Crime

കുഞ്ഞ് മകന്റേതല്ല; മരുമകളെ സംശയം; പിഞ്ചുകുഞ്ഞിനെ വായില്‍ മണല് വാരി കുത്തിനിറച്ചു കൊന്ന് മുത്തശ്ശി

തന്റെ മകന്റെ കുഞ്ഞല്ല എന്ന സംശയത്തില്‍ മരുമകളോടുള്ള പകയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി മുത്തശ്ശി. 15 മാസം മാത്രം പ്രായമുള്ള പേരക്കുഞ്ഞിനെയാണ് കുട്ടി തന്‍റെ മകന്റേതല്ല എന്ന് പറഞ്ഞ് മുത്തശ്ശി വകവരുത്തിയത്. മരുമകള്‍ക്ക് അവിഹിതബന്ധത്തിലുടെ ജനിച്ച കുഞ്ഞിനെ മകന്റെ തലയില്‍ കെട്ടിവച്ചുവെന്നാണ് 60കാരിയായ വിരുതാംബാളിന്റെ ആരോപണം. തമിഴ്നാട്ടിലെ അരിയലൂര്‍ ജില്ലയിലാണ് ക്രൂരമായ സംഭവം നടന്നത്.

വിരുതാംബാളിനെ പൊലീസ് അറസ്റ് ചെയ്തു. 15 മാസം പ്രായമുള്ള കൃതിക എന്ന പെണ്‍കുഞ്ഞാണ് അരിയലൂരില്‍ കൊല്ലപ്പെട്ടത്. വിരുതാംബാളുടെ മകന്‍ രാജ വിദേശത്താണ് ജോലി ചെയ്യുന്നത്. രാജയുടെ ഭാര്യ സന്ധ്യയും രണ്ടു മക്കളും മുത്തശ്ശിക്കൊപ്പമായിരുന്നു താമസം. മകന്‍ രാജ വിദേശത്തേക്ക് പോകുമ്പോള്‍ ഇരുപത്തിയൊന്നുകാരിയായ സന്ധ്യ രണ്ടാമതും ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ഇത് സന്ധ്യയുടെ അവിഹിതബന്ധത്തിലുള്ള ഗര്‍ഭമാണെന്നാണ് വിരുതാംബാളിന്റെ ആരോപണം.

ഇതിനെച്ചൊല്ലി സ്ഥിരമായി വിരുതാമ്പാള്‍ തന്നോട് വ​ഴക്കുണ്ടാക്കിയിരുന്നതായി സന്ധ്യ പൊലീസിനോടു പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച മക്കളെ വീട്ടില്‍ വിട്ട് സൊസൈറ്റിയില്‍ നിന്ന് പാല്‍ വാങ്ങാന്‍ പോയതാണ് സന്ധ്യ. തിരിച്ചെത്തുമ്പോള്‍ കാണുന്നത് മകള്‍ കൃതിക ബോധമറ്റ് കിടക്കുന്നതാണ് . ഉടന്‍ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അവിടെയെത്തും മുന്‍പേ കുഞ്ഞ് മരിച്ചിരുന്നു.

സന്ധ്യയുടെ പരാതിയിന്മേല്‍ വിരുതാംബാളിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടക്കത്തില്‍ വിസമ്മതിച്ചുവെങ്കിലും മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ വിരുതാംബാള്‍ കുറ്റം സമ്മതിച്ചു. മൂത്തസഹോദരനുമായി മണല്‍വാരിയെറിഞ്ഞ് കളിക്കുകയായിരുന്നു കൃതിക. ഇത് കണ്ടപ്പോള്‍ തനിക്ക് വല്ലാതെ ദേഷ്യം വന്നുവെന്നും കുഞ്ഞിന്റെ വായില്‍ മണല് വാരി കുത്തിനിറച്ചുവെന്നുമാണ് വിരുതാംബാള്‍ പൊലീസിനോട് പറഞ്ഞത്. ഇതാണ് മരണകാരണമെന്നാണ് വിവരം. തുടരന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.