സൈനികര്‍ക്കും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കും അറബി ഭാഷയിലും ഇസ്ലാമിക പഠനത്തിലും പരിശീലനം നിര്‍ബന്ധമാക്കി ഇസ്രയേല്‍ പ്രതിരോധസേന. 2023 ഒക്‌ടോബര്‍ 7 നുണ്ടായ ഹമാസ് ആക്രമണത്തിനു കാരണം ഇന്റലിജന്‍സ് പരാജയമാണെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണു തീരുമാനമെന്ന് ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ വിശകലന ശേഷി ശക്തിപ്പെടുത്തുകയാണു പരിശീലനത്തിന്റെ ലക്ഷ്യം. അടുത്ത വര്‍ഷം അവസാനത്തോടെ, ഇസ്രയേല്‍ മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ഇസ്ലാമിക പഠനങ്ങളില്‍ പരിശീലനം നല്‍കും. 50 ശതമാനം പേര്‍ക്ക് അറബി ഭാഷാ പരിശീലനവും. മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റ് (അമാന്‍) മേധാവി മേജര്‍ ജനറല്‍ ഷ്‌ലോമി ബൈന്‍ഡറാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.
ഹൂതി, ഇറാഖികളുടെയും ഭാഷാഭേദങ്ങളിലും പ്രത്യേക പരിശീലനം നല്‍കും. ഹൂതി ആശയവിനിമയങ്ങള്‍ മനസിലാക്കുന്നതില്‍ ഇസ്രയേലി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. യെമനിലും അറബ് രാജ്യങ്ങളിലെ മറ്റ് ഭാഗങ്ങളിലും ആളുകള്‍ ലഘുവായ മയക്കുമരുന്ന് സസ്യമായ ‘ഖാത്തി’ന്റെ ഉപയോഗം സംസാര വ്യക്തതയെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
”ഇതുവരെ, സംസ്‌കാരം, ഭാഷ, ഇസ്ലാം എന്നീ മേഖലകളില്‍ നമ്മള്‍ വേണ്ടത്ര മികവ് പുലര്‍ത്തിയിട്ടില്ല. ഈ മേഖലകളില്‍ നമ്മള്‍ മെച്ചപ്പെടേണ്ടതുണ്ട്. നമ്മുടെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെയും സൈനികരെയും അറബ് കുട്ടികളാക്കി മാറ്റുകയല്ല. പക്ഷേ ഭാഷയും സാംസ്‌കാരിക പഠനങ്ങളും വഴി നമുക്ക് അവരില്‍ ആഴത്തിലുള്ള നിരീക്ഷണം വളര്‍ത്താന്‍ കഴിയും”- മുതിര്‍ന്ന ‘അമാന്‍’ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അറബി, ഇസ്ലാമിക വിദ്യാഭ്യാസത്തിനായി പുതിയ വകുപ്പ് ആരംഭിക്കുമെന്നാണു സൂചന. സ്‌കൂളുകളില്‍ അറബി, പശ്ചിമേഷ്യന്‍ പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നേരത്തെയുണ്ടായിരുന്ന വകുപ്പും ഇസ്രയേല്‍ പ്രതിരോധസേന പുനരാരംഭിക്കും.




