ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ബിസിസിഐ ഗൗതംഗംഭീറിനെ നിയോഗിച്ചെങ്കിലും അദ്ദേഹം മുമ്പോട്ട് വെച്ച സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെയൊന്നും ബിസിസിഐ കണ്ണടച്ചു നിയോഗിക്കാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ ബൗളിംഗ് പരിശീലകനായി കെകെആറിന്റെ ബൗളിംഗ് കോച്ച് മോര്‍നേ മോര്‍ക്കലിനെ നിയോഗിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പേസര്‍ ഇന്ത്യയുടെ കോച്ചിംഗ് സ്റ്റാഫില്‍ ചേരുമെന്നും ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ അദ്ദേഹം തന്റെ കളി തുടങ്ങാന്‍ സാധ്യതയുണ്ടെന്നുമാണ് ഏറ്റവും പുതിയ വിവരം. ഗംഭീര്‍ മുമ്പോട്ടുവെച്ച പുതിയ പരിശീലകരുടെ നിയമനം ബിസിസിഐ സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ താത്കാലിക കോച്ചിംഗ് സ്റ്റാഫുമായിട്ടാണ് ഇന്ത്യ ശ്രീലങ്കയിലേക്ക് പോയത്. പരമ്പരയ്ക്ക് ശേഷം പുതിയ പരിശീലകരെ ബിസിസിഐ സ്ഥിരീകരിക്കുമെന്നാണ് ചുമതലയേറ്റ ഗൗതം ഗംഭീര്‍ വെളിപ്പെടുത്തിയത്.
അഭിഷേക് നായരും റയാന്‍ ടെന്‍ ഡോസ്ചേറ്റും എസ്എല്‍ പര്യടനത്തില്‍ അസിസ്റ്റന്റ് കോച്ചുമായി പ്രവര്‍ത്തിക്കുമ്പോള്‍ സായിരാജ് ബഹ്തൂലെ ആണ് നിലവില്‍ ഇന്ത്യയുടെ ബൗളിംഗ് പരിശീലകന്‍. അതേസമയം അഭിഷേക്‌നായരും ടെന്‍ ഡോസ്ചേറ്റും തങ്ങളുടെ സ്ഥാനങ്ങള്‍ നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. ഇവര്‍ 2027 ഏകദിന ലോകകപ്പ് വരെ ഗംഭീറിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ ഫീല്‍ഡിംഗ് കോച്ചായി പ്രവര്‍ത്തിച്ച ടി ദിലീപും സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത.
ദക്ഷിണാഫ്രിക്കയ്ക്കായി 86 ടെസ്റ്റുകളും 117 ഏകദിനങ്ങളും 44 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള മോര്‍ണെ മോര്‍ക്കല്‍ ടെസ്റ്റില്‍ 309 വിക്കറ്റും ഏകദിനത്തില്‍ 188 വിക്കറ്റും ടി20യില്‍ 47 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. വിരമിച്ചതിന് ശേഷം പരിശീലകനായി. ഇന്ത്യന്‍ടീം സഹീര്‍ ഖാന്‍, എല്‍പി ബാലാജി, ആര്‍ വിനയ് കുമാര്‍ എന്നിവരുടെ പേരുകള്‍ അടുത്തിടെ പ്രചരിക്കുന്നുണ്ടെങ്കിലും മോര്‍ക്കല്‍ നിയോഗിക്കപ്പെട്ടേക്കാനാണ് സാധ്യത.
ശ്രീലങ്കന്‍ പരമ്പരയ്ക്ക് ശേഷം ടീം ഇന്ത്യയ്ക്ക് അപൂര്‍വമായ ഒരു മാസത്തെ ഇടവേളയുണ്ട്. അതിന് ശേഷം കളിക്കാര്‍ ബംഗ്ലാദേശിനെതിരെ തിരിച്ചെത്തും. ബംഗ്ലാദേശ് പരമ്പരയ്ക്ക് ശേഷം ഇന്ത്യ ന്യൂസിലന്‍ഡിന് ആതിഥേയത്വം വഹിക്കും. ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷം, നാല് ടി20 മത്സരങ്ങള്‍ക്കായി ഒരു രണ്ടാം നിര ടീം ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും. ടെസ്റ്റ് കളിക്കാര്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായി ഓസ്ട്രേലിയയില്‍ ഇറങ്ങും. പരമ്പരയില്‍ ഇത്തവണ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ ഉള്‍പ്പെടുന്നു.