിന്റെ 71*(43) തകർപ്പൻ അർദ്ധ സെഞ്ച്വറിയുടെ മികവിലാണ് നിലവിലെ ചാമ്പ്യന്മാരുടെ ജയം. സീസണിലെ മുംബൈയുടെ രണ്ടാം ജയമാണിത്. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ നാല് ബോൾ ബാക്കി നിൽക്കെയാണ് മുംബൈ ജയം സ്വന്തമാക്കിയത്.

നവി മുംബൈയിലെ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് നേടിയത്. 33 പന്തിൽ 43 റൺസ് നേടിയ ജോർജിയ വാരെഹാമാണ് ഗുജറാത്ത് നിരയിലെ ടോപ് സ്‌കോറർ. 33 റൺസ് നേടിയ ബെത്ത് മൂണിയും 36 റൺസ് നേടിയ ഭാരതി ഫുൽമാലിയും, 35 റൺസ് നേടിയ കനിക അഹുജയും ഗുജറാത്തിനെ കൂറ്റൻ സ്കോറിലെത്താൻ സഹായിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് മൂന്നാം ഓവറിൽ തന്നെ ഓപണർ ഗുണലൻ കമാലിനിയെ നഷ്ടമായി. രേണുക സിങ്ങാണ് കമലിനിയുടെ വിക്കറ്റെടുത്ത. പിന്നാലെ വന്ന അമൻജോത് കൗർ 26 പന്തിൽ ഏഴ് ബൗണ്ടറികൾ അടിച്ച് നേടിയ 40 റൺസും മുംബൈയുടെ ചേസിന് ശക്തിയേകി. ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിന്റെ തകർപ്പൻ ബാറ്റിംഗ് കൂടിയായപ്പോൾ കൂറ്റൻ സ്കോറിലേക്ക് മുംബൈ അതിവേകാൻ ഓടിയടുത്തു. അവസാന ഓവറിൽ അഞ്ച് റൺസ് മാത്രമായിരുന്നു മുംബൈക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്തിൽ ഒരു റണ്ണെടുത്ത് നിക്കോള ക്യാരി ഹർമൻപ്രീതിന് സ്ട്രൈക്ക് കൈമാറി. രണ്ടാം ബോളിൽ ബൗണ്ടറി കടത്തിയാണ് ക്യാപ്റ്റൻ മുംബൈ ഇന്ത്യൻസിന് വിജയം സമ്മാനിച്ചത്.