ന്യൂഡല്‍ഹി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ റോഡ് വികസനത്തിനായി കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്‌കരിയെ സന്ദര്‍ശിച്ച് പ്രിയങ്കാ ഗാന്ധി വാധ്‌ര എം.പി. പാര്‍ലമെന്റ് വളപ്പിലെ ഗഡ്‌കരിയുടെ ഓഫീസിലെത്തിയാണു കേരളത്തിലൂടെ കടന്നുപോകുന്ന ആറ് റോഡ് പദ്ധതികളെക്കുറിച്ച് പ്രിയങ്ക ചര്‍ച്ച നടത്തിയത്.
ചില പദ്ധതികള്‍ കേരള സര്‍ക്കാരിന്റെ പരിധിയിലുള്ളതിനാല്‍ കേന്ദ്രത്തിന് അവയില്‍ നേരിട്ട് ഇടപെടാന്‍ കഴിയില്ലെന്നു ഗഡ്‌കരി അറിയിച്ചു. തന്റെ നിര്‍ദേശങ്ങള്‍ സംസ്‌ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോള്‍ പരിഗണിക്കുമെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. കേന്ദ്ര പദ്ധതികള്‍ പരിശോധിക്കുമെന്നു ഗഡ്‌കരി ഉറപ്പുനല്‍കി.
ലോക്‌സഭാ പ്രതിപക്ഷ നേതാവും പ്രിയങ്കയുടെ സഹോദരനുമായ രാഹുല്‍ ഗാന്ധി അടുത്തിടെ തന്റെ മണ്ഡലമായ റായ്‌ബറേലിയിലെ ചില റോഡുകളുടെ വികസനത്തിനായി തന്നെ കണ്ടിരുന്നതായി ഗഡ്‌കരി പറഞ്ഞു. ‘സഹോദരന്റെ കാര്യം സാധിച്ചു കൊടുത്തു, എന്നിട്ട് നിങ്ങളുടെ ആവശ്യം അവഗണിച്ചെന്നു പറയില്ലേ’- ഗഡ്‌കരി പറഞ്ഞപ്പോള്‍ പ്രിയങ്കയ്‌ക്കും ഒപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും ചിരിപൊട്ടി.
യൂട്യൂബ് വീഡിയോകള്‍ കണ്ടതുപ്രകാരം ഗഡ്‌കരി തയാറാക്കിയ അരിവിഭവം അദ്ദേഹം പ്രിയങ്കയ്‌ക്കും നേതാക്കള്‍ക്കും നല്‍കി. ആ വിഭവം രുചിച്ചുനോക്കാന്‍ അദ്ദേഹം നിര്‍ബന്ധിച്ചു. അരി വിഭവങ്ങള്‍ രുചിച്ചുനോക്കി സന്തോഷം പങ്കിട്ടശേഷമായിരുന്നു മടക്കം.




