Hollywood

‘ഈ കഴിഞ്ഞ ആഴ്ച നിങ്ങള്‍ ഉറങ്ങുകയായിരുന്നോ? ; പലസ്തീനെ അനുകൂലിച്ച ജിജി ഹദീദിനെതിരേ ഇസ്രായേല്‍

ഇസ്രായേല്‍ യുദ്ധം ഹോളിവുഡിനെ രണ്ടു ദിശയിലേക്ക് മാറ്റിയിട്ടുണ്ട്. ജന്മംകൊണ്ട് ഇസ്രായേലുകാരിയായ വണ്ടര്‍വുമണ്‍ ഗാല്‍ ഗാഡോട്ട് അടക്കമുള്ളവര്‍ തന്റെ നാടിന് ഹോളിവുഡില്‍ നിന്നുള്ള പരസ്യപിന്തുണ തന്നെയാണ് തേടിയിട്ടുള്ളത്. ഹോളിവുഡില്‍ നിന്നും അനേകര്‍ ഇസ്രായേലിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പകുതി പാലസ്തീന്‍കാരിയായ സൂപ്പര്‍മോഡല്‍ ജിജി ഹദീദ് പാലസ്തീനെ അനുകൂലിച്ച് നടത്തിയ പോസ്റ്റ് വൈറലാകുകയും ഇസ്രായേല്‍ മറുപടിയുമായി രംഗത്ത് വരികയും ചെയ്തു.

”ഇസ്രായേല്‍ ഗവണ്‍മെന്റിന്റെ പലസ്തീനികളോടുള്ള പെരുമാറ്റം വെച്ചു നോക്കിയാല്‍ ജൂതന്മാരോട് ചെയ്തത് ഒന്നുമില്ല. ഇസ്രായേല്‍ സര്‍ക്കാരിനെ അപലപിക്കുന്നത് യഹൂദവിരുദ്ധമല്ല, ഫലസ്തീനികളെ പിന്തുണയ്ക്കുന്നത് ഹമാസിനെ പിന്തുണയ്ക്കലുമല്ല, ” ജിജി ഹദീദ് 10 ദിവസം മുമ്പ് തെക്കന്‍ ഇസ്രായേലില്‍ ഭീകര സംഘടനയായ ഹമാസ് മാരകമായ ആക്രമണം നടത്തിയതിന് പിന്നാലെ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കുറിച്ചു. ജിജി ഹദീദിനെ വിമര്‍ശിച്ച് ഇസ്രായേല്‍ സര്‍ക്കാര്‍ തൊട്ടു പിന്നാലെ മറുപടിയുമായി വന്നു.

”ഈ കഴിഞ്ഞ ആഴ്ച നിങ്ങള്‍ ഉറങ്ങുകയായിരുന്നോ? യഹൂദ കുഞ്ഞുങ്ങളെ അവരുടെ വീടുകളില്‍ കശാപ്പ് ചെയ്യപ്പെടുമ്പോള്‍ നിങ്ങള്‍ കണ്ണടച്ചിരിക്കുകയായിരുന്നോ? നിങ്ങള്‍ എവിടെ നില്‍ക്കുന്നു എന്നതിനെക്കുറിച്ച് നിങ്ങളുടെ നിശബ്ദത വളരെ വ്യക്തമാണ്. ഞങ്ങള്‍ നിങ്ങളെ കാണുന്നു,” ഇസ്രായേല്‍ ഗവണ്‍മെന്റ് അതിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഞായറാഴ്ച പറഞ്ഞു.”നിങ്ങള്‍ ഇതിനെ അപലപിച്ചില്ലെങ്കില്‍, നിങ്ങളുടെ വാക്കുകള്‍ക്ക് അര്‍ത്ഥമില്ല.” തറയില്‍ കളിപ്പാട്ടങ്ങളുള്ള രക്തം പുരണ്ട കുട്ടികളുടെ മുറിയുടെ വ്യക്തമായ ചിത്രം ഉള്‍പ്പെടുത്തിയായിരുന്നു ഇസ്രായേലിന്റെ മറുപടി പോസ്റ്റ്.