Featured Sports

സഞ്ജുവിന്റെ വീഴ്ച, ഗാരി കിർസ്റ്റന്റെ പൊട്ടിച്ചിരി ! നമീബിയൻ ടീം ഒരുക്കിയ കെണിയിൽ സഞ്ജു വീണു ? -വീഡിയോ

ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നമീബിയ ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിന് അയച്ചപ്പോൾ, ഓപ്പണറായ സഞ്ജു സാംസൺ മികച്ച രീതിയിലാണ് തുടങ്ങിയത്. അഭിഷേക് ശർമ്മയുടെ അഭാവത്തിൽ കളിക്കാനിറങ്ങിയ സഞ്ജു, താൻ നേരിട്ട ആദ്യ ഏഴ് പന്തുകളിൽ തന്നെ മൂന്ന് സിക്സറുകളും ഒരു ഫോറും പറത്തി വലിയൊരു ഇന്നിംഗ്‌സിലേക്കുള്ള സൂചന നൽകി.

എന്നാൽ, 8 പന്തിൽ 22 റൺസെടുത്തു നിൽക്കെ സഞ്ജു ഒരു അനാവശ്യ ഷോട്ടിന് മുതിർന്ന് ഡീപ് മിഡ്‌വിക്കറ്റിൽ ക്യാച്ച് നൽകി പുറത്താവുകയായിരുന്നു. തുടക്കം മികച്ചതായിരുന്നുവെങ്കിലും സഞ്ജുവിന്റെ പുറത്താകൽ വളരെ ലളിതമായിപ്പോയി. നമീബിയൻ ടീം ഒരുക്കിയ കൃത്യമായ കെണിയിൽ സഞ്ജു വീണതുപോലെയായിരുന്നു ആ വിക്കറ്റ്.

സഞ്ജു പുറത്തായതിന് പിന്നാലെ ബ്രോഡ്കാസ്റ്റ് ക്യാമറകൾ നമീബിയൻ ഡഗ്ഔട്ടിലേക്ക് തിരിഞ്ഞു. ബെൻ ഷിക്കോംഗോ എറിഞ്ഞ പന്തിൽ ലൂറൻ സ്റ്റീൻക്യാമ്പ് ക്യാച്ചെടുത്തപ്പോൾ താരങ്ങളും സപ്പോർട്ട് സ്റ്റാഫും ആവേശത്തിലായിരുന്നു. നമീബിയയുടെ മെന്ററും കൺസൾട്ടന്റുമായ ഗാരി കിർസ്റ്റൺ ആദ്യം ഗൗരവഭാവത്തിലായിരുന്നുവെങ്കിലും, നിമിഷങ്ങൾക്കകം അദ്ദേഹം പൊട്ടിച്ചിരിക്കുന്നതാണ് കണ്ടത്.

ഇന്ത്യൻ ടീമുമായി അടുത്ത ബന്ധമുള്ള ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഗാരി കിർസ്റ്റൺ, നിലവിൽ ടി20 ലോകകപ്പിനായുള്ള നമീബിയൻ ടീമിന്റെ കൺസൾട്ടന്റാണ്. 2008 മുതൽ 2011 വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്നു കിർസ്റ്റൺ. 2011 -ല്‍ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ശ്രീലങ്കയെ 6 വിക്കറ്റിനും 10 പന്തുകൾ ബാക്കി നിൽക്കെ പരാജയപ്പെടുത്തി ഇന്ത്യ 2011 ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോള്‍ കോച്ച് കിർസ്റ്റണായിരുന്നു. 2018-ല്‍ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്റെ ബാറ്റിംഗ് പരിശീലകനും കിർസ്റ്റനായിരുന്നു. ഇന്ത്യന്‍ താരങ്ങളുടെ ശക്തിയും പരിമിതകളും നന്നായി അറിയുന്നയാള്‍.

സഞ്ജുവിനെ പുറത്താക്കാൻ നമീബിയൻ തിങ്ക്-ടാങ്ക് മുൻകൂട്ടി തയ്യാറാക്കിയ തന്ത്രങ്ങൾ ഫലം കണ്ടു എന്ന് വേണം ഇതിൽ നിന്നും മനസ്സിലാക്കാൻ. നേരത്തെ യുഎസ്എയ്ക്കെതിരായ മത്സരത്തിൽ അഭിഷേക് ശർമ്മയും സമാനമായ രീതിയിലുള്ള തന്ത്രപരമായ നീക്കത്തിലൂടെയാണ് പുറത്തായത്. പകരക്കാരനായി വന്ന സഞ്ജുവിന്റെ പോരാട്ടവും അധികനേരം നീണ്ടുനിന്നില്ല.

സഞ്ജുവിന്റെ ഇന്നിംഗ്‌സ് ഇന്ത്യക്ക് മികച്ച വേഗത നൽകിയെങ്കിലും, സെലക്ഷൻ കാര്യങ്ങളിൽ മാനേജ്‌മെന്റിന് വലിയ തലവേദന ഒഴിവാക്കാൻ ഈ ചെറിയ ഇന്നിംഗ്‌സിന് സാധിച്ചേക്കില്ല. സഞ്ജുവിന്റെ ഓപ്പണിംഗ് പങ്കാളിയായ ഇഷാൻ കിഷൻ 24 പന്തിൽ 61 റൺസെടുത്ത് മിന്നും പ്രകടനം കാഴ്ചവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *