Crime

ടാക്സി ഡ്രൈവറെ കൊലപ്പെടുത്തിയതിന് ഡല്‍ഹിയില്‍ അറസ്റ്റിലായത് കൊടും ക്രിമിനലുകള്‍

ന്യൂഡല്‍ഹി: കാര്‍മോഷണശ്രമത്തിനിടയില്‍ ടാക്സി ഡ്രൈവറെ കൊലപ്പെടുത്തിയതിന് ഡല്‍ഹിയില്‍ അറസ്റ്റിലായത് കൊടും ക്രിമിനലുകള്‍. കൊലപാതകശ്രമം, കവര്‍ച്ച, പിടിച്ചുപറി എന്നിങ്ങനെ 2018 മുതല്‍ പോലീസിന് തലവേദനയായി മാറിയ ആസിഫും മെഹ്രാജുമാണ് അറസ്റ്റിലായത്.

ആസിഫ് 10 കേസുകളിലും മെഹ്‌രാജ് ഏഴു കേസുകളിലും പ്രതിയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മീററ്റിലും നോയിഡയിലും താമസിക്കുന്ന ആസിഫും മെഹ്രാജും ഗാസിയാബാദ്, മീററ്റ്, ഡല്‍ഹി എന്നിവിടങ്ങളില്‍ കുറ്റകൃത്യങ്ങള്‍ ചെയ്തു. രണ്ടുപേര്‍ക്കെതിരെയും ഗുണ്ടാ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. 2019-ല്‍ ഡല്‍ഹി കന്റോണ്‍മെന്റ്, ഐജിഐ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലെ കവര്‍ച്ചകളില്‍ ഇവര്‍ പങ്കെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

2018-ല്‍ ഗാസിയാബാദിലെ മോഷണത്തിലൂടെയാണ് ആസിഫ് തന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്, മെഹ്രാജ് തന്റെ ആദ്യ കുറ്റകൃത്യം 2019-ല്‍ ചെയ്തു, ഒരു കൊലപാതകശ്രമമായിരുന്നു അത്. ഇരുവരും നേരത്തെ ക്യാബ് ഡ്രൈവര്‍മാരായി യാത്രക്കാരെ കൊള്ളയടിക്കുമായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരാള്‍ യാത്രക്കാരനായും മറ്റൊരാള്‍ ഡ്രൈവറായും അഭിനയിക്കും. തിരക്കേറിയ റോഡുകള്‍ കഴിയുമ്പോള്‍ ഇരകളെ ഒറ്റപ്പെട്ട സ്ഥലങ്ങളിലെത്തിച്ച് പണവും വിലപിടിപ്പുള്ള വസ്തുക്കളും കവരും. തുടര്‍ന്ന് ഇരകളെ മര്‍ദ്ദിച്ച ശേഷം വിജനമായ സ്ഥലങ്ങളില്‍ വലിച്ചെറിഞ്ഞുപോകുമെന്ന് പോലീസ് പറഞ്ഞു.

ആദ്യം കാറുകള്‍ മോഷണം നടത്തി അതിന്റെ ഭാഗങ്ങള്‍ പൊളിച്ചുമാറ്റി വിറ്റിരുന്നു.എന്നാല്‍ ഇതില്‍ നിന്നും കാര്യമായ വരുമാനം ലഭിക്കാത്തതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു. അതനു ശേഷം ഡല്‍ഹിയില്‍ നിന്നും കാറുകള്‍ മോഷ്ടിച്ച് അന്യസംസ്ഥാനങ്ങളില്‍ വില്‍പന നടത്തി. ഇതും പൊളിഞ്ഞതോടെയാണ് ക്യാബ് ഡ്രൈവര്‍മാരെ ടാര്‍ഗെറ്റു ചെയ്ത് മോഷണം നടത്താന്‍ തുടങ്ങിയത്.

യാത്രക്കാരായി വേഷമിട്ട് കാബ് വിളിച്ചു വരുത്തി അവരെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയി ഡ്രൈവര്‍മാരെ കൊള്ളയടിച്ച് വാഹനങ്ങളുമായി രക്ഷപ്പെട്ടു. ആസിഫും മെഹ്രാജും ഡല്‍ഹിയില്‍ നിന്ന് എസ്യുവികള്‍ മോഷ്ടിച്ച് ക്രിമിനലുകള്‍ക്ക് തുച്ഛമായ വിലയ്ക്ക് വില്‍ക്കുന്ന സംഘത്തിലെ അംഗങ്ങളാകാമെന്നാണ് പോലീസ് കരുതുന്നത്. കാര്‍മോഷണവുമായി ബന്ധപ്പെട്ട് ഇതുവരെ പരിഹരിക്കപ്പെടാത്ത സമീപകാല കേസുകളെല്ലാം പോലീസ് പരിശോധിക്കുകയാണ്.