ണ്ണൂർ: ജയില്‍ ചാടിയ കുറ്റവാളി ഗോവിന്ദച്ചാമി പോലീസിന്റെ പിടിയിലായി. ജയിലിൽനിന്ന് മതിൽചാടി രക്ഷപ്പെട്ട് കിണറ്റിലൊളിച്ച ഗോവിന്ദച്ചാമിയെ പുറത്തെടുത്തത് അതിസാഹസികമായി. നാട്ടുകാരും പൊലീസും ചേർന്ന് ഗോവിന്ദച്ചാമിയുടെ ഒറ്റകൈയിൽ പിടിച്ച് വലിച്ചാണ് പുറത്തെടുത്തത്. മുകളിൽ എത്താറായപ്പോൾ കിണറ്റിൽ കരയിൽ കൂടിനിന്നവർ മുഖത്തടിക്കുകയും തലമുടിയും കാൽപാദവും പിടിച്ചുവലിക്കുകയും ചെയ്തു.
കറുത്ത പാന്റും വെളുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാട്ടുകാർ ഒന്നാകെ നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്. നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫിസിന്റെ കിണറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ.
കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍ നിന്ന് ചാടിയ പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെ തളാപ്പ് പരിസരത്ത് വച്ച് ഒരു കൈ ഇല്ലാത്ത ഒരാളെ സംശയകരമായി കാണുകയായിരുന്നു. ഗോവിന്ദച്ചാമി എന്ന് ഉറക്കെ വിളിച്ചതോടെ ഇയാള്‍ സമീപത്തെ കാടുപിടിച്ച് കിടക്കുന്ന പ്രദേശത്തേക്ക് ഓടി. പ്രദേശത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു.
തളാപ്പിലുള്ള കണ്ണൂര്‍ ഡിസിസി ഓഫീസ് പരിസരത്തു വെച്ചാണ് ഗോവിന്ദച്ചാമിയെ കണ്ടതായുള്ള സൂചനകള്‍ ലഭിച്ചത്. ഒമ്പത് മണിയോടെയാണ് ഇത്തരത്തിലുള്ള ഒരാളെ കണ്ടത്. തളാപ്പ് മേഖലയിലെത്തിയ ഗോവിന്ദച്ചാമി സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കയറിയതായി സൂചനകൾ ലഭിച്ചിരുന്നു. വീട് വളഞ്ഞ് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
പിടിയിലായ പ്രതിയെ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുമെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. പ്രതിക്കായി പഴുതകളടച്ച അന്വേഷണമായിരുന്നു പോലീസ് നടത്തിയത്. നഗരം വിട്ടുപോയിട്ടില്ലെന്നുതന്നെയായിരുന്നു പോലീസ് നിഗമനം. ഇത് ശരിവെക്കുന്നതായിരുന്നു പിന്നീട് പ്രതിയെ കണ്ണൂർ നഗരത്തിൽ പ്രതിയെ കണ്ടെന്ന സൂചനകൾ. ഗോവിന്ദച്ചാമി നടന്നുനീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഇത് പ്രതിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു.
കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ഇന്ന് രാവിലെ ഏഴുമണിയോടെ ജയിൽ അധികൃതർ സെൽ പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത് അറിയുന്നത്. ജയിൽ അധികൃതർ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചു. സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാൾ ഇയാൾ പുറത്തെത്തിയത്. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി വടമുണ്ടാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നു.
2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളജിൽവച്ച് സൗമ്യ മരിച്ചു.കോളിളക്കം സൃഷ്ടിച്ച കേസിൽ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിലെടുത്ത് വധശിക്ഷ സുപ്രീം കോടതി 2016 ൽ റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയുമായിരുന്നു.




