ഇൻഡോറിലെ വിജയ് നഗർ ഏരിയയിൽ ഒരു കൂട്ടം യുവതികൾ തമ്മിൽ വഴക്കിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു പബ്ബിൽ നിന്ന് പുറത്തിറങ്ങിയ പെൺകുട്ടികളാണ് മദ്യലഹരിയിൽ പരസ്പരം ഇടിക്കുന്നതും മുടിയിൽ പിടിച്ച് വലിക്കുന്നതും ചീത്തവിളിക്കുന്നതും ചെയ്യുന്നത്.
ബുധനാഴ്ച ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട വീഡിയോ, ശനിയാഴ്ച രാത്രി മൽഹാർ മെഗാ മാളിന് പുറത്ത് നടന്ന തീവ്രമായ വാക്കേറ്റമാണ് കാണിക്കുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു.
പോലീസ് റിപ്പോർട്ട് പ്രകാരം, ഇൻഡോറിലെ ലസുദിയയിലെ ദേവി അഹല്യ ഗാർഡന് സമീപമുള്ള സ്കീം നമ്പർ 136 ൽ താമസിക്കുന്ന നേഹ അജ്നാർ എന്ന 20 കാരിയായ യുവതി സംഭവത്തിന് ശേഷം എഫ്ഐആർ ഫയൽ ചെയ്തു. ക്ലബ്ബിന് പുറത്തുള്ള ഒരു ആൺകുട്ടിയുടെ അശ്ലീല കംമെന്റിനെ എതിർത്തതിന് പിന്നാലെ താൻ അധിക്ഷേപിക്കപെടുകയും ആക്രമിക്കപെടുകയും ചെയ്തതായി നേഹ പരാതിയിൽ പറയുന്നു.
മെയ് 18 ന് രാത്രി താനും സുഹൃത്ത് ബുൾബുളും ഒരു പാർട്ടിക്ക് ഒരു ക്ലബ്ബിലേക്ക് പോയിരുന്നതായി നേഹയുടെ മൊഴിയിൽ പറയുന്നു. ഏകദേശം 12:15 ന്, അവർ ക്ലബ് വിട്ട് ഇറങ്ങുമ്പോൾ, മൂന്ന് നാല് ആൺകുട്ടികളും ഒരു പെൺകുട്ടിയും അടങ്ങുന്ന ഒരു സംഘം അവരുടെ പിന്നാലെ കൂടുകയും കറുത്ത ഷർട്ട് ധരിച്ച ആൺകുട്ടികളിൽ ഒരാൾ നേഹയ്ക്ക് നേരെ അശ്ലീല കമന്റ് പാസാക്കുകയുമായിരുന്നു.
ഇതുകേട്ട് നേഹ യുവാവിനെ എതിർക്കുകയും നിശബ്ദമായി പോകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, മാളിന്റെ സൈഡ് ഗേറ്റിലെത്തിയപ്പോൾ അതേ സംഘം വീണ്ടും ഇവരെ പിന്തുടരുകയും അസഭ്യം പറയുകയും ചെയ്തു. താമസിയാതെ, സംഘം നേഹയെയും ബുൾബുളിനെയും അടിക്കുകയും ശാരീരികമായി ആക്രമിക്കാൻ തുടങ്ങുകയും ചെയ്തു. ഇരുവരും തിരിച്ചടിക്കുകയും ഈ സമയം മറ്റ് ഗ്രൂപ്പിലെ പെൺകുട്ടികൾ ഇവരെ മർദ്ധിക്കാൻ ഓടിയെത്തുകയും ചെയ്തു.
മെയ് 19 ന് പുലർച്ചെ 12:05 നും 12:20 നും ഇടയിലാണ് സംഭവം. സംഭവത്തിൽ വിജയ് നഗർ പോലീസ് ബിഎൻഎസിന്റെ (ഭാരതീയ ന്യായ് സന്ഹിത) സെക്ഷൻ 115, 296, 3(5) പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും വിഷയം അന്വേഷിക്കുകയും ചെയ്തു. ഏതായാലും അക്രമികളെ കുറിച്ച് നിലവിൽ വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. പ്രതികളെ തിരിച്ചറിയാൻ മാളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.