Sports

ഹര്‍ദിക് പാണ്ഡ്യയ്ക്ക് ഐപിഎല്ലും നഷ്ടമാകും ; മുംബൈ ഇന്ത്യന്‍സിനും ടീം ഇന്ത്യയ്ക്കും രോഹിത് തന്നെ ഏക ചോയ്‌സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താരലേലത്തിന് മുമ്പ് തന്നെ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ പിടിച്ചെടുത്തുകൊണ്ട് വന്‍ ബില്‍ഡപ്പായിരുന്നു മുംബൈ ഇന്ത്യന്‍സ് നടത്തിയത്. പാണ്ഡ്യയെ ടീമിലേക്ക് തിരിച്ചുകൊണ്ടുവെന്ന് മാത്രമല്ല തങ്ങള്‍ ഭാവിടീമിനെ വാര്‍ത്തെടുക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് അഞ്ചു തവണ ടീമിനെ കിരീടത്തിലേക്ക് നയിച്ച രോഹിത് ശര്‍മ്മയെ നായകസ്ഥാനത്ത് നിന്നും മാറ്റി ഹര്‍ദികിന് അത് നല്‍കുകയും ചെയ്തു. എന്നാല്‍ എല്ലാം ഇപ്പോള്‍ വെള്ളത്തില്‍ വരച്ച വര പോലെയാകുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.

ഏകദിന ലോകകപ്പിനിടയില്‍ കാല്‍മുട്ടിന് പരിക്കേറ്റ ഹര്‍ദിക് പാണ്ഡ്യയ്ക്ക് ഐപിഎല്ലും നഷ്ടമായേക്കുമെന്ന് സംശയം ഉയരുന്നു. ലോകകപ്പില്‍ താരത്തിനേറ്റ പരിക്ക് അല്‍പ്പം കുടി ഗുരുതരമാണെന്നും ദീര്‍ഘകാലം താരത്തിന് ചികിത്സയില്‍ തുടരേണ്ടി വരുമെന്നുമാണ് സൂചനകള്‍. ലോകകപ്പിലെ ബാക്കി മത്സരങ്ങളും ഓസ്‌ട്രേലിയയ്ക്ക് എതിരേയുള്ള ടി20 ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയുള്ള ഏകദിന പരമ്പരകളും നഷ്ടമായ താരത്തിന് ഇന്ത്യയുടെ അടുത്തതായി വരാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരേയുള്ള മത്സരങ്ങളും നഷ്ടമായേക്കുമെന്നാണ് കിട്ടുന്ന സൂചനകള്‍.

അഫ്ഗാനിസ്ഥാനെതിരേ മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇതാകട്ടെ ജനുവരി 11 നും 17 നും ഇടയിലാണ്. ഇത് ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുമാണ്. സൂര്യകുമാര്‍ യാദവ് കൂടി പരിക്കേറ്റ് മാറിയതോടെ ടീമിനെ ആരു നയിക്കുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. ഹര്‍ദികും സൂര്യകുമാറും ഒരുപോലെ പരിക്കേറ്റതോടെ നായകസ്ഥാനത്തേക്ക് പുതിയൊരു പേരു കൂടി കണ്ടെത്തേണ്ട ഗതികേടിലാണ് ടീം ഇന്ത്യ.

ഇതിന് പിന്നാലെയാണ് ഐപിഎല്‍വരുന്നത്. ഹര്‍ദിക്പാണ്ഡ്യയുടെ റിക്കവറി നീണ്ടാല്‍ ഐപിഎല്ലും താരത്തിന് നഷ്ടമാകും. ഒരുപക്ഷേ ഐപിഎല്ലിലെ മുഴുവന്‍ കളികളും താരത്തിന് നഷ്ടമായേക്കുമെന്ന് സൂചനകളുണ്ട്. നിലവില്‍ താരത്തിന്റെ സ്ഥിതി അനിശ്ചിതത്വത്തിലാണ്. എപ്പോള്‍ തിരിച്ചുവരുമെന്ന് ഒരു വ്യക്തതയുമില്ല. മുംബൈ ഇന്ത്യന്‍സിനും ഇത് കെണിയാണ്. ഐപിഎല്‍ 2024 സീസണിലേക്ക് താരത്തെ നായകനായി നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. നായകനായി 10 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്ന രോഹിത് ശര്‍മ്മയ്ക്ക് നായകസ്ഥാനം തിരിച്ചുകൊടുക്കുന്നതിനെ കുറിച്ചല്ലാതെ മുംബൈ ഇന്ത്യന്‍സിനും ടീം ഇന്ത്യയ്ക്കും വേറെ വഴിയില്ലെന്ന സ്ഥിതിയാണ്.