വ്യത്യസ്തമായ വിവാഹ വിഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പലപ്പോഴും വൈറലാകാറുണ്ട്. അത്യാഢംബര വിവാഹങ്ങളും അതിലെ രസകരമായ ചടങ്ങുകളും വിചിത്രമായ ആചാരങ്ങളും തുടങ്ങി വൈറലാകാന്‍ കാരണങ്ങള്‍ പലപ്പോഴും പലതാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാകുന്നത് പാക്കിസ്ഥാനിലെ ഒരു വിവാഹാഘോഷമാണ്. ആര്‍ഭാടത്തിന്റെ സര്‍വ്വസീമകളും ഭേദിച്ച് വീടിനുമുകളില്‍നിന്ന് പണം വര്‍ഷിച്ച് ഒരു കല്യാണ ആഘോഷം!
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദിൽ നിന്നുള്ള വിഡിയോയാണ് ഇത്. വധുവിന്റെ വീടിനു മുകളില്‍നിന്ന് വിമാനത്തില്‍ ലക്ഷക്കണക്കിന് രൂപ മഴയായി വര്‍ഷിക്കുകയാണ് വരന്റെ പിതാവ്. വൈറലായ വിഡിയോയില്‍ വിമാനം വധുവിന്റെ വീടിന് മുകളിലൂടെ പറക്കുന്നതും നോട്ടുകള്‍ വര്‍ഷിക്കുന്നതും വ്യക്തമായി കാണാം.
സംഭവം വൈറലാണെങ്കിലും സോഷ്യല്‍ മീഡിയില്‍ കനത്ത വിമര്‍ശനവും ഉയരുന്നുണ്ട്. ‘ആകാശത്ത് നിന്ന് പണം വര്‍ഷിക്കുന്നതിന് പകരം, ഈ പണം പാവപ്പെട്ടവരെ സഹായിക്കാൻ ഉപയോഗിക്കാമായിരുന്നു’ എന്നാണ് ഒരാള്‍ കുറിച്ചത്. സമ്പത്ത് എങ്ങനെ ചെലവഴിക്കരുത് എന്നതിന്റെ ഉദാഹരണമാണിതെന്ന് എന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു.
അതേസമയം, ചിലര്‍ സംഭവത്തെ തമാശയായി മാത്രം കാണുന്നു. ‘വരൻ ജീവിതകാലം മുഴുവൻ പിതാവിന്റെ കടം വീട്ടേണ്ടി വരുമെന്നാണ് തോന്നുന്നത്’ എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. ‘വരനെ മറന്നേക്കുക, വധുവിന്റെ അയൽക്കാരായിരിക്കണം ഇന്ന് ലോകത്ത് ഏറ്റവുമധികം സന്തോഷിക്കുന്നത്’ എന്ന് മറ്റൊരാളും തമാശ രൂപേണ കുറിച്ചു.