Sports

സഞ്ജുവോ, പന്തോ? ഗൗതംഗംഭീര്‍ ലങ്കന്‍ പര്യടനത്തില്‍ ആരെ പരിഗണിക്കും ?

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കന്‍ പര്യടനത്തിനൊരുങ്ങുമ്പോള്‍ ആദ്യമായി ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് വരുന്ന ഗൗതംഗംഭീറിനെ കുഴയ്ക്കുന്ന ചോദ്യം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ തെരഞ്ഞെടുപ്പാണ്. ശ്രീലങ്കയ്ക്ക് എതിരേയുള്ള മൂന്ന് ടി20 മത്സരങ്ങളില്‍ പന്തിനെ ഉപയോഗിക്കണോ സഞ്ജുവിനെ ഉപയോഗിക്കണോ എന്നതാണ് പ്രശ്‌നം. സഞ്ജുവും പന്തും ഒരുപോലെ ബാറ്റ് ചെയ്യുന്ന ഇന്ത്യയുടെ തകര്‍പ്പനടിക്കാരായ വിക്കറ്റ് കീപ്പര്‍മാരാണെന്നതാണ് ഗംഭീറിനെ ആശയക്കുഴപ്പത്തിലാക്കുക.

ദ്രാവിഡിന്റെ പിന്‍ഗാമി എന്ന നിലയില്‍ ഗംഭീറിന് വിജയത്തോടെ പരിശീലക കാലാവധി തുടങ്ങേണ്ടതുണ്ട്. നിലവില്‍ ലോകചാംപ്യന്മാരായ ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ പരമ്പരയാണ് ശ്രീലങ്കയ്ക്ക് എതിരേയുള്ളത്. വിരാട്‌കോഹ്ലിയും രോഹിത്ശര്‍മ്മയും ഇല്ലാതെയാണ് ഇന്ത്യന്‍ ടീം ലങ്കയില്‍ പര്യടനത്തിന് വന്നിരിക്കുന്നത്.

ടി20 ലോകകപ്പ് ടീമില്‍ രണ്ടുപേരും ഉണ്ടായിരുന്നെങ്കിലും റോളുകള്‍ വ്യത്യസ്തമായിരുന്നു. സഞ്ജുവിന് ഒരു മത്സരം പോലും കളിക്കാനായില്ല. എന്നാല്‍ പന്താകട്ടെ 171 റണ്‍സുമായി ഇന്ത്യന്‍ ടീമിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ മൂന്നാമത് എത്തുകയും ചെയ്തിരുന്നു. സഞ്ജുവാകട്ടെ ആകെപ്പാടെ കളിച്ചിട്ടുള്ളത് 28 ടി20 അന്താരാഷ്ട്ര മത്സരങ്ങളാണ്. ഏതാനും അര്‍ദ്ധശതകം ഉള്‍പ്പെടെ 133 റണ്‍സ് താരം നേടിയിട്ടുമുണ്ട്. 2015 ലായിരുന്നു സഞ്ജു ഇന്ത്യന്‍ ടീമില്‍ ആദ്യമായി ഉള്‍പ്പെട്ടത്.

സഞ്ജുവിന്റെ 27 മത്സരങ്ങളാകട്ടെ മൂന്ന് അവസരങ്ങളിലായി പല തവണയായിട്ടായിരുന്നു. 21.14 ആണ് സഞ്ജുവിന്റെ ശരാശരി. എന്നാല്‍ 2022 ലെ കാറപകടം മൂലം കളത്തില്‍ നിന്നും മാറി നിന്ന കാലഘട്ടം ഒഴിച്ചാല്‍ പന്ത് ഇതിനകം 74 ടി20 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ സ്‌ട്രൈക്ക്‌റേറ്റ് 127 ആണ്. ഇതില്‍ മൂന്ന് അര്‍ദ്ധശതകം കൂടിയുണ്ട്. അതേസമയം രണ്ടുപേരും തമ്മില്‍ ഒരു വ്യത്യാസവുമില്ല. രണ്ടുപേരും തകര്‍പ്പനടിക്കാരാണ് ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് മേലും സ്പിന്നര്‍മാര്‍ക്ക് മേലും രണ്ടുപേര്‍ക്കും മേല്‍ക്കൈയുണ്ട്. എന്നിരുന്നാലും ടി20 ലോകകപ്പില്‍ സഞ്ജുവിനേക്കാള്‍ നായകന്‍ രോഹിത് വിശ്വസിച്ചത് പന്തിനെയായിരുന്നു.