Featured Good News

20-ാം നിലയിൽനിന്ന് വീണ 4 വയസ്സുകാരി 13-ാം നിലയിലെ മഴമറയിൽ കുടുങ്ങി; അത്ഭുതകരമായി രക്ഷപ്പെട്ടു, രക്ഷകയായ അയൽക്കാരിക്ക് അഭിനന്ദനം- വീഡിയോ

ഹുനാനിൽ 20-ാം നിലയിലുള്ള ഒരു അപ്പാർട്ട്‌മെൻ്റ് കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ നാല് വയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. 13-ാം നിലയിലെ മഴമറയിൽ (Rain Canopy) ചെന്ന് വീണതിനാലാണ് കുട്ടിക്ക് ജീവൻ തിരികെ കിട്ടിയത്. വിസ്മയകരമായ ഈ അതിജീവന വാർത്ത വലിയ ശ്രദ്ധ നേടുകയും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

സെപ്റ്റംബർ 16-ന് കുട്ടി അപ്പാർട്ട്‌മെൻ്റിൻ്റെ ജനലിൽ നിന്ന് വഴുതി വീണപ്പോഴാണ് സംഭവം അരങ്ങേറിയത്. ഭാഗ്യവശാൽ, കുട്ടി 13-ാം നിലയിലെ മഴമറയിലേക്ക് നേരിട്ട് വീണതിനാൽ വലിയ അപകടം ഒഴിവായി. അസാധാരണമായ ശബ്ദം കേട്ട്, 14-ാം നിലയിൽ താമസിക്കുന്ന വൂ എന്ന വീട്ടമ്മ തൻ്റെ ബാൽക്കണിയിലേക്ക് ഓടിച്ചെന്നു. അവിടെ അപകടകരമായ രീതിയിൽ തൂങ്ങിക്കിടക്കുന്ന കുട്ടിയെ അവർ കണ്ടു. അസാധാരണ ധൈര്യം കാണിച്ച വൂ, കുട്ടിയുടെ കൈകളിൽ മുറുകെ പിടിക്കുകയും, സഹായത്തിനായി രക്ഷാപ്രവർത്തകരെ വിളിക്കാൻ മകനോട് നിർദ്ദേശിക്കുകയും ചെയ്തു.

അയൽക്കാർ തടിച്ചുകൂടുകയും, കുട്ടിയെ സുരക്ഷിതമായി താഴെയിറക്കാൻ രക്ഷാപ്രവർത്തകർ എത്തുകയും ചെയ്തു. കുട്ടിയുടെ കൈകളിൽ ചെറിയ പരിക്കുകൾ മാത്രമേ ഉണ്ടായുള്ളൂ. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച വൂവിൻ്റെ കൈകളിൽ ഉരഞ്ഞ പാടുകളും ചതവുകളും ഉണ്ടായി. വൂവിൻ്റെ സമയോചിതമായ ഇടപെടലിനും ധൈര്യത്തിനും അധികൃതർ പ്രശംസിക്കുകയും അംഗീകാരപത്രം നൽകുകയും 5,000 യുവാൻ (ഏകദേശം ₹62,300) പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, താനൊരു അയൽക്കാരി എന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങൾ മാത്രമാണ് ചെയ്തതെന്ന് പറഞ്ഞുകൊണ്ട് അവർ സാമ്പത്തിക പ്രതിഫലം വിനയത്തോടെ നിരസിച്ചു.

സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ, കുട്ടിയെ രക്ഷിക്കാൻ സമചിത്തതയോടെ പ്രവർത്തിച്ച വൂവിന് ഉപയോക്താക്കൾ അഭിനന്ദനം അറിയിച്ചു. ഉയർന്ന കെട്ടിടങ്ങളിൽ താമസിക്കുന്ന മാതാപിതാക്കൾ ജനലുകളും ബാൽക്കണികളും സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വീണ്ടും ആവശ്യപ്പെട്ടു. ചൈനയിൽ സമാനമായ മറ്റൊരു സംഭവംചൈനയിലെ ഹെനാനിൽ അടുത്തിടെ നടന്ന സമാനമായ മറ്റൊരു സംഭവത്തിൽ, അഞ്ചാം നിലയിൽ നിന്ന് വീണ പിഞ്ചുകുഞ്ഞിനെ രണ്ടാം നിലയിലെ മഴമറയിൽ നിന്ന് രക്ഷപ്പെടുത്തി. വഴിയാത്രക്കാർ ഒരു ട്രക്ക് ഉപയോഗിച്ച് രണ്ടാം നിലയിലെ മഴമറയിലേക്ക് കയറി കുട്ടിയെ രക്ഷിക്കുകയായിരുന്നു.