Health

ഭൂമിയുടെ താപനില ഉയരുന്നത് മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരുടെ മരണ നിരക്ക് വർധിപ്പിക്കും

കാലാവസ്ഥാ വ്യതിയാനം നിരവധി ശാരീരിക പ്രശ്‌നങ്ങളാണ് സൃഷ്ടിയ്ക്കുന്നത്. ഭൂമിയുടെ ഉയരുന്ന താപനില മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരെ ബാധിയ്ക്കുന്നതിനെ കുറിച്ചുള്ള പഠനമാണ് ശ്രദ്ധേയമാകുന്നത്. കാനഡയില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നത്, മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരുടെ മരണ നിരക്ക് വര്‍ധിപ്പിക്കാന്‍ ഭൂമിയുടെ ഉയരുന്ന താപനില കാരണമാകുമെന്നാണ്.

ഉയര്‍ന്ന താപനില വരുമ്പോള്‍ മാനസികാരോഗ്യ പ്രശ്‌നമുള്ളവരുടെ കാര്യത്തില്‍ പ്രത്യേക പരിചരണവും ശ്രദ്ധയും ആവശ്യമാണെന്നു റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഉയരുന്ന താപനില ആത്മഹത്യ പ്രവണതകള്‍ വര്‍ധിപ്പിക്കുന്നതായി ചില മുന്‍ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. 2021 ജൂണില്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ ഉണ്ടായ ഉഷ്ണകാറ്റിനെ തുടര്‍ന്നുണ്ടായ കടുത്ത ചൂടില്‍ മരണമടഞ്ഞവരില്‍ എട്ട് ശതമാനം ചിത്തഭ്രമം ബാധിക്കപ്പെട്ടവരായിരുന്നു എന്ന് ബ്രിട്ടിഷ് കൊളംബിയ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു.

ചൂടും തണുപ്പുമെല്ലാം തിരിച്ചറിഞ്ഞു ശരീര താപനിലയെ ക്രമീകരിക്കാന്‍ സഹായിക്കുന്ന തലച്ചോറിന്റെ ഭാഗമാണ് ഹൈപോതലാമസ്. ചൂട് തോന്നുമ്പോള്‍ വെള്ളം കുടിക്കാനും തണുപ്പ് തോന്നുമ്പോള്‍ കോട്ട് ധരിക്കാനുമെല്ലാം തലച്ചോറിനു സന്ദേശം നല്‍കുന്നത് ഹൈപോതലാമസാണ്. മാനസിക രോഗമുള്ളവരില്‍ ഹൈപോതലാമസിലേക്കുള്ള നാഡീവ്യൂഹസന്ദേശങ്ങള്‍ കൃത്യമായി ലഭിക്കാത്ത അവസ്ഥയുണ്ടാകാമെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

ശരീരതാപനില നിയന്ത്രിക്കാന്‍ സഹായിക്കുന്ന തലച്ചോറിലെ കെമിക്കലുകളായ സെറോടോണിനും ഡോപ്പമിനും മാനസികാരോഗ്യമുള്ളവരില്‍ കുറവാണ്. ഇവയെല്ലാം വിയര്‍ക്കാനും ശരീരോഷ്മാവ് കുറയ്ക്കുന്നതിനുമുള്ള സാധ്യത മാനസികാരോഗ്യപ്രശ്‌നമുള്ളവരില്‍ ഇല്ലാതാക്കുമെന്നു ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സ്‌കിസോഫ്രീനിയ, ബൈപോളാര്‍ ഡിസോഡര്‍, പാരനോയിയ, മതിഭ്രമം, ഉത്കണ്ഠ തുടങ്ങിയവയ്ക്കായി കഴിക്കുന്ന മരുന്നുകളും രോഗിയുടെ ശരീരതാപനില ഉയര്‍ത്തുകയും നിര്‍ജലീകരണം ഉണ്ടാക്കുകയും ചെയ്യാം. ചൂടുള്ള താപനില ഉറക്കത്തെ ബാധിക്കുന്നതും മാനസികരോഗമുള്ളവരില്‍ സങ്കീര്‍ണതകള്‍ ഉണ്ടാക്കാമെന്നു ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

എസി ഉപയോഗിക്കുന്നതും ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതും ചൂടുള്ള സമയത്തു പുറത്തിറങ്ങാതെ ഇരിക്കുന്നതും സഹായകമാണ്. സണ്‍സ്‌ക്രീന്‍, തൊപ്പികള്‍, അയഞ്ഞതും മങ്ങിയ നിറമുള്ളതുമായ വസ്ത്രങ്ങള്‍, തണുത്ത വെള്ളത്തിലെ കുളി എന്നിവയും ചൂടിന്റെ കാഠിന്യം കുറച്ച് മാനസികരോഗികളുടെ മരണ സാധ്യത ലഘൂകരിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.