Good News

വലിയഅളവില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് പെണ്‍കുട്ടിയുടെ പ്രാങ്ക്; റെസ്‌റ്റോറന്റ് അതൊരു കാരണ്യപ്രവര്‍ത്തിയാക്കി മാറ്റി…!

അസാധാരണമായ ഒരു തട്ടിപ്പ് ഭക്ഷണമില്ലാത്ത ഒരു കുടുംബത്തിന് കാരണ്യത്തിന്റെ ഉറവയായി മാറിയ ഒരു കഥ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഒരു പെണ്‍കുട്ടി വന്‍തുകയ്ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് നടത്തിയ ഒരു വന്‍തട്ടിപ്പില്‍ പണം നഷ്ടമായ റെസ്‌റ്റോറന്റ് അവരോട് ശത്രുത കാട്ടുന്നതിന് പകരം മറ്റൊരാളോട് ദയ കാട്ടാന്‍ ഉപയോഗിച്ച സംഭവമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്.

ഒരു റെസ്റ്റോറന്റിന്റെ ഹൃദയസ്പര്‍ശിയായ കഥ സോഷ്യല്‍ മീഡിയയില്‍ അവര്‍ പങ്കിട്ടു. എവ്ലിന്‍ എന്ന പെണ്‍കുട്ടിയാണ് റെസ്‌റ്റോറന്റിനെ പ്രാങ്ക് ചെയ്തത്. അവര്‍ ഒരു വലിയ അളവില്‍ ഫുഡ് ഓര്‍ഡര്‍ നല്‍കിയെങ്കിലും അത് വാങ്ങാന്‍ അവര്‍ എത്തിയില്ല. പിന്നാലെ റസ്റ്റോറന്റിന്റെ നമ്പര്‍ ബ്ലോക്കും ചെയ്തു. പണവും സമയവും നഷ്ടമായ റെസ്റ്റോറന്റ് പക്ഷേ കസ്റ്റമറിനോട് ദേഷ്യം കാണിക്കുന്നതിന് പകരം അവര്‍ അവള്‍ക്ക് ഒരു സന്ദേശം എഴുതി. ”മികച്ച സേവനം എല്ലായ്‌പ്പോഴത്തെയും ഞങ്ങളുടെ മുദ്രാവാക്യമാണ്. അത് തുടരുക തന്നെ ചെയ്യും. അതുകൊണ്ടാണ് നിങ്ങളുടെ ഒരു മോശം പ്രവൃത്തി ഉണ്ടായിരുന്നിട്ടും ഞങ്ങള്‍ക്ക് ഇങ്ങിനെ ചെയ്യാന്‍ കഴിയുന്നത്. നിങ്ങള്‍ക്ക് വിജയം ആശംസിക്കുന്നു.”

പക്ഷേ പിന്നീടായിരുന്നു കഥയിലെ ട്വിസ്റ്റ്. അന്നു രാത്രി ഫെര്‍ണാണ്ടോ എന്നു പേരുള്ള ഒരാള്‍ റസ്റ്റോറന്റില്‍ വന്നു. ഭക്ഷണമില്ലാതെ വീട്ടിലെ രണ്ട് പേരക്കുട്ടികളെ പോറ്റാന്‍ താന്‍ പാടുപെടുകയാണ്. സഹായിക്കാമോ? എന്ന് ചോദിച്ചു. റസ്റ്റോറന്റ് എവ്ലിന്‍ ഓര്‍ഡര്‍ ചെയ്തിട്ട് എടുക്കാതിരുന്ന ഭക്ഷണം റെസ്‌റ്റോറന്റ് അദ്ദേഹത്തിന് കൈമാറുകയും ചൂടുള്ള ഭക്ഷണവും പാനീയവും നല്‍കുകയും ചെയ്തു. പണം നല്‍കാന്‍ കഴിയുന്നതുവരെ തന്റെ ഫോണ്‍ റെസ്‌റ്റോറന്റില്‍ വെക്കാമെന്ന് ഫെര്‍ണാണ്ടോ വാഗ്ദാനം ചെയ്തു.

പക്ഷേ, റെസ്റ്റോറന്റ് അത് നിരസിച്ചു. ”അദ്ദേഹത്തിന്റെ പുഞ്ചിരി നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല. അദ്ദേഹം വീട്ടിലേക്ക് കൊണ്ടുപോയത് അത്താഴം മാത്രമായിരുന്നില്ല, അടുത്ത ദിവസത്തേക്കുള്ള പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കൂടിയായിരുന്നു.” റെസ്‌റ്റോറന്റ് കൂട്ടിച്ചേര്‍ത്തു. ബാക്കി മാസങ്ങളില്‍ ഫെര്‍ണാണ്ടോയ്ക്കും കൊച്ചുമക്കള്‍ക്കും ഭക്ഷണം നല്‍കാമെന്ന് റെസ്റ്റോറന്റ് വാഗ്ദാനം ചെയ്തു.

പെണ്‍കുട്ടിയോട് ഒരു നീരസവും ഇല്ലെന്ന് പറഞ്ഞുകൊണ്ടാണ് റെസ്റ്റോറന്റ് അവരുടെ കുറിപ്പ് അവസാനിപ്പിച്ചത്. അതേസമയം ”ഈ സംഭവത്തില്‍ ദൈവത്തിന് ഒരു കൈയുണ്ടെന്ന് എനിക്ക് തോന്നുന്നു… ശരിയായ കര്‍മ്മത്തിന് നിങ്ങളിലേക്ക് എത്തിച്ചേരാനായി ഒരു മാര്‍ഗമുണ്ട്. അത്തരത്തിലുള്ള മറ്റെന്തെങ്കിലും ചെയ്യുന്നതിനുമുമ്പ് അത് നിങ്ങള്‍ ഓര്‍മ്മിക്കുക.” ഒരു ഫേസ്ബുക്ക് ഉപയോക്താവിന്റെ കുറിപ്പ് ഇങ്ങിനെയായിരുന്നു.