Lifestyle

ബി.ജെ.പി നേതാവിനെ ബോംബെ ഹൈക്കോടതി ജഡ്‌ജിയാക്കാന്‍ ശിപാര്‍ശ; വന്‍ രാഷ്ട്രീയ കോളിളക്കം

ബി.ജെ.പി നേതാവിനെ ബോംബെ ഹൈക്കോടതി ജഡ്‌ജിയായി നിയമിച്ചതിനു പിന്നാലെ മഹാരാഷ്ട്രയിൽ വന്‍ രാഷ്ട്രീയ കോളിളക്കം. മഹാരാഷ്ട്രയിലെ ബി.ജെ.പി മുൻ വക്താവ് ആരതി സാഥെയെയാണ് ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചത്. ആരതി സാഥെക്ക് പുറമേ അജിത് ഭഗ്വന്ത് റാവു കഡേഹങ്കർ, സുശീൽ മനോഹർ ഘോഡേശ്വർ എന്നിവരെയും ബോംബെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ സുപ്രിം കോടതി കൊളീജിയം ജൂലൈ 28ന് ചേർന്ന യോഗമാണ് അംഗീകാരം നൽകിയത്.

ജുഡീഷ്യറിയുടെ നിഷ്പക്ഷതയെ സാരമായി ബാധിക്കുന്നതാണ് ഈ നീക്കമെന്ന് എൻ.സി.പി നേതാവ് രോഹിത് പവാർ പറഞ്ഞു. “ഒരു ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിതനായ ഒരാൾക്ക് രാഷ്ട്രീയ പശ്ചാത്തലമുണ്ടെങ്കിൽ, ഭരണകക്ഷിയിൽ ഒരു സ്ഥാനം വഹിച്ചിട്ടുണ്ടെങ്കിൽ, നീതി നടപ്പാക്കുന്ന പ്രക്രിയ രാഷ്ട്രീയ പക്ഷപാതത്താൽ കളങ്കപ്പെടില്ലെന്ന് ആർക്കാണ് ഉറപ്പ് നൽകാൻ കഴിയുക?’’ ഭരണകക്ഷിക്ക് വേണ്ടി പരസ്യമായി സംസാരിക്കുന്ന ഒരാളെ ജഡിയായി നിയമിക്കുന്നത് ജനാധിപത്യത്തിന് നേരിട്ടുള്ള പ്രഹരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023 നും 2024 നും ഇടയിൽ സത്തേ ബിജെപി വക്താവായി സേവനമനുഷ്ഠിച്ചുവെന്ന് പവാർ ആരോപിക്കുന്നു.

ഇതിന് മറുപടിയായി, ബിജെപി മഹാരാഷ്ട്ര മാധ്യമ മേധാവി നവ്‌നാഥ് ബാൻ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞു. എക്‌സിൽ പവാറിന് നൽകിയ മറുപടിയിൽ അദ്ദേഹം എഴുതി: “തെറ്റായ ആരോപണങ്ങൾ ഉന്നയിക്കരുത്. 2024 ജനുവരി 6 ന് ആരതി സാഥെ ബിജെപി വക്താവ് സ്ഥാനത്ത് നിന്ന് രാജിവച്ചു. രാജിക്കത്ത് അന്നത്തെ സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖർ ബവൻകുലെയ്ക്കും മുംബൈ ബിജെപി പ്രസിഡന്റ് ആശിഷ് ഷെലാറിനും സമർപ്പിച്ചു.”

ബിജെപി മുംബൈ വക്താവ്, ബിജെപി മുംബൈ ലീഗൽ സെൽ മേധാവി, പാർട്ടിയുടെ പ്രാഥമിക അംഗത്വം എന്നീ പദവികളിൽ നിന്ന് രാജിവച്ച സാഥെയുടെ രാജി കത്തിന്റെ പകർപ്പും ബാൻ പോസ്റ്റ് ചെയ്തു.

ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം, മറ്റ് മുതിർന്ന ജഡ്ജിമാർ ഉൾപ്പെടുന്നതാണ്. ജുഡീഷ്യൽ നിയമനങ്ങൾക്കായി സാധ്യതയുള്ള സ്ഥാനാർത്ഥികളുമായി അഭിമുഖം നടത്തുകയും കേന്ദ്ര സർക്കാരിന് ശുപാർശകൾ അയയ്ക്കുകയും ചെയ്യുന്നു. ജൂലൈ 28 ന്, കൊളീജിയം സാഥെയുടെ പേരുൾപ്പെടെ മൂന്ന് പേരുകൾ സ്ഥാനക്കയറ്റത്തിനായി ശുപാർശ ചെയ്തു. എന്നാല്‍ കേന്ദ്ര സർക്കാർ ഇതുവരെ ശുപാർശകളിൽ നടപടിയെടുത്തിട്ടില്ല.

ആരതി സാത്തേ നിയമ വിദഗ്ധരുടെ കുടുംബത്തിൽ നിന്നുള്ളയാളാണ്. അവരുടെ പിതാവ് മുതിർന്ന അഭിഭാഷകനായ അരുൺ സാത്തേയും രാഷ്ട്രീയത്തിൽ സജീവമായിരുന്നു .