ശരിയായി ജീവിക്കുക എന്നതും ഒരു കലയാണ്. അതിനാവശ്യം ആരോഗ്യമുള്ള മനസ്സാണ്. കുട്ടികള്‍ക്ക് ജീവിതമൂല്യങ്ങളെ കുറിച്ച് വ്യക്‌തമായ ധാരണ പകരുന്നതിലൂടെ സാമൂഹിക മൂല്യങ്ങള്‍ക്ക് അനുരൂപരായി മാറാനുള്ള വഴിതുറന്നു കൊടുക്കാന്‍ മാതാപിതാക്കള്‍ക്കാവും. നന്നായി ജീവിക്കാന്‍ അനുക്രമമായ പരിശീലനം കുട്ടികള്‍ക്കു നല്‍കാന്‍ അച്‌ഛനും അമ്മയും പ്രത്യേകം ശ്രദ്ധിക്കുന്നതു ഫലം ചെയ്യും. തിരക്കും പിരിമുറുക്കവും മൂലം നട്ടം തിരിയുന്നവരായിരിക്കും ഇന്നത്തെ മാതാപിതാക്കള്‍. എങ്കിലും അതിനായി അല്‍പ്പം സമയം കണ്ടെത്തണം. കുട്ടികള്‍ നല്ലവരായി വളരുന്നതിനും കുടുംബം സുഖമായിരിക്കുന്നതിനുമൊക്കെയല്ലേ നിങ്ങള്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്നതും മറ്റും. അല്ലാത്തപക്ഷം നിങ്ങളുടെ തിരക്കുകള്‍ക്ക് രക്‌തസാക്ഷിയാവും പോലൊരു വിധിയായിരിക്കും കുട്ടികള്‍ക്കുണ്ടാവുക. കുട്ടികളെ ശുഭാപ്‌തിവിശ്വാസവും അനുകമ്പയും ആത്മവിശ്വാസവും കരുത്തും ലക്ഷ്യവുംകഴിവുമുള്ളവരാക്കിത്തന്നെ വളര്‍ത്തിയെടുക്കാനല്ലേ എല്ലാവരും ആഗ്രഹിക്കുന്നത്.
അച്‌ഛനും അമ്മയും ആദ്യ പാഠശാലകള്‍
സമൂഹത്തില്‍ നല്ലവ്യക്‌തിയായി ജീവിക്കാന്‍ അത്യാവശ്യമായിവേണ്ടത് ധര്‍മ്മബോധമാണ്. കുട്ടികളെ സംബന്ധിച്ചിടത്തോളം ശരിതെറ്റുകളെ കുറിച്ച് അടിസ്‌ഥാനബോധം രൂപപ്പെടുന്ന സമയമാണ് ഈ പ്രായം. മിക്കവാറും എല്ലാകാര്യങ്ങളിലും മാതാപിതാക്കളെയായിരിക്കും കുട്ടികള്‍ മാതൃകയാക്കുക. അതിനാല്‍ അവരുടെ പെരുമാറ്റങ്ങളും സ്വഭാവവും പോലും അനുകരിക്കാന്‍ കുട്ടികള്‍ ശ്രമിക്കും. അതിനാല്‍ മാതൃകാപരമായ പെരുമാറ്റമേ അവരുടെ മുന്നില്‍ പാടുള്ളൂ.
ചില മാതാപിതാക്കള്‍ കുട്ടികള്‍ അടുത്തു നില്‍ക്കുന്നു എന്ന കാര്യം പരിഗണിക്കാതെ പരസ്‌പരം വഴക്കടിക്കുകയും മറ്റും ചെയ്യാറുണ്ട്. ഇതു കണ്ടു നില്‍ക്കുന്ന കുട്ടി ദേഷ്യം വന്നാല്‍ എങ്ങനെയൊക്കെ പെരുമാറണം എന്നു പഠിക്കുക കൂടിയാണെന്നു മറക്കരുത്. നിങ്ങളിലാരെങ്കിലും ദേഷ്യപ്പെട്ട് എന്തെങ്കിലും വലിച്ചെറിഞ്ഞുവെന്നിരിക്കട്ടെ. ഇതു കണ്ടു നില്‍ക്കുന്ന കുട്ടി വേറൊരവസരത്തില്‍ ദേഷ്യം വരുമ്പോള്‍ പ്രകടിപ്പിക്കുന്നതും ഒരു പക്ഷേ എന്തെങ്കിലും വലിച്ചെറിഞ്ഞു കൊണ്ടായിരിക്കും. കാരണം കുട്ടികള്‍ക്ക് വിവേചന ശക്‌തി കുറവായിരിക്കും. അനുകരണസ്വഭാവമായിരിക്കും അവരില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നതും.
നല്ലകാഴ്‌ചകള്‍, പെരുമാറ്റങ്ങള്‍
കുട്ടികളുടെ മുന്നില്‍ മോശം വാക്കുകള്‍ പറയുക, അവരോടോ മറ്റുള്ളവരോടോ മര്യാദയില്ലാതെ പെരുമാറുക, കള്ളത്തരങ്ങള്‍ പറയുക ഇതൊന്നും പാടില്ല. കുട്ടിയുടെ മുന്നില്‍ രക്ഷിതാക്കള്‍ കള്ളം പറഞ്ഞാല്‍ കുട്ടിക്ക് കള്ളം പറയാന്‍ മടിയില്ലാതെയാകും. മറ്റുള്ളവരെ പരിഹസിക്കുന്നതും നിന്ദിക്കുന്നതും അതില്‍ രക്ഷിതാക്കള്‍ രസിക്കുന്നതുമെല്ലാം കണ്ടു വളരുന്നകുട്ടി ആ സ്വഭാവങ്ങള്‍ തന്നെ വളര്‍ത്തിയെടുക്കും. മുതിര്‍ന്ന ചിലയാള്‍ക്കാരുടെ മുഖം എപ്പോഴും കടന്നല്‍ കുത്തിയതു പോലെയിരിക്കുന്നതു കണ്ടിട്ടില്ലേ. വളരുന്ന പ്രായത്തില്‍ വീട്ടില്‍ ചിരി കാണാതെ വളര്‍ന്നതിന്റെ ഫലമാകാം അത്.
കുട്ടികള്‍ക്ക് മൂല്യബോധവും പെരുമാറ്റ രീതികളും ഔപചാരികമായി പകരേണ്ട കാര്യങ്ങളല്ല. സ്വാഭാവികമായി ഉള്‍കൊള്ളുകയാണ് അവര്‍ ചെയ്യുന്നത്. ചുരുക്കി പറഞ്ഞാല്‍ കുട്ടികള്‍ കണ്ടു പഠിക്കുകയാണ് ചെയ്യുന്നത്. അവരുടെ സാന്നിദ്ധ്യത്തിലുള്ള സ്വാഭാവികമായ പെരുമാറ്റത്തില്‍ പോലും മാന്യതയും മര്യാദയും വച്ചു പുലര്‍ത്താന്‍ ശ്രമിക്കണം.
എങ്ങനെ വിനയത്തോടെ പെരുമാറണം സംസ്‌ക്കാരത്തോടെ സംസാരിക്കണം, അന്യരോട് ഇടപഴകണം ,സ്‌നേഹിക്കണം, കൂട്ടുകൂടണം ,എടുക്കുകയും കൊടുക്കുകയും പങ്കുവയ്‌ക്കുകയും ത്യജിക്കുകയും വേണം എന്നൊക്കെ ജീവിച്ചാണ് പരിശീലിക്കേണ്ടത്. സ്‌നേഹിച്ചാലല്ലേ സ്‌നേഹത്തിന്റെ ആനന്ദമറിയൂ. അല്ലാതെ സ്‌നേഹിക്കണമെന്ന ഉപദേശം കേട്ടാല്‍ സ്‌നേഹിക്കാന്‍ പഠിക്കില്ലല്ലോ. വീട്ടിലെ നല്ലപെരുമാറ്റങ്ങളിലൂടെ കുട്ടി പഞ്ചശീലങ്ങളെ കണ്ടുപഠിക്കുന്നു.
വീട്ടിലെ ചിട്ടകള്‍ കണ്ട് കുട്ടി ചിട്ട പഠിക്കും. വീട്ടിലെ വൃത്തി കണ്ട് വൃത്തിയുള്ള വ്യക്‌തിയാകും. ഒട്ടും മടികൂടാതെ ആനന്ദത്തോടെ അമ്മയും അച്‌ഛനും ജോലികള്‍ ചെയ്യുന്നതു കാണുന്ന കുട്ടിക്ക് ജോലി ചെയ്യാന്‍ ഇഷ്‌ടമുണ്ടാകും.
ഈശ്വരവിശ്വാസത്തിലേക്ക് കൈപിടിക്കാം
എല്ലാമതങ്ങളുടേയും അടിസ്‌ഥാനം സര്‍വ്വശക്‌തനായ ദൈവമാണ്. മതബോധങ്ങളിലേക്ക് കുട്ടി വീട്ടിലെ പ്രാര്‍ത്ഥനയിലൂടെയും മറ്റ് ആചാരവിശേഷങ്ങളിലൂടെയും വീണുപോകും എങ്കിലും സങ്കുചിതമായ വിശ്വാസങ്ങളിലേക്ക് വീണു പോകാതിരിക്കാന്‍ മാതാപിതാക്കള്‍ക്ക് സഹായിക്കാം. മറ്റുജാതിമതവിഭാഗങ്ങളെ താഴ്‌ത്തിയോ വിമര്‍ശിച്ചോ കൊണ്ടുള്ള സംസാരം വീട്ടിലുണ്ടാവാതെ നോക്കണം. എല്ലാമതങ്ങളും മനുഷ്യനെ നന്മയിലേക്ക് നയിക്കാനുള്ളതാണെന്ന ബോധവും സഹിഷ്‌ണുതയും അവര്‍ക്കുണ്ടാകുന്ന രീതിയിലാവണം കുടുംബാംഗങ്ങളുടെ സമീപനം.
സര്‍വ്വശക്‌തനായ ഈശ്വരന്‍ എല്ലാം അറിയുകയും കാണുകയും ചെയ്യുന്നു, നിയന്ത്രിക്കുന്നു എന്നു കുട്ടി മനസ്സിലാക്കുമ്പോള്‍, ആ ദൈവം എന്നെയും രക്ഷിച്ചു കൊള്ളുമെന്നു കുട്ടി വിശ്വസിക്കുമ്പോള്‍ കുട്ടിക്ക് അതിശക്‌തമായ, അസാധാരണമായ സുരക്ഷാബോധം ലഭിക്കുന്നു. ആ ഈശ്വരന്‍ എല്ലാം മനസ്സിലാക്കുന്ന ശക്‌തിയായതിനാല്‍ , ആ ശക്‌തിയെ ഒളിച്ച് ഒന്നും ചെയ്യാന്‍ പറ്റാത്തതിനാല്‍, നല്ലകുട്ടിയായി ജീവിക്കേണ്ടതുണ്ട് എന്ന ബോധവും കുട്ടിയിലുണ്ടാക്കാം. തെറ്റുകളില്‍ നിന്നും പാപഭയത്തോടെയുള്ള പിന്‍തിരിയലിനും ഇതു കുട്ടിയെ സഹായിക്കും.
ദൈവബോധം നല്ലവഴിയേ നടക്കാനുള്ള പ്രചോദനമാകുന്ന രീതിയിലേ കുട്ടികളെ സ്വാധീനിക്കാവൂ. അതിലളിതമായ രീതിയിലുള്ള മതബോധവും അതു വഴിയുള്ള സന്മാര്‍ഗബോധവും നല്ലജീവിതം നയിക്കാനുള്ള പ്രേരണയായി നിലകൊള്ളും.
മുതിരുമ്പോള്‍, കുട്ടി കൂടുതല്‍ ആഴത്തില്‍ മതത്തേയും ദര്‍ശനത്തേയും ചരിത്രത്തേയും ശാസ്‌ത്രത്തേയുമെല്ലാം മനസ്സിലാക്കി കഴിയുമ്പോള്‍, തനിക്കു ലഭിച്ച സര്‍വ്വവിജ്‌ഞാനങ്ങളേയും സമന്വയിപ്പിച്ച് കൂടുതല്‍ ഉദാത്തമായ മൂല്യബോധം സ്വയം വാര്‍ത്തെടുത്തുകൊള്ളും. മഹത്തായ ചിന്തകള്‍ നല്‍കുന്ന മഹത്തായ മൂല്യബോധമുള്ള ഒരു മഹത്‌വ്യക്‌തിയായി നിങ്ങളുടെ കുട്ടി മാറിയേക്കാം.