ഒക്ടോബര്‍ പതിനെട്ടാം തിയതി കനത്ത മഴയില്‍ കൂട്ടാര്‍ പുഴയിലൂടെ ഒഴുകിപ്പോയ ഒരു ട്രാവലറിന്റെ ദൃശ്യം കേരളക്കര ഒന്നാകെയാണ് സങ്കടത്തോടെ കണ്ടത്. ട്രാവലര്‍ ഒഴുകിപ്പോയപ്പോള്‍ ഉപജീവനം ഇല്ലാതായത് ഈ ട്രാവലറിനെമാത്രം ആശ്രയിച്ചിരുന്ന മൂന്ന് കുടുംബങ്ങള്‍ക്കാണ്. എന്നാല്‍ ഇപ്പോള്‍ ഇവര്‍ക്ക് അതിജീവനത്തിന്റെ പാതയൊരുക്കുകയാണ് മൂന്ന് സുഹൃത്തുക്കള്‍.
പ്രളയ സമാനമായ മലവെള്ളപ്പാച്ചിലില്‍ വിനായക് എന്ന 17 സീറ്റര്‍ ട്രാവലറാണ് ഒഴുക്കില്‍പ്പെട്ടത്. വാഹനം നഷ്ടപ്പെട്ടതിന്റെയും നേരിടേണ്ടി വന്ന വന്‍ സാമ്പത്തികബാധ്യതയുടെയും ദുഃഖത്തില്‍നിന്ന് റെജിമോനെ കൈപിടിച്ചുയര്‍ത്തിയിരിക്കുകയാണ് ഈ സുമനസ്സുകള്‍. ഫിനാന്‍സ് വ്യവസ്‌ഥയില്‍ വാങ്ങിയ ഈ വാഹനത്തിന് ഇനിയും അഞ്ചുലക്ഷം രൂപയോളം തിരിച്ചടയ്‌ക്കാനുണ്ട്. വാഹനത്തിന്റെ ഉടമയായ ഏളംതറയില്‍ റെജിക്കൊപ്പം ഡ്രെവര്‍മാരായ സന്തോഷിനും അപ്പുവിനും കൂടിയാണ് ഉപജീവനം ഇല്ലാതായത്.
മാധ്യമ വാര്‍ത്തകളിലൂടെ സംഭവമറിഞ്ഞ സുഹൃത്തുക്കളാണ് ഇവരെ സഹായിക്കുവാനായി എത്തിയത്. ബെംഗളുരുവില്‍ ഐ.ടി കമ്പനി ജീവനക്കാരായ കണ്ണൂര്‍ സ്വദേശികളായ സുബിന്‍, അഞ്‌ജലി എന്നീ സുഹൃത്തുക്കളും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു സുഹൃത്തും ചേര്‍ന്ന് ഇന്നലെ ഇവര്‍ക്ക് പുതിയ ട്രാവലര്‍ സമ്മാനിച്ചു. തകര്‍ന്ന് തരിപ്പണമായ പഴയ വിനായകിന് പകരമായി വിനായക് എന്ന് പേരുള്ള പുതിയ ട്രാവലറാണ് റെജിമോന് സുഹൃത്തുക്കള്‍ സമ്മാനിച്ചത്.
പഴയ വിനായകന് 17 സീറ്റ് ആയിരുന്നെങ്കില്‍ ഈ വാഹനത്തിന് 19 സീറ്റാണ്. 14.5 ലക്ഷം രൂപ നല്‍കിയാണ് വാഹനം വാങ്ങിയത്. എട്ടു വര്‍ഷമായുള്ള സൗഹൃദമാണ് തങ്ങള്‍ തമ്മില്‍ ഉള്ളതെന്ന് റെജിമോന്‍ പറഞ്ഞു. ഡ്രൈവറായെത്തി ആ ബന്ധം പിന്നീട് ആഴമുള്ള സൗഹൃദമാകുകയായിരുന്നെന്നും അവരോടുള്ള കടപ്പാട് തനിക്ക് തീര്‍ത്താല്‍ തീരില്ലെന്നും റെജിമോന്‍ പറഞ്ഞു.
വാഹനം വെള്ളത്തിലൂടെ ഒഴുകി പോകുന്നത് മാധ്യമങ്ങളിലൂടെ അറിഞ്ഞതോടെ നിലവില്‍ ഉണ്ടായിരുന്ന മുഴുവന്‍ ബുക്കിങ്ങുകളും ഇല്ലാതായി. വാഹനം പുഴയില്‍ നിന്നും കരയ്‌ക്കെത്തിച്ചപ്പോള്‍ ജീവിതം അവസാനിച്ചതായി തോന്നിയെന്ന് ഡ്രൈവര്‍ ആയ സന്തോഷ് പറയുന്നു. എങ്കിലും പുതിയ പ്രതീക്ഷയുടെ സന്തോഷത്തിലാണിവര്‍.




