ഫ്ലോറിഡയിൽ വളർത്തുനായയെ ആക്രമിച്ച ചീങ്കണ്ണിക്ക് പിന്നാലെ ചാടി ഉടമയായ സ്ത്രീ. സായാഹ്നത്തിൽ തടാകക്കരയിലൂടെ നായയുമായി നടക്കുന്നതിനിടയിലായിരുന്നു ആക്രമണം. തുടർന്ന് ചീങ്കണ്ണിയിൽ നിന്ന് നായയെ രക്ഷിക്കാൻ തന്റെ ജീവൻ തന്നെ സ്ത്രീ പണയംവെക്കുകയായിരുന്നു. ടമ്പ നിവാസിയും എലിമെന്ററി സ്കൂൾ അധ്യാപികയുമായ കിംബർലി സ്പെൻസർ വെസ്റ്റ്‌വുഡ് ലേക്‌സ് പരിസരത്തുള്ള ഒരു കുളത്തിന് സമീപം കോന എന്ന തന്റെ നായയുമായി നടക്കുമ്പോൾ, ആറര അടി നീളമുള്ള ചീങ്കണ്ണി പെട്ടെന്ന് വെള്ളത്തിൽ നിന്ന് അവരുടെ നേരെ കുതിക്കുകയായിരുന്നെന്ന് ഫോക്സ് 13 റിപ്പോർട്ട് ചെയ്യുന്നു.
“ഞാൻ ചീങ്കണ്ണികളേയും പാമ്പുകളേയും ഭയപ്പെടുന്നു, ഞാൻ പ്രകൃതിയുമായി അധികം സമ്പർക്കം ഉള്ള പെൺകുട്ടിയല്ല,” കിംബർലി പറഞ്ഞു. എന്നാൽ ചൊവ്വാഴ്ച, തന്റെ നായയുടെ ജീവൻ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞതോടെ ഭയം മാറ്റിവെച്ച് ഞാൻ ഇറങ്ങി. തടാകക്കരയിലൂടെ നടക്കുമ്പോൾ ആദ്യം ഭയപ്പെടേണ്ടതായിട്ടൊന്നും ഞാൻ കണ്ടില്ല. എന്നാൽ പെട്ടെന്ന് ഞാൻ ഒരു ശബ്ദം കേട്ടു, നോക്കിയപ്പോൾ പത്തടി നീളം, ഉള്ള ഒരു ചീങ്കണ്ണി. ഞാൻ അതിന്റെ കണ്ണുകൾ കണ്ടു, അത് തിരിയുന്നതും മറിയുന്നതും ഞാൻ കണ്ടു” കിംബർലി പറഞ്ഞു.
“തൊട്ടടുത്ത നിമിഷം ചീങ്കണ്ണി ഞങ്ങൾക്ക് നേരെ ഇരച്ചുവരുകയായിരുന്നു. ഈ സമയം കോനയെ മാറ്റിനിർത്താൻ ശ്രമിച്ചെങ്കിലും, ചീങ്കണ്ണി പാഞ്ഞെത്തി നായയുടെ കഴുത്തിൽ പിടുത്തമിടുകയിരുന്നു. അത് നായയുടെ തലയിലും ശരീരത്തിൻ്റെ മുകൾ ഭാഗത്തും കടിച്ചുപിടിച്ചു. അതിന്റെ വായ തുറന്നിരുന്നു… അത് കോനോയെ മുറുകെ പിടിച്ചു, ഈ സമയം ഞാൻ മറ്റൊന്നും ചിന്തിക്കാതെ അതിന്റെ പുറത്തേക്ക് ചാടി അതിന്റെ താടിയെല്ലുകൾ തുറന്നു,” അവൾ പറഞ്ഞു. “തുടർന്ന് ഞാൻ അതിന്റെ വായിൽ നിന്ന് കോനോയെ പുറത്തെടുത്ത ശേഷം അതിന്റെ വായ അടക്കുകയായിരുന്നു” കിംബർലി പറഞ്ഞു.
കിംബർലിയുടെ അസാമാന്യ ധൈര്യവും പെട്ടെന്നുള്ള ചിന്തയും കോനയെ മുതലയുടെ പിടിയിൽ നിന്ന് രക്ഷപ്പെടുത്തി. “എന്റെ കുഞ്ഞിനെ തൊടാൻ ഞാൻ അനുവദിച്ചില്ല, അതാണ്,” കിംബർലി പറഞ്ഞു. “എന്റെ കണ്മുന്നിൽ വെച്ച് അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ അവളില്ലാതെ ജീവിക്കാൻ എനിക്ക് കഴിയില്ല” കിംബർലി വ്യക്തമാക്കി.
അപകടത്തിനു പിന്നാലെ കിംബർലിക്കും കോനോയ്ക്കും ചെറിയ പരിക്കുകൾ സംഭവിച്ചിരുന്നു. ഏതായാലും ഇരുവരും ആശുപത്രിയിൽ ചികിത്സ തേടുകയും നിലവിൽ സുഖം പ്രാപിച്ചുവരുന്നതായും കിംബർലി വ്യക്തമാക്കി.