ലോകഫുട്‌ബോളില്‍ അനേകം സൂപ്പര്‍താരങ്ങളെ സൃഷ്ടിക്കുകകയും ഏറ്റവും കൂടുത ല്‍ തവണ ലോകകപ്പ് ജേതാക്കളാകുകയും ചെയ്തവരുടെ ടീമാണ്. പക്ഷേ ലിയോണേല്‍ മെസ്സി കളിക്കാന്‍ തുടങ്ങിയിട്ട് ഇതുവരെ അര്‍ജന്റീനയിലെ മണ്ണില്‍ അവരോട് ഒരു കളി പോലും ജയിച്ചിട്ടില്ല. എന്നു മാത്രമല്ല അവിടെ ഒരു ഗോള്‍ പോലും നേടാനായിട്ടില്ല. പറഞ്ഞുവരുന്നത് ലോകഫുട്‌ബോളിലെ മഞ്ഞക്കിളികള്‍ ബ്രസീലിനെ കുറിച്ചാണ്.
അഞ്ച് തവണ ഫിഫ ലോകകപ്പ് നേടിയ ചരിത്രമുള്ള ബ്രസീല്‍, ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയില്‍ 16 വര്‍ഷമായി വിജയിച്ചിട്ടില്ല. ദക്ഷിണ അമേരിക്കയില്‍ ഒന്നാം സ്ഥാനത്തുള്ള അര്‍ജന്റീന ഇതിനകം യോഗ്യത നേടുകയും ചെയ്തു. ഇന്ന് നടന്ന മത്സരത്തില്‍ ബ്രസീലിനെ 4-1 ന് തകര്‍ത്തു വിടുകയും ചെയ്തു. ഇതാദ്യമായിട്ടാണ് ഒന്നര ദശകത്തിനിടയില്‍ ബ്രസീല്‍ അര്‍ജന്റീനയില്‍ ഗോള്‍ നേടിയത്. കളിയുടെ 26 ാം മിനിറ്റില്‍ മാത്യൂസ് ക്യുണയായിരുന്നു ബ്രസീലിനായി സ്‌കോര്‍ ചെയ്തത്. ഈ സമയത്ത് അര്‍ജന്റീന രണ്ടുഗോളിന് മുന്നിലായിരുന്നു.
പോരാട്ടം തുടങ്ങുന്നതിന് മുമ്പ് തന്നെ ഒരു സമനില നേടിയാല്‍ പോലും അര്‍ജന്റീന ലോകകപ്പ് 2026 ന് യോഗ്യത നേടുമായിരുന്നു. ഇരുടീമുകളും ഇതുവരെ 115 കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ ബ്രസീല്‍ 46 വിജയം നേടിയപ്പോള്‍ അര്‍ജന്റീന 43 കളികളില്‍ ജയം നേടിയിട്ടുണ്ട്. 26 മത്സരങ്ങള്‍ സമനിലയിലായിരുന്നു. ലയണേല്‍ മെസ്സിയുടെ ടീം ഉണ്ടായ ശേഷം ബ്രസീല്‍ അര്‍ജന്റീനയില്‍ പോയി ജയം നേടിയിട്ടില്ല.
പരിക്കേറ്റ താരങ്ങളായ ലയണല്‍ മെസ്സിയും നെയ്മറും കൂടാതെ സസ്പെന്‍ഷനോ പരിക്കോ കാരണം മറ്റ് നിരവധി കളിക്കാരും ഇല്ലാതെ ചൊവ്വാഴ്ച രാത്രി മൊനുമെന്റല്‍ ഡി ന്യൂനെസ് സ്റ്റേഡിയത്തിലായിരുന്നു ടീമുകള്‍ ഏറ്റുമുട്ടിയത്. 2023 ല്‍ റിയോ ഡി ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തിലായിരുന്നു ഇതിന് മുമ്പ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. അന്ന് അര്‍ജന്റീന 1-0 ന് ജയം നേടിയിരുന്നു.