Oddly News

ഗാസിപൂര്‍ ലാന്‍ഡ്ഫില്‍ ; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാലിന്യമല

ദിനംപ്രതി നമ്മള്‍ വലിച്ചെറിയുന്ന മാലിന്യത്തിന്റെ പ്രശ്‌നം ബോദ്ധ്യപ്പെടണമെങ്കില്‍ ഡല്‍ഹിയിലെ ഗാസിപ്പൂരിലേക്ക് ചെന്നാല്‍ മതി. ഏതാണ് 50 ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വലിപ്പം വരുന്ന സ്ഥലത്തായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാലിന്യമല സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഏകദേശം 70 ഏക്കര്‍ ഭൂമിയിലായി ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്ന ലോകാത്ഭുതം താജ്മഹലിന്റെ ഉയരത്തോളമുണ്ട്.

1984 ല്‍ ഡല്‍ഹിയുടെ കിഴക്കന്‍ ജില്ലയിലെ ഗാസിപൂരിന്റെ പ്രാന്തപ്രദേശത്ത് സ്ഥാപിതമായ ‘ഗാസിപൂര്‍ ലാന്‍ഡ്ഫില്‍’ 2002 ല്‍ പരമാവധി ശേഷിയിലെത്തി, എന്നാല്‍ അതിനുശേഷവും ഇത് 72 മീറ്റര്‍ വരെ ഉയരമുള്ള ഒരു ചെറിയ പര്‍വതമായി ഉയര്‍ന്നിരിക്കുകയാണ്. ഡല്‍ഹിയില്‍ നിന്ന് എല്ലാ ദിവസവും നൂറുകണക്കിന് ടണ്‍ മാലിന്യം ഇവിടെ എത്തുന്നത് തുടരുകയാണ്. 14 ദശലക്ഷം മെട്രിക് ടണ്ണിലധികം മാലിന്യങ്ങള്‍ അടങ്ങിയ മാലിന്യമല, ഡല്‍ഹിയില്‍ ദശലക്ഷക്കണക്കിന് ആളുകളുടെ ഒരിക്കലും അവസാനിക്കാത്ത ബാധയായിട്ടുണ്ട്.

വേനല്‍ക്കാലത്ത് അസഹനീയമായ ദുര്‍ഗന്ധവും ഇടയ്ക്കിടെ പടര്‍ന്നുപിടിക്കുന്ന തീയും പ്രശ്‌നമായി മാറാറുണ്ട്. തീപിടുത്തം ഉണ്ടാകുമ്പോള്‍ ചുറ്റുമുള്ള പ്രദേശം കട്ടിയുള്ളതും വിഷലിപ്തവുമായ പുകയാല്‍ മൂടപ്പെടും. ചിലപ്പോള്‍ അതിന്റെ വളഞ്ഞുപുളഞ്ഞ ചരിവുകള്‍ തകര്‍ന്നുവീണ് ആളുകള്‍ക്കും വാഹനങ്ങള്‍ക്കും കുഴപ്പമാകാറുണ്ട്. ദശലക്ഷക്കണക്കിന് ടണ്‍ മാലിന്യമാണ് താഴേയ്ക്ക് വീഴുന്നത്.

2017 സെപ്റ്റംബറില്‍, മാലിന്യ മലയുടെ ഒരു ഭാഗം ഇടിഞ്ഞുവീണ് 50 ദശലക്ഷം ടണ്ണിലധികം മാലിന്യം താഴേക്ക് പതിച്ചിരുന്നു. 2024 ഏപ്രിലില്‍, മാലിന്യക്കൂമ്പാരത്തില്‍ ഒരു വലിയ തീപിടുത്തം ഉണ്ടായത് സമീപ പ്രദേശങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഡല്‍ഹിയില്‍ പ്രതിദിനം 11,000 ടണ്ണിലധികം മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നു, ഭൂരിഭാഗവും ഇവിടെയെത്തുന്നു, ഇത് മാലിന്യ മലയെ കൂടുതല്‍ വലുതാക്കുന്നു.