Movie News

‘നീ ഒന്ന് ഉറപ്പിച്ചോ.. നിന്റെ അന്ത്യം ആരംഭിച്ച് കഴിഞ്ഞു’; ഹരീഷ് കണാരന് മുന്നറിയിപ്പ് വിഡിയോയുമായി ബാദുഷ

കടംവാങ്ങിയ 20 ലക്ഷം രൂപ തിരിച്ച് തന്നില്ലെന്ന പരാതി മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ നടൻ ഹരീഷ് കണാരന് ഭീഷണി മുന്നറിയിപ്പുമായി ചലച്ചിത്ര നിർമാതാവ് ബാദുഷാ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ബാദുഷായുടെ മുന്നറിയിപ്പ്. ‘എനിക്ക് പറയാനുള്ളതെല്ലാം എന്റെ സിനിമയായ റേച്ചലിന്റെ റിലീസിനെ ശേഷം മാത്രം’-എന്ന അടിക്കുറിപ്പിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് ‘ഇരുപതാം നൂറ്റാണ്ട്’ എന്ന സിനിമയിലെ രംഗമാണ്. സിനിമയിൽ സുരേഷ് ഗോപി തന്നെ ചതിക്കുമ്പോൾ മോഹൻലാൽ പറയുന്നൊരു പഞ്ച് ഡയലോഗ് ആണ് ഹരീഷിനു മറുപടിയെന്നോണം ബാദുഷ പങ്കുവച്ചത്. ബാദുഷയുടെ ഈ പ്രവൃത്തി ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ളതാണെന്ന് ഹരീഷ് കണാരനും പ്രതികരിച്ചു.

ഈ ഭീഷണി സന്ദേശത്തിൽ ഭാര്യ അടക്കം പേടിച്ചിരിക്കുകയാണെന്നും ഹരീഷ് പറയുന്നു. കടമായി നൽകിയ 20 ലക്ഷം രൂപ തിരിച്ചുചോദിച്ചതിന്റെ വൈരാഗ്യത്തിൽ ബാദുഷ തന്നെ സിനിമകളിൽ നിന്ന് നീക്കം ചെയ്യുകയും ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയും ചെയ്തെന്ന ഹരീഷിന്റ വെളിപ്പെടുത്തലുകൾ സിനിമാ മേഖലയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ഹരീഷിന്റെ വെളിപ്പെടുത്തൽ വിവാദമായതോടെ ബാദുഷ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുകയായിരുന്നു. ഇതിനൊപ്പം ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ ഒരു ഭാഗവുമുണ്ടായിരുന്നു. തന്നെ ചതിച്ചെന്ന് മനസ്സിലാക്കുന്ന മോഹൻലാൽ കഥാപാത്രം സുരേഷ് ഗോപിയോട് പറയുന്ന ഡയലോഗാണ് ബാദുഷ പങ്കുവച്ചത്. തെറിവാക്കിൽ തുടങ്ങി, വധഭീഷണി മുഴക്കുന്ന രംഗമാണിത്.

ബാദുഷ പങ്കുവച്ച വിഡിയോയിലെ ഡയലോഗ് ഇങ്ങനെ: ‘‘ലോകത്തിലെ ഏറ്റവും വൃത്തികെട്ട ക്രിമിനൽ പോലും ഇത്രയും തരംതാഴുന്ന പ്രവർത്തി ചെയ്യില്ല. സ്വന്തം കൂട്ടത്തിൽ ഒരുത്തനെ ആവശ്യത്തിന് ഉപയോഗിച്ച ശേഷം ഒറ്റിക്കൊടുക്കുക. അതുമൊരു മൂന്നാംകിട പ്രതികാരത്തിന് വേണ്ടി. നീ ആണാണെങ്കിൽ നേരിട്ട് വാ. ഇതുപോലുള്ള പാവങ്ങളെ ഒന്നും വെറുതെ കുടുക്കരുത്. ശേഖരൻ കുട്ടി, നീ ഒന്നുറപ്പിച്ചോ? നീ നസ്രാണിയെ കണ്ട ദിവസം മുതൽ നിന്റെ അന്ത്യം ആരംഭിച്ചു കഴിഞ്ഞു.’’–ഇത് ഹരീഷിനുള്ള പരോക്ഷമായ സന്ദേശമാണ് എന്നാണ് വിലയിരുത്തൽ.