അമേരിക്കയിലെ ഫിറ്റ്‌നസ് റാണി കാറ്റി ഡോണലിന്റെ മരണകാരണം എനര്‍ജി ഡ്രിങ്കുകളാണെന്ന് ആരോപിച്ച് മാതാവ് രംഗത്ത്. ഹൃദയാഘാതത്തിനെ തുടര്‍ന്ന് 28ാം വയസ്സിലാണ് കാറ്റി മരിച്ചത്.ഇവര്‍ ദിവസവും മൂന്ന് എനര്‍ജി ഡ്രിങ്കുകളെങ്കിലും കുടിക്കുമായിരുന്നുവെന്നും ജിമ്മില്‍ പോകുന്നതിന് മുമ്പ് കഫീന്‍ സപ്ലിമെന്റ് കഴിക്കുകയും ചെയ്തതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2021ലാണ് കാറ്റി കുഴഞ്ഞ് വീണത്. പക്ഷാഘാതം സംഭവിച്ചതാണെന്നാണ് ആദ്യം കരുതിയത് . വേഗം ആശുപത്രിയിലെത്തിച്ചു. ഓക്‌സിജന്‍ ലഭ്യത കുറവ് തലച്ചോറിനെ ബാധിച്ച് കോമയിലേക്ക് പോവുകയായിരുന്നു.10 ദിവസത്തിന് ശേഷം നില വഷളായി. ഒടുവില്‍ യുവതിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ പിന്തുണ പിന്‍വലിക്കാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.
കാറ്റിയുടെ അമ്മ പറയുന്നത് അവര്‍ ഒരു ഫിറ്റ്‌നസ് ക്യൂനായിരുന്നുവെന്നാണ്. എനര്‍ജി ഡ്രിങ്ക്‌സ് ഒഴിച്ചാല്‍ കൃത്യമായ വ്യായാമവും ഡയറ്റുമാണ് അവര്‍ പിന്തുടര്‍ന്നത്. എന്നാല്‍ ഉത്കണ്ഠയെ തുടര്‍ന്ന് കാറ്റി ഡോക്ടറിനെ സമീപിച്ചിരുന്നു. അത് എനര്‍ജി ഡ്രിങ്ക്സിന്റെയും കഫീനുകളുടെയും ദുരുപയോഗമാണെന്നാണ് കരുതുന്നതെന്നും അമ്മ പറഞ്ഞു. എനര്‍ജി ഡ്രിങ്കുകള്‍ ഉപയോഗിക്കുന്നവരില്‍ ഇത് കാണാറുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ഇതാണ് മരണകാരണമെന്ന് പറഞ്ഞിട്ടില്ല.
പ്രതിദിനം എത്ര അളവ് കഫീന്‍ ഉപയോഗിക്കാം എന്നത് ഒരു വ്യക്തിയുടെ ആരോഗ്യം, സംവേദന ക്ഷമത തുടങ്ങിയവയെ അടിസ്ഥാനമാക്കി വ്യത്യസ്തമായിരിക്കും. ആരോഗ്യവാനായ മുതിര്‍ന്ന ആള്‍ക്ക് ദിവസം 400 മില്ലിഗ്രാം കഫീന്‍ ഉപയോഗിക്കാം. എന്നാല്‍ പല എനര്‍ജി ഡ്രിങ്കുകളിലും 100- 300 മില്ലിഗ്രാം വരെ കഫീന്‍ അടങ്ങിയിരിക്കുന്നു.
പലരും ചുറുചുറുക്കോടെ ഇരിക്കാനും ഉന്മേഷത്തിനും മാനസികാവസ്ഥ ഉയര്‍ത്താനുമാണ് കഫീന്‍ കഴിക്കുന്നത്. പാര്‍ക്കിങ്‌സണ്‍സ്, അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങളുടെ സാധ്യതയും കഫീന്റെ ഉപയോഗം കുറച്ചേയ്ക്കാം എന്ന് പഠനങ്ങളുണ്ട്. പരിധി കവിഞ്ഞ ഉപയോഗം ഉത്കണ്ഠ, ദഹന പ്രശ്‌നങ്ങള്‍ പോലുള്ളവയ്ക്ക് കാരണമാകുന്നു. അത് അമിതമായ ആസക്തിയിലേക്ക് നയിക്കുകയും ചെയ്യും.അസ്വസ്ഥത ഹൃദയമിടിപ്പില്‍ വ്യത്യാസം എന്നിവ അനുഭവപ്പെട്ടാല്‍ കഫീന്‍ ഉപയോഗം നിയന്ത്രിക്കുന്നതാണ് നല്ലത്.