Featured Sports

ഹർലീൻ ഡിയോളിന്റെ പ്രതികാരം! ഇന്നലെ റിട്ടയർ ഔട്ടാക്കി അപമാനിച്ചുവിട്ടു; ഇന്ന് വെടിക്കെട്ട് ഫിഫ്റ്റിയോടെ ടീമിന് ആദ്യജയം സമ്മാനിച്ചു

വനിതാ പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മുംബൈ ഇന്ത്യൻസ്-യുപി വാരിയേഴ്‌സ് പോരാട്ടം ഇന്ത്യൻ ബാറ്റർ ഹര്‍ലീന്‍ ഡിയോളിന്റെ മധുരപ്രതികാരത്തിന്റെത് കൂടിയായിരുന്നു. മത്സരത്തിൽ 20 ഓവറിൽ മുംബൈ ഉയർത്തിയ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എന്ന വിജയലക്ഷ്യം 11 പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് യുപി മറികടക്കുമ്പോൾ, യുപിയുടെ ടോപ് സ്കോററായത് ഹർലീൻ ഡിയോളായിരുന്നു.

വെറും 39 പന്തിൽ 12 ഫോറുകൾ അടക്കം 64 റൺസാണ് താരം പുറത്താകാതെ നേടിയത്. ഡിയോളിന്റെ മികവ് ഒന്ന് കൊണ്ടുമാത്രമാണ് ശക്തരായ മുംബൈയെ യുപിക്ക് തോൽപ്പിക്കാൻ പറ്റിയതും തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം സീസണിലെ ആദ്യ ജയമെന്ന മധുരം നുണക്കാനായതും.

ഇന്നലെ നടന്ന -ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിൽ 36 പന്തില്‍ 47 റൺസുമായി ക്രീസില്‍ നിന്ന ഡിയോളിനോട് പരിശീലകന്‍ അഭിഷേക് നായര്‍ റിട്ടയേര്‍ഡ് ഔട്ടായി കയറിവരാൻ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. ഇത് ആരാധകരെയും ഹര്‍ലീനെയും ഒരുപോലെ അമ്പരപ്പിച്ചു. 17 ഓവറില്‍ 3ന് 141 എന്ന നിലയിലായിരുന്നു ഈ സമയം യുപി വോറിയേഴ്സ്. ഹർലീനൊപ്പം ആറ് പന്തില്‍ ഏഴ് റണ്‍സുമായി ശ്വേത ഷെറാവത്തായിരുന്നു ക്രീസിൽ.

അവസാന ഓവറുകളില്‍ ഹര്‍ലീന്‍ തകര്‍ത്തടിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഡഗ്ഔട്ടില്‍ നിന്ന് കോച്ച് അഭിഷേക് നായര്‍ ഹര്‍ലീനോട് റിട്ടയേഡ് ഔട്ടായി കയറിവരാന്‍ ആവശ്യപ്പെട്ടത്. അര്‍ധസെഞ്ചറിക്ക് മൂന്നു റണ്‍സ് മാത്രം അകലെയായിരുന്നു അപ്പോള്‍ ഹര്‍ലീന്‍. കോച്ച് തിരിച്ചുവിളിച്ചത് ആദ്യം വിശ്വസിക്കാനാവാതിരുന്ന ഹര്‍ലീന്‍ എന്നോടാണോ ആംഗ്യം കാണിക്കുന്നതും കാണാമായിരുന്നു. നിരാശ പരസ്യമാക്കിയാണ് ഹര്‍ലീൻ തിരികെ കയറിപ്പോയത്.

ഹര്‍ലീനെ പകരം അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാനായി അഭിഷേക് നായര്‍ ക്രീസിലേക്ക് അയച്ച കോളെ ട്രയോണിന് കാര്യമായി ഒന്നും ചെയ്യാനാനുമായില്ല. മൂന്ന് പന്ത് നേരിട്ട ട്രയോണ്‍ ഒരു റണ്‍സ് മാത്രമെടുത്ത് ശ്രീ ചരിണിയുടെ പന്തില്‍ പുറത്തായി. പിന്നാലെ മരിസാനെ കാപ്പും ശ്വേതാ ഷെറാവത്തും ദീപ്തി ശര്‍മയും കൂടി പുറത്തായതോടെ യുപി വാരിയേഴ്സിന്‍റെ സ്കോര്‍ 20 ഓവറില്‍ 154 റണ്‍സില്‍ ഒതുങ്ങി. മറുപടി ബാറ്റിൽ, അവസാന പന്തിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്. ഹർലീനെ തിരിച്ചുവിളിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ മത്സരത്തിന്റെ ഫലം മറ്റൊന്നായാനെ. വനിതാ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ റിട്ടയേഡ് ഔട്ടാവുന്ന രണ്ടാമത്തെ താരമാണ് ഹര്‍ലീന്‍ ഡിയോള്‍. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ഗുജറാത്ത് ജയന്‍റ്സിന്‍റെ ആയുഷി സോണിയാണ് റിട്ടയേഡ് ഔട്ടായ ആദ്യ താരം.