Lifestyle

കൂടുതല്‍ കാലം ജീവിക്കണോ? നിങ്ങളുടെ ജീവിതക്രമത്തില്‍ നിന്ന് ഈ ശീലങ്ങള്‍ ഒഴിവാക്കുക

ചിട്ടയായ ആഹാരക്രമവും ജീവിതരീതിയും ശീലിച്ചാല്‍ കൂടുതല്‍ കാലം ജീവിക്കാമെന്ന് എല്ലാവരും പറയാറുണ്ട്. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കുന്നവര്‍ കുറവാണ്. സോഡ, മധുരം കൂടിയ അളവിലുള്ള ജ്യൂസുകള്‍ എന്നിവ സ്ഥിരമായി കുടിക്കുന്നത് ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പച്ചക്കറികള്‍, പഴങ്ങള്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ആഹാരം ഡയറ്റില്‍ കൂടുതല്‍ ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. നിങ്ങളുടെ ജീവിതക്രമത്തില്‍ നിന്ന് ഒഴിവാക്കപ്പെടേണ്ട ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

മദ്യപാനം – ചെറുതായി മദ്യപിക്കുന്നത് ആര്‍ക്കും അത്ര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കില്ല. എന്നാല്‍ അതില്‍ കൂടുതലായാല്‍ പ്രശ്നമാകും. എട്ടു പെഗ്ഗില്‍ കൂടുതല്‍ ഒരാഴ്ച സ്ത്രീകള്‍ കുടിച്ചാലും പതിനഞ്ചു പെഗ്ഗില്‍ കൂടുതല്‍ പുരുഷന്മാര്‍ കുടിച്ചാലും അത് അമിതമായാണ് കണക്കാക്കുന്നത്. ക്യാന്‍സര്‍, ശ്വാസകോശരോഗങ്ങള്‍, ഹൃദ്രോഗം എന്നിവയാണ് അമിതമദ്യപാനം മൂലം ഉണ്ടാകാവുന്ന വിപത്തുകള്‍.

പുകവലി – പുകവലി ആരോഗ്യത്തിനു ഹാനീകരമാണെങ്കിലും ചിലര്‍ക്ക് അത് ഉപേക്ഷിക്കാന്‍ സാധിക്കില്ല. ക്യാന്‍സര്‍ മാത്രമല്ല പുകവലിയുടെ ഫലം. ഹൃദയാഘാതം, രക്തക്കുഴലുകളെ ബാധിക്കുന്ന ഗാന്‍ഗ്രീന്‍, രക്തപ്രവാഹം തടസപ്പെടല്‍. പക്ഷാഘാതം, ബുദ്ധിമാന്ദ്യം, വിഷാദരോഗങ്ങള്‍, ആമാശയത്തിലേയും കുടലിലേയും വ്രണങ്ങള്‍, വന്ധ്യത, ഉദ്ദാരണശേഷിക്കുറവ്, പ്രമേഹം, ഗര്‍ഭമലസല്‍ എന്നിവയൊക്കെ പുകവലി മൂലം ഉണ്ടാകുന്നു.

അമിതഭാരം, കുറഞ്ഞ ഭാരം – ഇതു രണ്ടും പ്രശ്നമാണ്. ഓവര്‍ വെയ്റ്റ് ആയാല്‍ ഉണ്ടാകുന്ന രോഗങ്ങള്‍ പോലെ തന്നെ അപകടകരമാണ് അണ്ടര്‍ വെയ്റ്റ് ആയാലും. 18.5 – 24.9 ബോഡി മാസ് ഇന്‍ഡക്സ് ആണ് ഒരാളുടെ ആരോഗ്യകരമായ ഭാരം. ഇത് കൂടിയാലും കുറഞ്ഞാലും ആപത്താണ്. പോഷകാഹാരം ശീലമാക്കി ആരോഗ്യം സംരക്ഷിക്കുക. ജങ്ക് ഫുഡ് ഒഴിവാക്കി, വ്യായാമം ശീലമാക്കിയാല്‍ അമിതഭാരം തടയാം.

ദീര്‍ഘനേരത്തെ ഇരുപ്പ് – ദീര്‍ഘനേരം ഒരേയിരുപ്പ് ഇരുന്നുള്ള ജോലിയും സൂക്ഷിക്കണം. അത് ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുമെന്നാണ് പഠനം. ഒരുപാട് നേരം കമ്പ്യൂട്ടറുകള്‍ക്ക് മുന്നില്‍ ഇരുന്ന് ജോലി ചെയ്യുന്നത് അസ്ഥികളുടെ ബലക്ഷയത്തിനും നട്ടെല്ലിന് മുറിവുകളുണ്ടാകുന്നതിനും കാരണമായേക്കാം എന്ന് പഠനങ്ങള്‍ പറയുന്നു. തല ആവശ്യാനുസരണം ചലിപ്പിക്കാനുള്ള കഴിവിനെ പോലും ഇത് ദോഷകരമായി ബാധിച്ചേക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇരുന്നു കൊണ്ടു ജോലി ചെയ്യുന്നവര്‍ ഇടയ്ക്കിടെ ലഘുവ്യായാമങ്ങള്‍ ചെയ്യുന്നതു നല്ലതാണ്. ഇത് ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ഗുണം ചെയ്യും.