ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഒമ്പതു കുഞ്ഞുങ്ങളെ നഷ്‌ടപ്പെട്ട പലസ്‌തീന്‍ ഡോക്‌ടറുടെ ഭര്‍ത്താവും ചികിത്സയിലിരിക്കെ മരിച്ചു. നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സിലെ ശിശുരോഗ വിദഗ്‌ധയായ ഡോ. അലാ അല്‍ നജ്‌ജാറിന്റെ ഭര്‍ത്താവ് ഡോ. ഹംദി അല്‍ നജ്‌ജാറാണു മരിച്ചത്. കഴിഞ്ഞയാഴ്‌ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹംദിക്കു ഗുരുതരമായി പരുക്കേറ്റിരുന്നു.
അലാ-ഹംദി ദമ്പതികളുടെ പത്തു മക്കളില്‍ ഒമ്പതുപേരും ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 11 വയസുള്ള ആദവും ഹംദിയും മാത്രമാണ് ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടത്. ചികിത്സയില്‍ കഴിയുന്ന ആദത്തിന്റെ സമീപം ഹംദി നില്‍ക്കുന്ന ചിത്രങ്ങള്‍ നേരത്തേ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം രാത്രിയില്‍ ഡോ. ഹംദി മരണം സ്‌ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
ആക്രമണം നടക്കുന്നതിനു തൊട്ടുമുമ്പാണ് ഡോ. അലാ അല്‍ നജ്‌ജാര്‍ ജോലിക്കായി ആശുപത്രിയിലെത്തിയത്. എന്നാല്‍, പിന്നാലെ മക്കളുടെ ജീവനറ്റ ശരീരങ്ങളാണ് അലയുടെ മുന്നിലെത്തിയത്. അലയെ ആശുപത്രിയിലെത്തിച്ച് ഹംദി തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് ആക്രമണം നടന്നത്.
ഡോ. അലയുടെ മൂത്ത കുട്ടിക്ക് 12 വയസായിരുന്നു. ആറു മാസം മുമ്പാണ് ഡോ. അല ഇളയ കുഞ്ഞിനു ജന്മം നല്‍കിയത്. എന്നാല്‍, ആശുപത്രിയില്‍ ജീവനക്കാര്‍ കുറവായതിനാല്‍ അവധി റദ്ദാക്കി ജോലിക്കെത്തുകയായിരുന്നു. ബോംബാക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റാണു കുട്ടികള്‍ മരിച്ചത്.
