ഒരു ആൺകുഞ്ഞ് വേണമെന്ന ഭര്‍തൃവീട്ടുകാരുടെ ആഗ്രഹം സാധിക്കാന്‍ ഗര്‍ഭത്തിലുള്ളത് പെണ്‍കുട്ടിയാണെന്നറിഞ്ഞ് ഒരു സ്ത്രീയുടെ ഗര്‍ഭം രണ്ട് തവണ ഗർഭം അലസിപ്പിച്ചു. അതുകൊണ്ടും അവസാനിപ്പിക്കാതെ ആണ്‍കുഞ്ഞുണ്ടാവാനായി ഭർതൃപിതാവുമായും ഭർതൃസഹോദരനുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം.
മെഹക് ഖാൻ 2021-ലാണ് ഷാ ഫഹീദിനെ വിവാഹം കഴിച്ചത്. മാസങ്ങൾക്കുള്ളിൽ, ഭർത്താവും വീട്ടുകാരും സ്ത്രീധനമായി ലക്ഷക്കണക്കിന് രൂപയും കാറും ചോദിച്ചു തുടങ്ങി. ഇത് നൽകാൻ വിസമ്മതിച്ചപ്പോൾ, അവർ ദിവസേനയുള്ള മർദ്ദനത്തിന് ഇരയായ. നട്ടെല്ലിന് ഗുരുതരമായ പരിക്കുണ്ടായി. മെഹക് ഒരു മകൾക്ക് ജന്മം നൽകിയതോടെ ഭർത്താവിന്റെ കുടുംബത്തിൽ നിന്നുള്ള പീഡനം വർദ്ധിച്ചു. അവർ വീണ്ടും ഗർഭിണിയായപ്പോൾ, ഗർഭസ്ഥശിശുവിന്റെ ലിംഗം നിർണ്ണയിക്കാൻ അൾട്രാസൗണ്ട് പരിശോധന നടത്തി. രണ്ട് തവണയും, പെൺകുട്ടികളാണെന്ന് സ്കാനിൽ തെളിഞ്ഞതിനെത്തുടർന്ന് ഗർഭം അലസിപ്പിച്ചു.
ഒരു മകനുണ്ടാകാൻ വേണ്ടി ഭർതൃപിതാവിനൊപ്പമോ ഭർതൃസഹോദരനൊപ്പമോ കിടക്ക പങ്കിടാന്‍ മെഹകിനെ ഭർതൃമാതാവും ഭർതൃസഹോദരിയും ചേർന്ന് നിർബന്ധിച്ചു. തന്റെ ഭർതൃപിതാവും ഭർതൃസഹോദരനും നിരവധി തവണ തന്നെ ലൈംഗികമായി ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു എന്നും ഇരയായ യുവതി ആരോപിച്ചു. ഭർത്താവിനോട് പരാതിപ്പെട്ടെങ്കിലും എല്ലാം വെറുതെയായി.
മെഹകിനെയും മകളെയും ദിവസങ്ങൾക്ക് മുമ്പ് വീട്ടുകാർ ക്രൂരമായി മർദ്ദിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു എന്നും അവർ അവകാശപ്പെട്ടു. കൂടുതൽ സ്ത്രീധനം നൽകുന്നതുവരെ വീട്ടിലേക്ക് തിരിച്ചുവരരുതെന്ന് ഭർതൃവീട്ടുകാർ അവരോട് പറഞ്ഞു. മെഹകിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, ഭർത്താവ്, ഭർതൃമാതാവ്, ഭർതൃസഹോദരിമാർ, ഭർതൃസഹോദരൻ എന്നിവരുൾപ്പെടെ ഏഴ് പേർക്കെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
നിയമപ്രകാരമുള്ള മുന്നറിയിപ്പ്- ഇന്ത്യയില്‍ ഗർഭസ്ഥശിശുവിന്റെ ലിംഗം നിർണ്ണയിക്കുവാന്‍ പരിശോധന നടത്തുന്നത് കുറ്റകരമാണ്.




