Good News

വെള്ളപ്പൊക്കം, മരണവക്കില്‍ നിന്ന് പ്രായമായ നായയെ കട്ടിലില്‍ കയറ്റി രക്ഷിച്ച് യുവാക്കള്‍- വീഡിയോ

പ്രകൃതിദുരന്തം നേരിടുന്ന അവസരത്തില്‍ മനുഷ്യനെക്കാള്‍ അധികമായി ബുദ്ധിമുട്ടനുഭവിക്കുന്നത് മൃഗങ്ങളാണ്. രക്ഷപ്പെടാനുള്ള പരക്കം പാച്ചിലിനിടെ കൂട്ടില്‍ കിടക്കുന്ന നായ്ക്കളേയും തൊഴുത്തില്‍ കെട്ടിയിട്ടിരിക്കുന്ന നാല്‍ക്കാലികളെയും അഴിച്ചുവിടാന്‍ മറന്നുപോകുന്ന വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി പ്രായം ചെന്ന ഒരു നായയെ നാട്ടുകാര്‍ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെടുത്തുന്ന മനോഹരകാഴ്ച്ചയ്ക്കാണ് ഗുജറാത്ത് സാക്ഷിയായത്.

ദൃശ്യം പകര്‍ത്തിയിരിക്കുന്നതാവട്ടെ വഡോദരയില്‍ നിന്നുമാണ്. വെള്ളക്കെട്ടിനെ തുടര്‍ന്ന് രക്ഷനേടാനാവാത്ത കുടുങ്ങി കഴിഞ്ഞിരുന്ന ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ഒരു നായയെയാണ് പ്രദേശവാസികള്‍ ചേര്‍ന്ന് രക്ഷിച്ചത്. കുറച്ച് യുവാക്കളാണ് ഈ പ്രയത്നത്തിനായി മുന്നോട്ടെത്തിയത്. നായയെ ഈ സാഹചര്യത്തില്‍ കൈകളില്‍ എടുത്തുകൊണ്ടുപോകുന്നത് ഒരിക്കലും പ്രായോഗികമല്ല എന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ മറ്റ് മാര്‍ഗങ്ങള്‍ തേടുകയായിരുന്നു.

പെട്ടെന്ന് ഒരു ചെറിയ കട്ടില്‍ കണ്ടെത്തി അതില്‍ നായയെ കയറ്റി 9 പേര്‍ ചേര്‍ന്ന് ഉയര്‍ത്തികൊണ്ട് പോവുകയായിരുന്നു.

ഈ വീഡിയോ ഒന്നരലക്ഷത്തോളം ആളുകളാണ് കണ്ടത്. മനുഷ്യത്വം ഭൂമിയില്‍ വറ്റിയിട്ടില്ലായെന്ന് പ്രത്യാശ പകരുന്ന കാഴ്ച്ചയാണിതെന്ന് പലവരും കമന്റിട്ടു. മനുഷ്യരെ പോലും അവഗണിക്കുന്ന കാലത്ത് നായയോട് കരുണ കാണിച്ച യുവതലമുറ മാതൃകയാണെന്നും കമന്റുകളുണ്ട്.