Sports

കാമുകിയെ ഐപിഎല്ലിലേക്ക് കൊണ്ടുവരാമോ? നരേന്‍ ചോദിച്ച ആദ്യത്തെ ചോദ്യത്തെപ്പറ്റി ഗംഭീര്‍

ടി20 ഫോര്‍മാറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായാണ് പലരും സുനില്‍ നരേയ്‌നെ കണക്കാക്കുന്നത്. ഐപിഎല്‍ 2024 ല്‍ കെകെആറിന്റെ കിരീടനേട്ടത്തില്‍ നരേയ്‌ന്റെ ബാറ്റിംഗും ബൗളിംഗും പ്രധാനമായിരുന്നു. കെകെആര്‍ 2012, 2014, 2024 വര്‍ഷങ്ങളില്‍ മൂന്ന് കിരീടം നേടിയപ്പോഴും ടീമിന്റെ ഭാഗമായിരുന്ന ഏക കളിക്കാരന്‍ കൂടിയാണ് അദ്ദേഹം. സമാന നേട്ടം ടീമിന്റെ മെന്ററായിരുന്ന ഗൗതം ഗംഭീറിനും അവകാശപ്പെടാനുണ്ട്. 2012ലും 2014ലും 2024 ലും കെകെആര്‍ കിരീടം നേടുമ്പോള്‍ ഗംഭീറായിരുന്നു ടീമിന്റെ ഉപദേശകന്‍.

2024 ല്‍ ടീം മെന്ററായി ഗൗതം ഗംഭീറിന്റെ തിരിച്ചുവരവാണ് നരെയ്‌ന്റെ ഈ സീസണിലെ ഫോം വീണ്ടെടുക്കലിന് കൂടുതല്‍ സഹായകമായത്. സ്പോര്‍ട്സ്‌കീഡയോട് സംസാരിക്കവെ, നരെയ്നുമായുള്ള തന്റെ ആദ്യ ഇടപെടലിനെക്കുറിച്ച് ഗംഭീര്‍ തുറന്നു പറഞ്ഞു. ”ഞാനും നരെയ്നും സമാനമായ കഥാപാത്രങ്ങളാണ്. അതുപോലെ തന്നെ ഞങ്ങളുടെ വികാരങ്ങളും. 2012 ല്‍ നരെയ്ന്‍ ആദ്യമായി ഐപിഎല്ലില്‍ എത്തിയപ്പോള്‍ അത് ജയ്പൂരില്‍ ആയിരുന്നു, ഞങ്ങള്‍ പരിശീലനത്തിന് പോകുകയായിരുന്നു, ഞാന്‍ അദ്ദേഹത്തോട് വരാന്‍ പറഞ്ഞതായി ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഉച്ചഭക്ഷണ സമയത്ത് അവന്‍ ഒരു വാക്ക് പോലും പറഞ്ഞില്ല, ഒടുവില്‍ അവന്‍ ചോദിച്ച ആദ്യത്തെ ചോദ്യം എനിക്ക് എന്റെ കാമുകിയെ ഐപിഎല്ലിലേക്ക് കൊണ്ടുവരാമോ? എന്നായിരുന്നു.”

തങ്ങളുടെ ബന്ധം വിശദീകരിച്ചുകൊണ്ട് ഗംഭീര് പറഞ്ഞു. ”ആദ്യ സീസണില്‍ അദ്ദേഹം വളരെ നിശബ്ദനായിരുന്നു, എന്നാല്‍ ഇപ്പോള്‍, നമുക്ക് എന്തും സംസാരിക്കാം. അവന്‍ എനിക്ക് ഒരു സഹോദരനെപ്പോലെയാണ്. ഞാന്‍ അവനെ ഒരു സഹപ്രവര്‍ത്തകനോ സുഹൃത്തോ ആയി പോലും കാണുന്നില്ല. എനിക്ക് അവനെ ആവശ്യമുണ്ടെങ്കില്‍ അല്ലെങ്കില്‍ അയാള്‍ക്ക് എന്നെ ആവശ്യമുണ്ടെങ്കില്‍, ഞങ്ങള്‍ ഒരു കോള്‍ അകലെയാണെന്ന് ഞാന്‍ കരുതുന്നു. അതാണ് ഞങ്ങള്‍ കൂടുതല്‍ ആവേശഭരിതരാകാത്തത്, വളരെയധികം വികാരപ്രകടനങ്ങള്‍ ഞങ്ങള്‍ കാണിക്കുന്നില്ല. ഞങ്ങള്‍ ജോലി ചെയ്തു മടങ്ങിവരുന്നു. അത്രേയുള്ളൂ..”

ഐപിഎല്‍ 2024 ല്‍, നരെയ്ന്‍ കെകെആറിനായി ഓപ്പണ്‍ ചെയ്തു, ലീഗ് ഘട്ടത്തില്‍ ഫില്‍ സാള്‍ട്ടിനൊപ്പം, പ്ലേ ഓഫില്‍ റഹ്മാനുള്ള ഗുര്‍ബാസിനൊപ്പം. വെസ്റ്റ് ഇന്‍ഡീസ് വെറ്ററന്‍ മികച്ച ഫോമിലായിരുന്നു, 14 മത്സരങ്ങളില്‍ നിന്ന് 180.74 സ്ട്രൈക്ക് റേറ്റില്‍ 488 റണ്‍സ് അടിച്ചെടുത്തു. ഐപിഎല്‍ 2024ല്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറികളും അദ്ദേഹം രേഖപ്പെടുത്തി. അതേസമയം, 15 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റ് വീഴ്ത്തി അദ്ദേഹം മികച്ച ബൗളിംഗ് ഫോമിലും ആയിരുന്നു.