Sports

പാണ്ഡ്യ ടി20 നായകനാകും, കെ.എല്‍. രാഹുല്‍ ഏകദിനത്തിന്; ഇന്ത്യന്‍ ടീമില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് സാധ്യത

പരീശീലക സ്ഥാനത്തേക്ക് ഗൗതംഗംഭീര്‍ പുതിയതായി എത്തുന്നതോടെ ഇന്ത്യന്‍ ടീമില്‍ വമ്പന്‍ മാറ്റങ്ങള്‍ ഉണ്ടായേക്കമെന്ന് സൂചന. എല്ലാ ഫോര്‍മാറ്റിലേക്കും ഒരു നായകനെന്ന സങ്കല്‍പ്പത്തില്‍ നിന്നും മാറി ഇന്ത്യ വെവ്വേറെ നായകന്മാരെ പരീക്ഷിച്ചേക്കാന്‍ സാധ്യത. രോഹിത്ശര്‍മ്മ ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ ടി 20 നായകനായും ഏകദിന ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ കെ.എല്‍. രാഹുലിനെയും നായകനാക്കിയേക്കുമെന്നാണ് കേള്‍ക്കുന്നത്.

2024ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം രോഹിത്ശര്‍മ്മ കുട്ടിക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 159 ടി20 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച ശേഷമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഈ ഫോര്‍മാറ്റിനോട് വിട പറഞ്ഞിരിക്കുന്നത്. ”ഇത് എന്റെ അവസാന (ടി20) കളിയും ആയിരുന്നു… ഈ ഫോര്‍മാറ്റിനോട് വിട പറയാന്‍ ഇതിലും നല്ല സമയമില്ല. ഇതിലെ ഓരോ നിമിഷവും ഞാന്‍ ഇഷ്ടപ്പെട്ടു. ഈ ഫോര്‍മാറ്റിലാണ് ഞാന്‍ എന്റെ ഇന്ത്യന്‍ കരിയര്‍ ആരംഭിച്ചത്. ഇതാണ് ഞാന്‍ ആഗ്രഹിച്ചത്, കപ്പ് നേടണമെന്ന് ഞാന്‍ ആഗ്രഹിച്ചു.” രോഹിത് പറഞ്ഞു.

ശ്രീലങ്കയ്ക്കെതിരായ ടി 20 ഐ പരമ്പരയില്‍ ഇന്ത്യയെ നയിക്കാന്‍ ഒരുങ്ങുന്ന ഹാര്‍ദിക് പാണ്ഡ്യ ടി20 ലോകകപ്പില്‍ ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 144 റണ്‍സ് നേടി, 151.57 സ്ട്രൈക്ക് റേറ്റോടെ 48.00 ശരാശരിയോടെ ശ്രദ്ധേയമായ സ്വാധീനം ചെലുത്തി. കൂട്ടത്തില്‍ ഒരു അര്‍ദ്ധ സെഞ്ച്വറിയും നേടി, ഉയര്‍ന്ന സ്‌കോര്‍ 50* ആയിരുന്നു. ഇതിനൊപ്പം എട്ടു മത്സരങ്ങളില്‍ നിന്നായി 11 വിക്കറ്റുകളും വീഴ്ത്തി. അതേസമയം, 2023 ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ മികച്ച പ്രകടനം ഉണ്ടായിരുന്നിട്ടും കെ എല്‍ രാഹുലിനെ മെന്‍ ഇന്‍ ബ്ലൂ ടി 20 ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കി.