Oddly News

സ്ത്രീകള്‍ക്ക് നഗരാസക്തി; ഗ്രാമീണ യുവാക്കളെ കല്യാണം കഴിച്ചാല്‍ 6 ലക്ഷം യെന്‍ സമ്മാനം…!

പുതുതലമുറയിലെ യുവതികളില്‍ വര്‍ദ്ധിച്ചുവരുന്ന നഗരാസക്തിയുടെ തോത് കുറയ്ക്കാന്‍ ഗ്രാമത്തിലെ യുവാക്കളെ വിവാഹം കഴിക്കുന്ന സ്ത്രീകള്‍ക്ക് ധനസഹായം നല്‍കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ജപ്പാന്‍. ഗ്രാമപ്രദേശങ്ങളിലേക്ക് യുവതികളെ ആകര്‍ഷിക്കാനും ആളൊഴിഞ്ഞുകൊണ്ടിരിക്കുന്ന ഗ്രാമീണ മേഖലകളിലേക്ക് കൊണ്ടുവരാനും നടത്തിയ നീക്കത്തില്‍ ആറ് ലക്ഷം യെന്‍ ആണ് സ്ത്രീകള്‍ക്ക് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ടീഷന്‍ ഒന്നു മാത്രമേയുള്ളൂ നഗരം വിട്ട് ഗ്രാമത്തിലേക്ക് തിരികെ പോകണമെന്ന് മാത്രം.

മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും നഗരത്തിലെ കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കും വേണ്ടി സ്ത്രീകള്‍ ധാരാളമായി ഗ്രാമപ്രദേശങ്ങള്‍ വിട്ടുപോകുന്നുണ്ട്. ജപ്പാന്റെ 2023 പോപ്പുലേഷന്‍ മൈഗ്രേഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ഏകദേശം 68,000 ആളുകളാണ് ഗ്രാമങ്ങളില്‍ നിന്നും ടോക്കിയോ പോലുള്ള നഗരങ്ങളിലേക്കും മറ്റും മാറിത്താമസിച്ചത്. അവരില്‍ പകുതിയിലേറെയും സ്ത്രീകളുമാണ്. നഗരങ്ങളിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത് കൊണ്ട് രാജ്യത്തെ വികസനപ്രവര്‍ത്തനങ്ങള്‍ ആടിയുലയുകയാണ്. ഇത് ഗ്രാമീണ മേഖലയിലെ തൊഴിലാളികളുടെ എണ്ണം കുറച്ചു.

ഗ്രാമപ്രദേശങ്ങളില്‍ നിരവധി വീടുകളാണ് ശൂന്യമായി കിടക്കുന്നത്. ആളുകള്‍ കുറഞ്ഞതോടെ സ്‌കൂളുകളും ആശുപത്രികളും അടച്ചുപൂട്ടേണ്ടി വരുന്ന സ്ഥിതിയുമുണ്ട്. മേഖലയില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ലും കുറവ് വന്നു. ഇതോടെ ജനസംഖ്യാ ക്രമീകരണവും സാമ്പത്തിക വികസനവും സന്തുലിതമാക്കുന്നതിന്, ടോക്കിയോ വിട്ട് ഗ്രാമപ്രദേശങ്ങളിലെ പുരുഷന്മാരെ വിവാഹം കഴിക്കാന്‍ തയ്യാറുള്ള സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ 600,000 യെന്‍ വരെ ഇന്‍സെന്റീവ് വാഗ്ദാനം ചെയ്യാന്‍ തുടങ്ങി.

ടോക്കിയോയിലെ 23 മുനിസിപ്പാലിറ്റികളില്‍ താമസിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ എല്ലാ അവിവാഹിതരായ സ്ത്രീകള്‍ക്കും സബ്‌സിഡി പ്രയോജനപ്പെടുത്താം. ഗ്രാമപ്രദേശങ്ങളിലേക്ക് തിരിച്ചുപോകുന്ന എല്ലാ സ്ത്രീകളുടെയും യാത്രാ ചെലവും സര്‍ക്കാര്‍ വഹിക്കും. എന്നാല്‍ പദ്ധതി ആള്‍ക്കാര്‍ കാര്യമായി ഏറ്റെടുത്തില്ല. അതു മാത്രമല്ല രാജ്യത്തുടനീളം ഈ നിര്‍ദ്ദേശത്തിനെതിരെ രോഷം ഉയരുകയും ചെയ്തതോടെ സര്‍ക്കാര്‍ പതിയെ പിന്‍വാങ്ങിയിട്ടുണ്ട്. പദ്ധതിയിപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.