നോയിഡ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ പിതാവ് ഖന്‍ചന്ദ് സിങ് അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ഗ്രേറ്റര്‍ നോയിഡയിലെ യാതാര്‍ത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരു വര്‍ഷം മുന്‍പാണ് കരളിന് അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്. റിങ്കു പിതാവിന്റെ അന്ത്യ കര്‍മങ്ങള്‍ക്ക് ഇന്ത്യന്‍ ടീം ക്യാമ്പ് വിട്ടു.
അലിഗഡില്‍ എല്‍പിജി സിലിണ്ടര്‍ വിതരണക്കാരനായിരുന്ന ഖന്‍ചന്ദ് കടുത്ത സാമ്പത്തിക പരിമിതികള്‍ക്കിടെ റിങ്കുവിന്റെ ക്രിക്കറ്റ് പരിശീലനത്തിനു വേണ്ട കാര്യങ്ങള്‍ ചെയ്തിരുന്നു.
റിങ്കു സിങ് ഇന്ത്യൻ ടി20 ടീമിലെ അവിഭാജ്യ ഘടകമായി മാറിയ കാലത്താണ് അലിഗഢിലെ തെരുവുകളിൽ എൽപിജി സിലിണ്ടറുകൾ ട്രക്കിലേക്ക് കയറ്റുന്ന പിതാവ് ഖൻചന്ദ് സിങ്ങിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടത്. അച്ഛനോട് ജോലി നിർത്തി വിശ്രമിക്കാൻ റിങ്കു പലതവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. കഴിഞ്ഞ വര്‍ഷം റിങ്കു സമ്മാനിച്ച അഞ്ച് ലക്ഷം രൂപയുടെ കാവാസാകി നിന്‍ജ ബൈക്കില്‍ യാത്ര ചെയ്യുന്ന ഖന്‍ചന്ദ് സിങിന്റെ വീഡിയോ വൈറലായിരുന്നു.
അലിഗഢിലെ അതീവ സാധാരണ കുടുംബത്തിൽ അഞ്ചു മക്കളിൽ മൂന്നാമനായി ജനിച്ച റിങ്കു, ഒരുകാലത്ത് അച്ഛനും സഹോദരങ്ങൾക്കുമൊപ്പം വീടുകളിൽ സിലിണ്ടറുകൾ എത്തിക്കാൻ സഹായിച്ചിരുന്നു. തുടക്കത്തിൽ മകന്റെ ക്രിക്കറ്റ് സ്വപ്നങ്ങളോട് ഖൻചന്ദിന് വിയോജിപ്പായിരുന്നു; കുടുംബത്തിന്റെ ദാരിദ്ര്യം മാറ്റാൻ റിങ്കു ഒരു ജോലിക്ക് പോകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാൽ പിന്നീട് മകന്റെ കഴിവിൽ വിശ്വസിച്ച് അദ്ദേഹം ആ സ്വപ്നത്തിനൊപ്പം നിന്നു.
പഠനവും ക്രിക്കറ്റ് പരിശീലനവും തുടരുന്നതിനിടയിലും ബൈക്കിൽ സിലിണ്ടറുകൾ ഹോട്ടലുകളിലും വീടുകളിലും എത്തിച്ച് റിങ്കു അച്ഛനെ സഹായിച്ചിരുന്നു. 2021-ൽ റിങ്കുവിന് പരിക്കേറ്റ സമയത്ത് മകന്റെ ആരോഗ്യത്തിനായി ഖൻചന്ദ് മൂന്നുദിവസം ഉപവാസമനുഷ്ഠിച്ചത് അവരുടെ ആത്മബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു. മകന്റെ വളർച്ചയിൽ അഭിമാനം കൊണ്ട അദ്ദേഹം, തുടക്കത്തിൽ റിങ്കുവിനെ പ്രോത്സാഹിപ്പിക്കാതിരുന്നതിൽ പിന്നീട് പരസ്യമായി കുറ്റബോധം പ്രകടിപ്പിക്കുകയും ചെയ്തു.
ദാരിദ്ര്യം നിറഞ്ഞ ഒറ്റമുറി വീട്ടിൽ നിന്നും അലിഗഢിലെ ഓസോൺ സിറ്റിയിൽ 3.5 കോടി രൂപയുടെ ആഡംബര ബംഗ്ലാവിലേക്ക് കുടുംബത്തെ മാറ്റാൻ റിങ്കുവിന് സാധിച്ചു. മകൻ തന്റെ ബാറ്റിങ് കരുത്ത് കൊണ്ട് ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിൽ നിൽക്കുന്നത് കണ്ട സംതൃപ്തിയോടെയാണ് ഖൻചന്ദ് ഇപ്പോൾ യാത്രയാകുന്നത്.




