Sports

അയാള്‍ എന്നെ ‘ഒത്തുകളിക്കാരന്‍’ എന്ന് വിളിച്ചു… ഗ്രൗണ്ടില്‍ ഗൗതം ഗംഭീറുമായുള്ള വാക്കേറ്റത്തെപ്പറ്റി ശ്രീശാന്ത്

സൂറത്ത്: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യയുടെ മുന്‍ താരങ്ങളായ ശ്രീശാന്തും ഗൗതം ഗംഭീറും ഏറ്റുമുട്ടിയത് ക്രിക്കറ്റ് വേദിയില്‍ വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. ഇരുവരും തമ്മില്‍ വാക്കേറ്റം നടത്തുന്നതും ഏറ്റുമുട്ടലിന് പോകുന്നതും ആള്‍ക്കാര്‍ പിടിച്ചുമാറ്റുന്നതും കണ്ടിരുന്നു. എന്നാല്‍ എന്തായിരുന്നു പ്രശ്‌നം എന്നത് ആര്‍ക്കും മനസ്സിലായില്ല താനും. എന്നാല്‍ കളത്തില്‍ വെച്ച് ഗൗതം ഗംഭീര്‍ തന്നോട് മോശമായി സംസാരിച്ചു എന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് ശ്രീശാന്ത്.

സൂററ്റില്‍ നടന്ന മത്സരത്തിനിടയിലായിരുന്നു ഇവരുടെ വാക്കേറ്റം. പിന്നീട് ബുധനാഴ്ച നടന്ന സംഭവത്തെക്കുറിച്ച് ഒരു വൈകാരികമായ വീഡിയോയില്‍ ഗംഭീറിനെ ‘മി.ഫൈറ്റര്‍’ എന്ന് വിളിക്കുകയും ചെയ്തു. തര്‍ക്കത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ ശ്രീശാന്ത് വീരേന്ദര്‍ സെവാഗ്, വിരാട് കോഹ്ലി എന്നിവരുള്‍പ്പെടെയുള്ള തന്റെ സഹപ്രവര്‍ത്തകരെ ഗംഭീര്‍ ബഹുമാനിക്കുന്നില്ലെന്ന് ആരോപിച്ചു. എന്നാല്‍ വ്യാഴാഴ്ച രാവിലെ ശ്രീശാന്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ ലൈവില്‍ വന്ന് ഗംഭീര്‍ ‘എഫ്’ വാക്ക് ഉപയോഗിച്ചുവെന്ന് ആരോപിച്ചു. 2013ലെ ഐപിഎല്‍ ഒത്തുകളി ആരോപണം നേരിട്ട ശ്രീശാന്തിനെ അക്കാര്യം പരാമര്‍ശിച്ച് ‘ഒത്തുകളിക്കാരന്‍’ എന്ന് വിളിച്ചതായും കേരള പേസര്‍ പറഞ്ഞു.

വാര്‍ത്താ ചാനലുകളില്‍ പോയി പറയുന്നതിന് പകരം ഞാന്‍ ലൈവായി നേരിട്ടു വന്ന് എല്ലാം നിങ്ങളോട് പറയാമെന്ന് ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ ശ്രീശാന്ത് പറഞ്ഞു. ”ഇന്നലെ അയാള്‍ പറഞ്ഞതൊന്നും ഞാന്‍ പറഞ്ഞില്ല. ഒരുപാട് സെലിബ്രിറ്റികളില്‍ നിന്ന് വ്യത്യസ്തമായി ഞാന്‍ ധാരാളം പിആര്‍ ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ അന്തരീക്ഷം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.” ലൈവ് വീഡിയോയില്‍ ശ്രീ പറഞ്ഞു. ”സെന്റര്‍ പിച്ചില്‍ ഞാന്‍ ഒരു മോശം വാക്കും ഉപയോഗിച്ചിട്ടില്ല. ഒരു പ്രകോപനവും ഉണ്ടാക്കിയില്ല. എന്നാല്‍ അയാള്‍ എന്നെ വിളിച്ചുകൊണ്ടേയിരുന്നു… ‘നീയെന്താണ് പറയുന്നത്? നീയെന്താ പറയുന്നേ? എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അയാള്‍ എന്നെ ‘ഒത്തുകളിക്കാരന്‍ ഒത്തുകളിക്കാരന്‍’ എന്ന് വിളിച്ചുകൊണ്ടിരുന്നു. ഇതിന് ഞാന്‍ പരിഹാസരൂപേണ ചിരിച്ചു. എന്റെ ഭാഷ ക്ഷമിക്കണം, അദ്ദേഹം പറഞ്ഞു ‘ഫക്ക് ഓഫ് ഫിക്‌സര്‍’. തത്സമയ ടിവിയില്‍ അദ്ദേഹം ഉപയോഗിച്ച ഭാഷയാണിത്. വാസ്തവത്തില്‍, അംപയര്‍മാര്‍ അദ്ദേഹത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോഴും അദ്ദേഹം അതേ ഭാഷ ഉപയോഗിച്ചു. വാസ്തവത്തില്‍, ഞാന്‍ വഴി മാറി, പക്ഷേ അവന്‍ അതേ കാര്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു.”

ഇത് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ വേണ്ടിയാണെന്നും ഇതാണ് യഥാര്‍ത്ഥ സത്യമെന്നും ശ്രീശാന്ത് പറഞ്ഞു. തീ അണയ്ക്കാന്‍ ഗംഭീര്‍ തന്റെ പബ്ലിക് റിലേഷന്‍സ് ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും ശ്രീശാന്ത് ആരോപിച്ചു. ശ്രീശാന്തിന് മറുപടിയായി ഇന്ത്യന്‍ ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ‘ഫിക്‌സര്‍’ എന്നല്ല സിക്‌സര്‍ എന്നാണ് പറഞ്ഞതെന്ന് പറഞ്ഞതെന്ന് ഗംഭീറിനെ ചിലര്‍ ന്യായീകരിച്ചുകൊണ്ടിരിക്കുകയാണെന്നും ശ്രീ കുറ്റപ്പെടുത്തി. ”അദ്ദേഹം ‘സിക്‌സര്‍’ എന്ന് പറഞ്ഞതായി ആളുകള്‍ പറയുന്നു. എന്നാല്‍ അയാള്‍ പറഞ്ഞത് ‘തൂ ഫിക്‌സര്‍ ഹൈ, തു ഫിക്‌സര്‍ ഹേ’ എന്നായിരുന്നെന്നും ശ്രീ പറയുന്നു. ”ഈ പ്രശ്‌നം ഇവിടെ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് താന്‍ ആലോചിക്കുന്നെന്നും എന്നാല്‍ അവന്റെ ആളുകള്‍ അവനെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. അധിക പിആറില്‍ വീഴരുതെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നെന്നും താരം വ്യക്തമാക്കി. ‘ദയവായി ഇക്കാര്യത്തില്‍ എന്നെ വിശ്വസിക്കൂ. ഒരുപാട് സ്‌നേഹം, ജയ് ഹിന്ദ്” ശ്രീശാന്ത് പറഞ്ഞു.

എന്നാല്‍ ശ്രീശാന്തിന്റെ അവകാശവാദങ്ങള്‍ താന്‍ ശ്രദ്ധിക്കുന്നില്ലെന്നായിരുന്നു ഗംഭീറിന്റെ മറുപടി. പബ്‌ളിസിറ്റി നേടാനുള്ള ശ്രീശാന്തിന്റെ ചീപ്പ് ശ്രമമായും ഗംഭീര്‍ ആരോപിച്ചു. ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ എലിമിനേറ്റര്‍ മത്സരത്തില്‍ ഗംഭീര്‍ ഇന്ത്യ ക്യാപിറ്റല്‍സിനെ നയിച്ചിരുന്നു, ബുധനാഴ്ച സൂറത്തില്‍ ശ്രീശാന്ത് കളിക്കുന്ന ക്രിസ് ഗെയിലിന്റെ ഗുജറാത്ത് ജയന്റ്‌സിനെതിരെയായിരുന്നു കളി. 2013ല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ശ്രീശാന്തിനെയും മറ്റ് രണ്ട് രാജസ്ഥാന് റോയല്‍സ് താരങ്ങളെയും ബിസിസിഐ വിലക്കിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ശ്രീശാന്തിന് ക്ലീന്‍ ചിറ്റ് ലഭിച്ചത്. 2019 മാര്‍ച്ച് 15നാണ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി റദ്ദാക്കിയത്